മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശ​നെയടക്കം പ്രതി ചേർക്കാൻ കോടതി നിർദേശം

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി കെ.കെ. മഹേശനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ്​.ഐ​.ആർ രജിസ്റ്റർ ചെയ്ത്​ അ​ന്വേഷിക്കാൻ കോടതി ഉത്തരവ്​. വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ.എൽ. അശോകൻ എന്നിവർക്കെതിരെയും അന്വേഷണത്തിന്​ നിർദേശിച്ചിട്ടുണ്ട്​. ആത്മഹത്യ പ്രേരണക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. മഹേശന്‍റെ ആത്മഹത്യ കുറിപ്പിൽ മൂന്നുപേരെയും പരാമർശിച്ചിരുന്നു. മഹേശന്‍റെ കുടുംബം നൽകിയ ഹരജിയിലാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്‍റെ​ ഉത്തരവ്​.

2020 ജൂൺ 24നാണ് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട യൂനിയന്‍റെ സെക്രട്ടറി മഹേശനെ (54) യൂനിയൻ ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും സി.ഐക്കും പ്രത്യേകം കത്തെഴുതി സമൂഹമാധ്യമങ്ങളിൽ പങ്കു​െവച്ച ശേഷമാണ്​ ജീവനൊടുക്കിയത്​.

തുഷാർ വെള്ളാപ്പള്ളി

അടുത്തുതന്നെ താൻ കൊല്ലപ്പെടുമെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും ഭാര്യ ഉഷയോടും അടുത്ത ബന്ധുക്കളോടും മഹേശൻ പറഞ്ഞിരുന്നു. ഇക്കാര്യം ആലപ്പുഴ ക്രൈം ബ്രാഞ്ച് സി.ഐക്ക് മഹേശൻ എഴുതിയ കത്തിലും സൂചിപ്പിച്ചിരുന്നുവെന്ന്​ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ വെള്ളാപ്പള്ളി നടേശനെ പൊലീസ്​ അന്ന്​ ചോദ്യം ചെയ്​തെങ്കിലും വിട്ടയക്കുകയായിരുന്നു.

എസ്.എൻ.ഡി.പി യോഗത്തിന്​ കീഴിലെ മൈക്രോ ഫിനാന്‍സ് സംസ്ഥാന കോഓഡിനേറ്ററും ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന മഹേശനെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച്​ ചോദ്യം ചെയ്ത്​ ദിവസങ്ങൾക്കകമാണ്​ മരിച്ചനിലയില്‍ ക​ണ്ടെത്തിയത്​. എസ്​.എൻ.ഡി.പി ​നേതൃത്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുതയുണ്ടെന്നും ആരോപിച്ച് കത്തയച്ച ശേഷമാണ്​ തൂങ്ങിമരിച്ചത്.

രാവിലെ ഏഴോടെ കണിച്ചുകുളങ്ങര പൊക്ലാശ്ശേരിയിലെ വീട്ടില്‍നിന്ന് മഹേശനെ കാണാതായി. ബന്ധുക്കള്‍ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രാവിലെ പത്തിന്​ ജീവനക്കാരന്‍ കണിച്ചുകുളങ്ങരയിലെ എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസ് തുറക്കാനെത്തിയപ്പോള്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മാരാരിക്കുളം പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ ഓഫിസ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

എസ്.എന്‍ ട്രസ്റ്റ് ചേര്‍ത്തല ആര്‍.ഡി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്ന മഹേശന്‍ എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല, ചെമ്പഴന്തി, ചെങ്ങന്നൂര്‍, കുട്ടനാട് യൂനിയനുകളുടെ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ഭാരവാഹിയായും പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം എസ്.എന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേസ്​ ഇങ്ങനെ:

കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറിയും വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്​തനുമായിരുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് കൂട്ടുങ്കല്‍ മഹേശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടതാണ്​ കേസിന്​ ആസ്പദമായ സംഭവം. മഹേശൻ മരണത്തിന്​ തൊട്ടുമുമ്പുള്ള നാളുകളിൽ വെള്ളാപ്പള്ളി നടേശനുമായി അകൽച്ചയിലായിരുന്നു.

മൈക്രോ ഫിനാൻസ് ഇടപാടിൽ 29 കോടിയോളം രൂപ യൂനിയന് വെള്ളാപ്പള്ളി നൽകാനുണ്ടായിരുന്നുവെന്ന്​ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്നുതവണ വെള്ളാപ്പള്ളിയുമായി മഹേശൻ സംസാരിച്ചെങ്കിലും തിരിച്ചടക്കാൻ തയാറായില്ല. അതിനിടെ മൈക്രോ ഫിനാൻസ് തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും മഹേശനെ ചോദ്യം ചെയ്യുകയുമായിരുന്നു.

മൈക്രോഫിനാൻസ്​ കേസിൽ മുഖ്യ ഉത്തരവാദി വെള്ളാപ്പള്ളിയാണെന്നായിരുന്നു​ മഹേശന്‍റെ ആരോപണം. മരണക്കുറിപ്പിലെ വെള്ളാപ്പള്ളിക്കും മറ്റും എതിരായ പരാമർശങ്ങളാണ്​ ​അന്വേഷണത്തിന്​ ഉത്തരവിടാൻ കോടതി​യെ പ്രേരിപ്പിച്ചത്​.

Tags:    
News Summary - The court directed to include Vellapalli Natesan in the accused list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.