ഇരവിപുരം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ എ.എ. അസീസിന് 2001ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഒരിക്കലും മറക്കാനാവില്ല. 20 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച അസീസിന് തപാൽ വോട്ടുകൾ വീണ്ടും എണ്ണിയപ്പോൾ ഒരു വോട്ട് കൂടി ലഭിച്ചതോടെ ഭൂരിപക്ഷം 21 ആയി. എന്നാൽ, അന്നത്തെ എതിർ സ്ഥാനാർഥി അഹമ്മദ് കബീർ, ഭരണസ്വാധീനം ഉപയോഗിച്ച് അസീസ് പൊലീസ് ഉദ്യോഗസ്ഥരെകൊണ്ട് കള്ള വോട്ട് ചെയ്യിച്ചെന്നു ആരോപിച്ച് കോടതിയെ സമീപിച്ചു. ഇത് പരിശോധിച്ച കോടതി, ഡീകോഡിങ്ങിന് ഉത്തരവിട്ടതോടെ വോട്ടിങ് യന്ത്രങ്ങൾ വീണ്ടും പരിശോധിച്ചു. ഡീകോഡിങ്ങിൽ അസീസിന്റെ ഭൂരിപക്ഷം രണ്ടു വോട്ടായി കുറഞ്ഞു.
ഇത് മേൽകോടതിയിൽ ചോദ്യം ചെയ്ത അസീസ്, എതിർ സ്ഥാനാഥിക്കുവേണ്ടി എട്ട് കള്ളവോട്ട് ചെയ്തതായി കോടതിയിൽ പരാതി നൽകി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ അസീസിന്റെ പരാതിയിൽ പറഞ്ഞ എട്ട് വോട്ടുകളിൽ ആറെണ്ണം കള്ളവോട്ടാണെന്ന് കണ്ടെത്തി. ഇതോടെ അസീസിന്റെ ഭൂരിപക്ഷം എട്ട് വോട്ടായി മാറി. യു.ഡി.എഫ് സ്ഥാനാഥിക്കുവേണ്ടി എട്ടുപേർ കള്ളവോട്ട് ചെയെ്തെന്ന വാദം അസീസ് നേരത്തേ ഉന്നയിച്ചില്ലെന്ന് എതിർവിഭാഗം സുപ്രീംകോടതിയിൽ ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല.
കോടതി ഉത്തരവ് പ്രകാരം വോട്ടിങ് യന്ത്രങ്ങളുടെ ഡീകോഡിങ് നടത്തേണ്ടിവന്ന ഏക മണ്ഡലം ഇരവിപുരമാണ്. മുസ്‍ലിം ലീഗിലെ ചില അസ്വാരസ്യങ്ങളാണ് അന്ന് യു.ഡി.എഫ് പരാജയത്തിന് കാരണമായത്. 2011ൽ ആർ.എസ്.പി സ്ഥാനാഥിയായി എൽ.ഡി.എഫിനുവേണ്ടി മത്സരിച്ച എ.എ. അസീസിന് 55,639 വോട്ടും എതിർസ്ഥാനാഥി മുസ്‍ലിം ലീഗിലെ അഹമ്മദ് കബീറിന് 55,618 വോട്ടുമാണ് ലഭിച്ചത്. അപ്പോൾ ഉണ്ടായിരുന്ന 21 വോട്ടിന്റെ ഭൂരിപക്ഷം ഡീകോഡിങ്ങിലും കോടതി ഇടപെടലിലും എട്ടായി കുറയുകയായിരുന്നു. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചത് തലശ്ശേരിയിൽനിന്ന് രണ്ടുവോട്ടിന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.