കോഴിക്കോട്: മാലിന്യനീക്കത്തിന് 12 കൊല്ലം മുമ്പ് ഗുഡ്‌സ് ഓട്ടോ വായ്പയെടുത്ത് വാങ്ങിയതിനുള്ള തിരിച്ചടവ് മുടങ്ങി കോർപറേഷൻ കുടുംബശ്രീ യൂനിറ്റുകൾക്ക് കോടികളുടെ കടബാധ്യത. 2003-2004 കാലത്ത് നഗരത്തിലെ മാലിന്യം കൊണ്ടുപോവാൻ 20ലേറെ വണ്ടികൾ വാങ്ങിയതിനുള്ള തിരിച്ചടവാണ് രണ്ട് കോടിയിലേറെ രൂപയായത്.
പലിശയും പലിശയുടെ പലിശയുമെല്ലാമായാണ് ഈ തുക. ഈ സാഹചര്യത്തിൽ കോർപറേഷൻ ഇടപെട്ടതിനെ തുടർന്ന് കുടിശ്ശികയിൽ ഇളവ് നൽകാൻ ബാങ്കുകൾ തയാറായി. ഇളവുചെയ്ത പണം കോർപറേഷൻ തന്നെ അടച്ചുതീർക്കാനും തീരുമാനമായി. സർക്കാർ അംഗീകാരം ലഭിക്കുന്നമുറക്ക് പണം കോർപറേഷൻ പൊതു ഫണ്ടിൽനിന്ന് അടച്ചുതീർക്കാനാണ് തീരുമാനം.
നഗരശുചീകരണത്തിനുവേണ്ടി വാങ്ങിയ വാഹനങ്ങളാണെന്നതും വൻ തുകയുണ്ടെന്നതും പരിഗണിച്ചാണ് കോർപറേഷൻ ഇടപെടലെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. വിവിധ ബാങ്കുകളിലെ കോടികളുടെ കുടിശ്ശികയാണ് തീർപ്പാവുക.
രണ്ട് കോടിയിലേറെയുള്ള കുടിശ്ശിക 20 ലക്ഷമാക്കി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുറച്ചുനൽകിയിട്ടുണ്ട്. നേരത്തെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ രണ്ട് കോടിയിലേറെയുള്ള കടവും 23 ലക്ഷമാക്കി കുറച്ചുകൊടുത്തു. വണ്ടികളെല്ലാം ഇപ്പോൾ ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്.
എസ്.ബി.ഐ.യിൽനിന്ന് ലോണെടുത്ത 23 യൂനിറ്റുകൾ പലിശയടക്കം 2,00,87,245 രൂപ അടക്കണം. 20 ലക്ഷം തിരിച്ചടച്ചാൽ മതിയെന്നാണ് ബാങ്ക് അറിയിച്ചത്. ക്ഷേമകാര്യസമിതിയും കൗൺസിലും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.
ഇന്ത്യൻ ഓവർസീസ് ബാങ്കിൽനിന്ന് 27 ഗ്രൂപ്പുകളും ലോണെടുത്തു. 2,06,31,872 രൂപയായിരുന്നു കുടിശ്ശിക. ഇത് 23 ലക്ഷമാക്കി ലോൺ തീർപ്പാക്കാനും ധാരണയായി. കോർപറേഷൻ കുടുംബശ്രീ സംരംഭക ഗ്രൂപ്പുകൾ ഖരമാലിന്യ നിർമാർജനത്തിനായാണ് ക്ലീൻ കേരള പദ്ധതിയിലുൾപ്പെടുത്തി ലോണെടുത്ത് വാഹനം വാങ്ങിയത്.
ഒരു ഗ്രൂപ്പിൽ പത്ത് പേരാണ് ഉണ്ടായിരുന്നത്. 2.5 ലക്ഷം ആയിരുന്നു വായ്പ. അന്നത്തെ ഖരമാലിന്യ സംസ്‌കരണ തൊഴിലാളികളിൽ ഹരിതകർമസേനാംഗങ്ങളായി മാറി. ഗ്രൂപ്പുകളിലെ അംഗങ്ങൾ ഒഴിഞ്ഞുപോയതും ലീഡർ മാറിയതുമെല്ലാം പ്രശ്നമായി.
ഗ്രൂപ്പിലുള്ള ഓരോ അംഗത്തിനും ലക്ഷങ്ങളുടെ കടമുണ്ട്. ജപ്തിഭീഷണിയും വന്നിരുന്നു. ചർച്ചയെ തുടർന്ന് കുടിശ്ശിക എഴുതിത്തള്ളാൻ കോർപറേഷൻ സർക്കാറിന് അപേക്ഷ നൽകിയെങ്കിലും അതും തീരുമാനമായില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.