സൗദി പൗരനെ വഞ്ചിച്ചെന്ന പരാതി കള്ളം; 225 കോടിയുടെ നഷ്ടമുണ്ടായെന്ന് ആരോപണവിധേയൻ

കോഴിക്കോട്: ബിസിനസ് പങ്കാളിയായ സൗദി പൗരനെ വഞ്ചിച്ച് 27 കോടി രൂപയുമായി താൻ മുങ്ങിയെന്ന പ്രചാരണം കളവാണെന്നും തനിക്ക് 225 കോടിയിലേറെ രൂപ മൂല്യമുള്ള കമ്പനി നഷ്ടമാവുകയാണുണ്ടായതെന്നും ആരോപണ വിധേയനായ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്വദേശി ഇ.പി. ഷമീൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ആരോപണം ഉന്നയിച്ച സൗദി പൗരൻ ഇബ്രാഹീം അൽ ഉതൈബി 2013 മുതൽ തന്റെ സ്ഥാപനത്തിന്റെ പി.ആർ.ഒ ആയി ജോലിചെയ്തിരുന്നു. 2016ൽ കമ്പനിക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായപ്പോൾ 15 ദശലക്ഷം റിയാൽ (ഏകദേശം 33.25 കോടി രൂപ) മുടക്കി ഓഹരി പങ്കാളിയാകാൻ ഇദ്ദേഹം തയാറായി. തുടർന്ന് കരാറുണ്ടാക്കി 2.15 ദശലക്ഷം റിയാൽ കമ്പനി അക്കൗണ്ടിലേക്ക് അയക്കുകയും കമ്പനിയുടെ പേരിലുള്ള 4.4 ദശലക്ഷം റിയാൽ വായ്പ അദ്ദേഹത്തിന്റെ സ്വത്തിന്റെ ഈടിലാക്കി തവണകളായി അടച്ചുതീർക്കാമെന്ന് അറിയിക്കുകയും ചെയ്തു.

എന്നാൽ, തുക തിരിച്ചടച്ചില്ലെന്നു മാത്രമല്ല കമ്പനിയുടെ ഓഹരി അദ്ദേഹത്തിന്റെ മകന്റെ പേരിലേക്ക് മാറ്റാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ദുബൈയിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ പങ്കാളിത്ത ബിസിനസിൽനിന്ന് പിൻവാങ്ങാൻ തീരുമാനിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കരാറുകൾ ഇദ്ദേഹം പാലിച്ചില്ല. താൻ നൽകിയ പവർ ഓഫ് അറ്റോണി ഉപയോഗിച്ച് ഏറെക്കാലം അദ്ദേഹവും കൂട്ടാളികളും കമ്പനി നടത്തിയെങ്കിലും അവസാനം യന്ത്രസംവിധാനങ്ങൾ അടക്കം വിൽക്കുകയും അടച്ചുപൂട്ടുകയുമായിരുന്നു. ചുരുക്കത്തിൽ 225 കോടിയിലേറെ രൂപയുടെ നഷ്ടമാണ് സൗദിയിൽ മാത്രം തനിക്കുണ്ടായത്.

മാത്രമല്ല തന്റെ ദുബൈയിലെ സ്ഥാപനവും ആന്ധ്രയിലെ സ്ഥാപനവും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം അടച്ചുപൂട്ടേണ്ടിവന്നു. എട്ടുവർഷം മുമ്പുണ്ടായ പ്രശ്നത്തിൽ തന്റെ മകളുടെ വിവാഹം മുടക്കുക ലക്ഷ്യമിട്ടാണിപ്പോൾ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. എം.സി. ഹനീഷ്, പി.ടി. ഹാരിസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - The complaint of cheating the Saudi citizen is false

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.