കെ.ടി.യു: ഡോ. സിസയെ മാറ്റാൻ സർക്കാർ മൂന്നുപേരുടെ പാനൽ നൽകും

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) സർക്കാർ ശിപാർശ തള്ളി ചാൻസലറായ ഗവർണർ നേരിട്ട് നിയമിച്ച താൽക്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസിനെ മാറ്റാൻ സർക്കാർ മൂന്നുപേരുടെ പാനൽ സമർപ്പിക്കും. സിസയുടെ നിയമനം ചോദ്യംചെയ്ത് സർക്കാർ സമർപ്പിച്ച ഹരജിയിൽ കഴിഞ്ഞ ദിവസം ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. താൽക്കാലിക വി.സി നിയമനത്തിൽ സർക്കാറിന് ശിപാർശ നൽകാനുള്ള അധികാരം അംഗീകരിച്ച കോടതി, വേണമെങ്കിൽ സർക്കാറിന് മൂന്നുപേരുകൾ അടങ്ങിയ പാനൽ ഗവർണർക്ക് സമർപ്പിക്കാമെന്നും വ്യക്തമാക്കിയിരുന്നു.

വിധിപ്പകർപ്പ് തിങ്കളാഴ്ച ലഭിച്ചതോടെയാണ് പകരം താൽക്കാലിക വി.സിയെ നിയമിക്കാനുള്ള പാനൽ സമർപ്പിക്കാൻ സർക്കാർതലത്തിൽ നടപടി തുടങ്ങിയത്. സാങ്കേതിക സർവകലാശാലയിൽ ഡീൻ (റിസർച്ച്) ഡോ. പി.ആർ. ഷാലിജ്, മുൻ ഡീനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജോയന്‍റ് ഡയറക്ടറുമായ ഡോ. വൃന്ദ വി. നായർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ബൈജുബായ്, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. സി. സതീഷ് കുമാർ തുടങ്ങിയവരുടെ പേരുകളാണ് സർക്കാർ പരിഗണിക്കുന്നത്. ഡിവിഷൻ ബെഞ്ച് വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ശിപാർശയിൽ ഗവർണർക്ക് തീരുമാനമെടുക്കേണ്ടിവരും.

സിസയുടെ നിയമനം ശരിവെച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ് തിരുത്തിയാണ് ജസ്റ്റിസ് എ. മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ വിധി. സാങ്കേതിക സർവകലാശാല നിയമപ്രകാരം താൽക്കാലിക വി.സിയുടെ ഒഴിവ് വന്നാൽ മറ്റേതെങ്കിലും സർവകലാശാല വി.സിക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ സാങ്കേതിക സർവകലാശാല പി.വി.സിക്കോ വി.സിയുടെ ചുമതല നൽകാം. ഇതുപ്രകാരം സർക്കാർ ആദ്യം ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന്‍റെ പേരാണ് ശിപാർശ ചെയ്തത്. കെ.ടി.യു വി.സി നിയമനം റദ്ദാക്കിയ വിധി സജി ഗോപിനാഥിനും ബാധകമാക്കി ഗവർണർ നോട്ടീസ് നൽകിയതിനാൽ സർക്കാർ ശിപാർശ ചെയ്ത പേര് തള്ളുകയായിരുന്നു. 

Tags:    
News Summary - The government will appoint a three-member panel to replace Dr Ciza Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.