ആഗോള താപനം കേരളത്തിലെ പുനരുപയോഗ ഊർജ സാധ്യതകൾ വർധിപ്പിക്കുമെന്ന് പഠനം

ആലപ്പുഴ: ആഗോള താപനം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെയും തമിഴ്‌നാട്ടിലെയും കാലാവസ്ഥയിൽ മാറ്റം വരുത്തുമെന്ന് പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐ.ഐ.ടി.എം) ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇത് ഈ രണ്ടു സംസ്ഥാനങ്ങളുടെയും സൗര, കാറ്റ് ഊർജ സാധ്യത വർധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

കറന്റ് സയൻസ് മാസികയുടെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഈ സംസ്ഥാനങ്ങളിൽ പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ സാധ്യതകൾ വർധിക്കുമെന്നാണ്. അതേസമയം ഈ മേഖലയിൽ മറ്റ് സംസ്ഥാനങ്ങൾ വലിയ പ്രതിസന്ധികൾ നേരിടേണ്ടിവരും.

"ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലെയും സ്ഥിതി സൗരവികിരണത്തിന്റെ തോത് കുറവായിരിക്കും. മിക്ക മഴക്കാലങ്ങളിലും മൺസൂണിന് ശേഷമുള്ള സീസണുകളിലും (ജൂൺ മുതൽ നവംബർ വരെ) ഇതായിരിക്കും സ്ഥിതി. എന്നാൽ കേരളത്തിലെയും തമിഴ്നാട്ടിലെയും സ്ഥിതി വ്യത്യസ്തമായിരിക്കും. അതായത് തമിഴ്‌നാട്ടിലും കേരളത്തിലുടനീളമുള്ള സൗരോർജ സാധ്യത ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ മികച്ചതാണെന്നർഥം. ഭാവിയിൽ പ്രദേശങ്ങളിൽ മേഘാവൃതമായ സാഹചര്യം കുറവായിരിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.- "ഗവേഷക സംഘത്തിലെ അംഗമായ പാർഥ സാരഥി മുഖോപാധ്യായ വിലയിരുത്തി.

ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സഹായത്തോടെ ടി.എസ്. ആനന്ദ്, ദീപ ഗോപാലകൃഷ്ണൻ, പാർഥ സാരഥി എന്നിവർ ചേർന്നാണ് 'ഭാവിയിലെ കാറ്റിന്റെയും സൗരോർജ സാധ്യതകളുടെയും വിശകലനം' എന്ന തലക്കെട്ടിൽ പഠനം നടത്തിയത്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ സർക്കാർ പാനൽ വികസിപ്പിച്ച വിവിധ അത്യാധുനിക കാലാവസ്ഥാ മാതൃകകൾ ഉപയോഗിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഭാവിയിൽ ഏറ്റവും കൂടുതൽ കാറ്റ് അനുഭവപ്പെടുന്ന രണ്ട് സംസ്ഥാനങ്ങൾ കേരളവും തമിഴ്നാടുമാണെന്നും പറയുന്നുണ്ട്. അതേസമയം, 2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രൽ ആക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ദൗത്യത്തിന് ഈ പഠനം ഒരു മാറ്റം വരുത്തും.

ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് 2021 ഏപ്രിലിനും 2022 മെയ് മാസത്തിനും ഇടയിൽ തമിഴ്‌നാട്ടിൽ 8,605 ദശലക്ഷം യൂനിറ്റ് സൗരോർജമാണ് ഉൽപ്പാദിപ്പിച്ചത്. ഇതേ കാലയളവിൽ കേരളത്തിൽ 600.56 ദശലക്ഷം യൂനിട്ടായിരുന്നു. 2016 മുതൽ തമിഴ്നാടിന്റെ സൗരോർജ ശേഷി ഗണ്യമായി വർധിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ കാര്യം അങ്ങനെയല്ല.

Tags:    
News Summary - The flip side of climate change? Likely to boost solar, wind energy potential of Kerala, TN, says study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.