1. പൊട്ടിത്തെറിച്ച കാർ 2. അപകടത്തിൽ മരിച്ച ആ​ൽ​ഫ്ര​ഡ് മാ​ർ​ട്ടി​ൻ, എ​മി​ൽ മ​രി​യ

ചിറ്റൂരിൽ കാര്‍ തീപിടിച്ച സംഭവത്തിന് കാരണമായത് ഇന്ധനച്ചോര്‍ച്ചയാകാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട്: ചിറ്റൂർ അത്തിക്കോട് പൂളക്കാട്ടില്‍ കാര്‍ തീപിടിച്ച സംഭവത്തിന് കാരണമായത് ഇന്ധനച്ചോര്‍ച്ചയാകാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. മള്‍ട്ടിപോയന്റ് ഫ്യൂവല്‍ ഇൻജക്ഷന്‍ (എം.പി.എഫ്.ഐ) സംവിധാനമുള്ള 2002 മോഡല്‍ കാറാണ് അപകടത്തിലായത്. ഇത്തരം സംവിധാനമുള്ള കാര്‍ ഇഗ്നീഷ്യന്‍ സ്വിച്ച് (സ്റ്റാര്‍ട്ടിങ്) ഓണ്‍ ചെയ്യുന്നതോടെ തന്നെ ഇന്ധനം പമ്പ് ചെയ്ത് തുടങ്ങും.

ദിവസങ്ങളോളം ഉപയോഗിക്കാതെ കിടന്ന കാര്‍ ഏതെങ്കിലും തരത്തില്‍ ഇന്ധനപൈപ്പുകള്‍ക്ക് തകരാര്‍ സംഭവിക്കുകയോ ഇന്ധനച്ചോര്‍ച്ചക്ക് കാരണമാവാനും സാധ്യതയുണ്ട്. ഇങ്ങനെ വരുമ്പോള്‍ വാഹനം സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുമ്പോള്‍തന്നെ ഇന്ധനം പമ്പ് ചെയ്തു തുടങ്ങും. നേരത്തേയുള്ള ഇന്ധനച്ചോര്‍ച്ചയുംകൂടി വരുന്നതോടെ സ്റ്റാര്‍ട്ടിങ് മോട്ടോറില്‍നിന്ന് തീപിടിക്കാന്‍ സാധ്യതയുണ്ട്. ഇതാണ് ഇവിടെ സംഭവിച്ചിരിക്കാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. ഇനി ഫോറന്‍സിക് പരിശോധനകൂടി വരുന്നതോടെ മാത്രമേ മറ്റെന്തെങ്കിലും സാധ്യതകളുണ്ടെങ്കില്‍ വ്യക്തമാവൂ.

ഭര്‍ത്താവ് മരിച്ചതോടെ എല്‍സിയും കുടുംബവും കാര്‍ രണ്ടു മാസത്തോളമായി ഉപയോഗിച്ചിരുന്നില്ല. കാറില്‍നിന്ന് പെട്രോളിന്റെ ഗന്ധമുണ്ടെന്ന് മക്കള്‍ പറഞ്ഞതായി അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിര്‍ത്തിയിട്ടതോടെ വാഹനത്തിന്റെ ഇന്ധനപൈപ്പുകളില്‍ ചോര്‍ച്ച വന്നിരിക്കാമെന്നും ഇതാണ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചതോടെ വാഹനത്തിന് തീപിടിക്കാനിടയാക്കിയതെന്നുമുള്ള നിഗമനത്തിലെത്താന്‍ കാരണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ വ്യക്തമാക്കി.

Tags:    
News Summary - The Department of Motor Vehicles said that the cause of the Chittoor car fire was a fuel leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.