തിരുവനന്തപുരം: ധനമന്ത്രി അവതരിപ്പിച്ചത് പിണറായി സര്‍ക്കാരിന്റെ ഫെയര്‍വെല്‍ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ഒരു വിവരങ്ങളും ഇല്ലാതെ പൊള്ളയായ വാക്കുകള്‍ കൊണ്ടുള്ള നിർമിതി മാത്രമാണ് സംസ്ഥാന ബജറ്റെന്നും നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പുതിയ മാതൃകകളും രീതികളും കൊണ്ട് വന്ന് വ്യത്യസ്തമായതും വേഗതയേറിയതുമായ ഔട്ട് ഓഫ് ദ ബോക്‌സ് പദ്ധതി മാതൃകകള്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞത്. കഴിഞ്ഞ ബജറ്റില്‍ ധനകാര്യ മന്ത്രി പ്രഖ്യാപിച്ച പ്ലാന്‍ ബി എന്നത് പ്ലാന്‍ വെട്ടിക്കുറയ്ക്കാലാണെന്ന് കഴിഞ്ഞ ദിവസമാണ് എല്ലാവര്‍ക്കും മനസിലായത്. പ്ലാനില്‍ ഗൗരവതരമായ വെട്ടിക്കുറവ് നടത്തിയിട്ട് വീണ്ടും പ്ലാന്‍ അലോക്കേഷനെ കുറിച്ച് പറയുന്നതിന്റെ വിശ്വാസ്യത എന്താണ്?
15000 കോടി രൂപയുടെ പദ്ധതികളാണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വെട്ടിച്ചുരുക്കിയത്. നിയമസഭ ചെലവാക്കാന്‍ അനുമതി നല്‍കി പാസാക്കി ഗവര്‍ണര്‍ ഒപ്പിട്ട പദ്ധതി അടങ്കല്‍ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ വെട്ടിക്കുറച്ചത് ഭരണഘടനാവിരുദ്ധമാണ്. കഴിഞ്ഞ വര്‍ഷത്തെ മിക്ക പദ്ധതികളുടെയും വിഹിതം 50 ശതമാനത്തോളമാണ് വെട്ടിക്കുറച്ചത്. ഇതിനു പുറമെ കടബാധ്യ തീര്‍ക്കാനുള്ള വിഹിതം പോലും ഈ ബജറ്റില്‍ ഇല്ല.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കു പുറമെ പട്ടികജാതി പട്ടിക വര്‍ഗ പദ്ധതികളിലും വ്യാപകമായ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയെ കുറിച്ച് അഭിമനത്തോടെയാണ് ധനകാര്യമന്ത്രി സംസാരിച്ചത്. ലൈഫ് മിഷന് കഴിഞ്ഞ ബജറ്റില്‍ 500 കോടി നീക്കിവച്ചിട്ട് 24 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ഇത് ബജറ്റിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും വിവിധ ക്ഷേമപദ്ധതികളും കുട്ടികളുടെ സ്‌കോളര്‍ഷിപ്പും ഉള്‍പ്പെടെയുള്ളവ വെട്ടിച്ചുരുക്കി.
700 കോടി രൂപ സപ്ലൈകോക്ക് നീക്കി വച്ചെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷെ 700 കോടി രൂപ ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുണ്ട്. വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കിക്കഴിഞ്ഞാല്‍ സപ്ലൈകോയ്ക്ക് പ്രവര്‍ത്തനമൂലധനം പോലും ഇല്ലാത്ത സ്ഥിതിയുണ്ടാകും. എല്ലാ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും അവസ്ഥ ഇതാണ്. 1550 കോടി രൂപയാണ് കാരുണ്യ പദ്ധതിയില്‍ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. എന്നാല്‍ ഈ ബാധ്യത തീര്‍ക്കാനുള്ള പണം പോലും നല്‍കിയിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.