തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ദീര്‍ഘ കാലത്തെ ആവശ്യം പ്രാവര്‍ത്തികമാക്കുന്നതിന്റെ മുന്നോടിയായി യു.എ.ഇ-കേരള സെക്ടറില്‍ കപ്പല്‍ സർവീസ് നടത്തുവാന്‍ തയാറുള്ളവരെ കണ്ടെത്താന്‍ നോര്‍ക്കയും കേരള മാരിടൈം ബോര്‍ഡുമായി സഹകരിച്ച് ഉടന്‍ ടെണ്ടര്‍ ക്ഷണിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.
കഴിഞ്ഞ മാസം മുബൈയില്‍ നടന്ന ജി 20 ഗ്ലോബല്‍ മാരിടൈം സമ്മിറ്റിന്റെ വേദിയിലാണ് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാളിന് മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും മന്ത്രി ആന്റണി രാജുവും ഈ വിഷയത്തില്‍ നിവേദനം നല്‍കിയത്. ഇത് പരിഗണിച്ചു കേന്ദ്ര ഷിപ്പിങ് മന്ത്രി ഷിപ്പിങ് മന്ത്രാലയത്തെ ചുമതലപ്പെടുത്തി. തുടർന്ന് ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കേരള മാരിടൈം ബോര്‍ഡ് - നോര്‍ക്ക മേധാവികളുടെ യോഗം വിളിച്ചിരുന്നു.
ഈ യോഗത്തിന്റെ തുടര്‍ച്ചയായി കേരള മാരിടൈം ബോര്‍ഡ് - നോര്‍ക്ക റൂട്ട്‌സും യോഗം ചേര്‍ന്ന് കപ്പല്‍ സർവീസ് നടത്താന്‍ തയാറുള്ളവരെ കണ്ടെത്താനുള്ള താല്‍പ്പര്യപത്രം ക്ഷണിക്കാനും, ഫീസിബിലിറ്റി സ്റ്റഡി നടത്താന്‍ ഉചിതമായ കമ്പനിയെ തിരഞ്ഞെടുക്കാനും തീരുമാനിച്ചത്.
യു.എ.ഇ.യില്‍ നിന്നും മുമ്പ് കപ്പല്‍ സർവീസ് നടത്തിയ കമ്പനി പ്രതിനിധികളെ ഉള്‍പ്പെടെ വിളിച്ചു സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഒണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലും സർവീസ് നടത്താന്‍ പൂർണമായി തയാറുള്ള കപ്പല്‍ സർവീസ് കമ്പനികളെ ലഭ്യമാകാത്ത പശ്ചാതലത്തിലാണ് രാജ്യത്തിന് അകത്തും പുറത്തുമുള്ള കപ്പല്‍ സർവീസ് നടത്താന്‍ തയാറുള്ളവരെ കൂടി ഉള്‍പ്പെടുത്തി താല്‍പ്പര്യ പത്ര നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയതിനാല്‍ താല്‍പ്പര്യപത്ര നടപടി വേഗത്തിലാക്കാന്‍ നോര്‍ക്കയുമായി തുറമുഖ വകുപ്പ് വീണ്ടും ബന്ധപ്പെട്ട് കത്തു നല്‍കി. താല്‍പ്പര്യപത്ര നടപടികള്‍ വേഗത്തിലാക്കി ജനുവരി രണ്ടാം വാരത്തില്‍ കപ്പല്‍ സർവീസ് ആരംഭിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇതിന് ആവശ്യമായ സാങ്കേതിക നടപടികള്‍ മാരിടൈം ബോര്‍ഡും നോര്‍ക്ക റൂട്ട്‌സും തുടക്കമിട്ടതായും അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.
ബേപ്പൂരില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടൂറിസത്തിന് കൂടി ഉപയോഗപ്പെടുംവിധം യാത്ര കപ്പല്‍ ആരംഭിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.