കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിന് ബാധകമാകുന്ന കമ്പനി നിയമം ഏതാണെന്ന് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. യോഗത്തിന് സംസ്ഥാന നിയമമാണ് ബാധകമെന്ന് വിലയിരുത്തി 2022 ജനുവരി 24ന് സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
കേന്ദ്ര കമ്പനി നിയമമാണോ കേരള നോൺ ട്രേഡിങ് കമ്പനി നിയമമാണോ എന്നത് സംബന്ധിച്ച് 2009 ഫെബ്രുവരി രണ്ടിന് ഡൽഹി ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേട്ട് ബന്ധപ്പെട്ട കേന്ദ്ര അതോറിറ്റി മൂന്നു മാസത്തിനകം തീരുമാനമെടുക്കാനാണ് ഡിവിഷൻബെഞ്ചിന്റെ നിർദേശം.
സിംഗിൾബെഞ്ച് ഉത്തരവിനെതിരെ എസ്.എൻ.ഡി.പി യോഗം അടക്കം സമർപ്പിച്ച നാല് അപ്പീലുകളാണ് കോടതി പരിഗണിച്ചത്.ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ അവകാശ പ്രകാരം വോട്ടിങ് അനുവദിക്കുന്ന വ്യവസ്ഥ സിംഗിൾബെഞ്ച് അസാധുവാക്കിയിരുന്നു.
എല്ലാ അംഗങ്ങൾക്കും വോട്ടവകാശമുണ്ടെന്ന് ഉത്തരവിടുകയും കേരള നോൺ ട്രേഡിങ് കമ്പനി നിയമമാണ് യോഗത്തിന് ബാധകമാവുകയെന്നും വ്യക്തമാക്കുകയും ചെയ്തു. ബാധകം ഏതു നിയമമാണെന്ന് നിർണയിക്കാൻ ഡൽഹി ഹൈകോടതി നിർദേശിച്ചെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.