പാലക്കാട്: കഴിഞ്ഞ വർഷത്തെ വൈദ്യുതി പ്രതിസന്ധിയും കെ.എസ്.ഇ.ബിക്ക് പാഠമായില്ല. തകരാറായാല്‍ മാറ്റിവെക്കാന്‍ ട്രാന്‍സ്ഫോര്‍മര്‍ ഇല്ലാതെ വലയുകയാണ് വിതരണ വിഭാഗം ഓഫിസുകൾ. വേനലിന്റെ തുടക്കത്തിലേ ഉപഭോഗം 100 മില്യൺ യൂനിറ്റിൽ എത്തിനിൽക്കെ സർക്കിൾ തല ഓഫിസുകൾ വഴി നടത്തേണ്ട പുതിയ ട്രാൻസ്ഫോർമറുകൾ വാങ്ങാനുള്ള നടപടികൾ ഇഴയുകയാണ്.
ഉപഭോഗം കൂടുമ്പോൾ അമിതലോഡിൽ ട്രാൻസ്ഫോർമറുകൾ തകരാറിലാകാതിരിക്കാൻ മുൻകരുതലെടുത്തിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ അവകാശപ്പെടുമ്പോഴും കഴിഞ്ഞവർഷത്തെ വൈദ്യുതി പ്രതിസന്ധിയിൽ നിന്ന് പാഠം ഉൾക്കൊണ്ടില്ലെന്നത് വ്യക്തമാവും വിധമാണ് നടപടികൾ. ഈ മാസം അവസാനം ട്രാൻസ്ഫോർമറുകൾ എത്തുമെന്നാണ് വിശദീകരണം.
എന്നാൽ, കഴിഞ്ഞ വർഷത്തിൽനിന്ന് അധികമൊന്നും ട്രാൻസ്ഫോർമറുകൾ കൂട്ടിച്ചേർക്കാനായില്ലെന്നത് ആശങ്ക ഉയർത്തുന്നുണ്ട്. സ്ഥിരമായി 80 ശതമാനത്തിലധികം ലോഡ് വരുന്ന ട്രാന്‍സ്ഫോര്‍മറുകളുടെ സ്ഥിതി മനസ്സിലാക്കി പുതിയത് വെക്കുകയോ ശേഷി കൂട്ടുകയോ ചെയ്യാറുണ്ട്. ഇത് കാര്യമായി നടന്നില്ല. തകരാറിലായ ട്രാന്‍സ്ഫോര്‍മറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. എന്നാല്‍, കാലതാമസം നേരിടുന്നത് തിരിച്ചടിയാണ്. ട്രാൻസ്ഫോർമറുകളുടെ ക്ഷാമം രൂക്ഷമായ മലബാർ മേഖലയാണ് ദുരിതം ഏറെ നേരിടേണ്ടിവരുക.
കെ.എസ്.ഇ.ബിക്കാവശ്യമായ സാമഗ്രികൾ കേന്ദ്രീകൃത സംഭരണം നടത്തുന്ന സൈപ്ല ചെയിൻ മാനേജ്മെന്റ് വിഭാഗത്തിന് (എസ്.സി.എം) ട്രാൻസ്ഫോർമറുകൾ വാങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കിൾ ഓഫിസുകളിലെ ഡെപ്യൂട്ടി സി.ഇയെ വാങ്ങൽ ചുമതല ഏൽപിക്കുകയായിരുന്നു.
ട്രാൻസ്ഫോർമറുകൾ പെട്ടെന്ന് കിട്ടാതായ സാഹചര്യത്തിൽ പ്രത്യേക പ്രോജക്ടിലുൾപ്പെടുത്തി വാങ്ങി കരാറുകാരൻതന്നെ വെക്കുന്ന ‘ടേൺ കീ’ വ്യവസ്ഥയിൽ വാങ്ങാനായിരുന്നു തീരുമാനം. ചില സർക്കിൾ ഓഫിസുകളിൽ ധനകാര്യ വിഭാഗത്തിൽനിന്ന് ഇത് എതിർപ്പ് ക്ഷണിച്ചുവരുത്തിയെങ്കിലും ഒക്ടോബർ-നവംബർ മാസങ്ങളിൽ വാങ്ങൽ നടപടി തുടങ്ങിയിരുന്നു.
ലോഡ് താങ്ങാനാകാതെ കഴിഞ്ഞ ഏപ്രിലില്‍ മാത്രം കത്തിയത് 255 ട്രാന്‍സ്ഫോര്‍മറുകളാണ്. 11 കെ.വി ലൈനില്‍ ആവശ്യമായ വൈദ്യുതിലഭ്യത കുറഞ്ഞപ്പോള്‍ വോള്‍ട്ടേജ് കുറഞ്ഞ്, സെറ്റ് ചെയ്ത ആംപിയര്‍ പരിധിക്കു മുകളില്‍ ലോഡ് വന്നപ്പോള്‍ ട്രാന്‍സ്ഫോര്‍മറുകള്‍ കത്തി. ഒരു 11 കെ.വി ഫീഡറില്‍ മൂന്നു മെഗാവാട്ട് വൈദ്യുതിയാണ് ശേഷി. അതില്‍ കൂടുമ്പോൾ സബ്സ്റ്റേഷനുകളിലെ ഫീഡറുകളിലെ അധിക പ്രവാഹം ട്രിപ് ആയിപ്പോവുകയാണ്. ഇതിനൊപ്പം സബ്സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താൽക്കാലികമായി നിലക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ മാത്രം ആറു കോടി രൂപക്കു മുകളിലാണ് ഈയിനത്തിൽ നഷ്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.