നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിന് ഹൈകോടതി ജാമ്യം അനുവദിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 29ന് വിപിൻലാൽ വിചാരണക്കോടതിയിൽ ഹാജരാകണമെന്നും ഹൈകോടതി ഉത്തരവിട്ടു.

കേസിലെ പത്താംപ്രതിയായിരുന്ന വിപിൻലാലിനെ മാപ്പുസാക്ഷിയായതിന് പിന്നാലെ വിയൂർ ജയിലിൽ നിന്ന് വിട്ടയച്ചിരുന്നു. ഈ നടപടി ചട്ടവിരുദ്ധമാണെന്നും അതിനാൽ ഉടൻതന്നെ കോടതിയിൽ ഹാജരാകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എട്ടാംപ്രതി നടൻ ദിലീപ് സമർപ്പിച്ച ഹരജിയിലായിരുന്നു വിചാരണക്കോടതിയുടെ ഉത്തരവ്.

എന്നാൽ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് വിപിൻലാൽ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തന്നെ കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ്കുമാർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വിപിൻലാൽ ബേക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് എട്ടാംപ്രതി ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും അതിനാൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിച്ചിരുന്നു.

മറ്റൊരു കേസിൽ കാക്കനാട് ജയിലിൽ കഴിയവേയാണ് വിപിൻ ലാലിനെ നടിയെ ആക്രമിച്ച കേസിൽ പത്താം പ്രതിയും പിന്നീട് മാപ്പു സാക്ഷിയും ആക്കിയത്. കൃത്യം നടത്തിയെന്നും പറഞ്ഞ പണം നൽകണമെന്നും ആവശ്യപ്പെട്ട് ജയിലിൽ സുനിക്കുവേണ്ടി കത്തെഴുതിയ ആളാണ് വിപിൻലാൽ. വിയ്യൂർ ജയിലിൽ കഴിയവേ ആദ്യ കേസിൽ ജാമ്യം ലഭിച്ചതോടെയാണ് ജയിൽ സൂപ്രണ്ട് ഇയാളെ മോചിപ്പിച്ചത്. ഈ നടപടി ചോദ്യം ചെയ്ത്, കേസിലെ എട്ടാം പ്രതി ദിലീപ് നൽകിയ ഹർജിയിലായിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്.

Tags:    
News Summary - The High Court has granted bail to Vipin Lal, an apologist in the actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.