പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നാളെ തുടങ്ങും

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം തിങ്കളാഴ്ച ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം മാര്‍ച്ച് 30 വരെ 33 ദിവസം ചേരും.

ജനുവരി 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരണമാണ്. ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. തുടര്‍ന്ന് 13 മുതല്‍ രണ്ടാഴ്ച വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യർഥനകള്‍ സൂക്ഷ്മ പരിശോധന നടത്തും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ 13 ദിവസം, 2023-24 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യർഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസാക്കും.

ഗവണ്മെന്റ് കാര്യത്തിനായും അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായും അഞ്ച് ദിവസങ്ങള്‍ വീതം നീക്കിവച്ചിട്ടുണ്ട്. 2022-23 സാമ്പത്തികവര്‍ഷത്തെ അന്തിമ ഉപധനാഭ്യർഥനകളെ സംബന്ധിക്കുന്നതും 2023-24 സാമ്പത്തികവര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ട് ധനവിനിയോഗബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. ഗവണ്മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കും. എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് 30 ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നും സ്പീക്കർ പറഞ്ഞു. 

Tags:    
News Summary - The eighth session of the 15th Kerala Legislative Assembly will begin tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.