കൊച്ചി മുൻസിപ്പൽ കോർപറേഷന് വേണ്ടി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ആധുനിക നിലവാരത്തിൽ ഒരുക്കിയ എറണാകുളം മാർക്കറ്റ് നാളെ (ഡിസംബർ 14) വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 1.63 ഏക്കർ സ്ഥലത്ത് 72 കോടി ചെലവിൽ 19,990 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 4 നിലകളിലായാണ് മാർക്കറ്റ് കോംപ്ലക്സ് നിർമിച്ചത്.
കൊച്ചിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച മാർക്കറ്റ് ലോകോത്തര നിലവാരത്തിലേക്ക് മാറുകയാണ്. ഇതോടൊപ്പം മാർക്കറ്റിൽ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് നിർമ്മിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയത്തിന്റെ തറക്കല്ലിടൽ ചടങ്ങും നടക്കും. 120 കാറുകളും 100 ബൈക്കുകളും പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് സമുച്ചയം 24.65 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും.
കേന്ദ്ര മന്ത്രി ജോർജ് കുര്യനും മന്ത്രി പി. രാജീവും മുഖ്യാതിഥികളായിരിക്കും. എറണാകുളം എം.പി ഹൈബി ഈഡൻ, എം.എൽ.എമാർ ടി.ജെ വിനോദ്, കെ.ജെ മാക്സി, ഉമാ തോമസ്, കെ. ബാബു, കൊച്ചി മേയർ എം. അനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.
ലോകോത്തര നഗരങ്ങളിലെ ആധുനിക മാർക്കറ്റുകളോട് താരതമ്യപ്പെടുത്താനാവുന്ന നിലയിലാണ് ഈ മാർക്കറ്റ് ഒരുക്കിയത്. കൊച്ചിയുടെ പ്രത്യേകതകളാകെ ഉൾച്ചേർത്ത നിർമ്മാണരീതിയാണ് അവലംബിച്ചത്. വിനോദസഞ്ചാര രംഗത്തുൾപ്പെടെ കൊച്ചിയുടെ കുതിപ്പിന് പുതിയ ഊർജമേകാൻ എറണാകുളം മാർക്കറ്റിന് കഴിയും. മാലിന്യ സംസ്കരണ സംവിധാനങ്ങൾക്കും, പാർക്കിംഗിനുമുൾപ്പെടെ നൽകിയ പ്രാധാന്യവും എടുത്തു പറയേണ്ടതാണ്.
കേരളത്തിൻറെ വാണിജ്യ തലസ്ഥാനമായ കൊച്ചിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് എറണാകുളം മാർക്കറ്റിനും. കാലങ്ങളായി നഗരത്തിലെ എല്ലാ വിഭാഗം ജനങ്ങളും ആശ്രയിച്ചു പോന്ന മാർക്കറ്റിൻ്റെ കാലാനുസൃതമായ വികസനത്തിനായി രണ്ടു പതിറ്റാണ്ടിലേറെയായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഒന്നും പ്രാവർത്തികമായിരുന്നില്ല. ആ ലക്ഷ്യമാണ് ഇപ്പോൾ പ്രാവർത്തികമായിരിക്കുന്നത്.
ക്രെസെന്റ് കോൺട്രാക്ടര്സ് പ്രൈവറ്റ് ലിമിറ്റഡാണ് കരാറുകാർ. നിലവിലെ മാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത്, സ്മാർട്ട് സിറ്റി മിഷൻ ഫണ്ട് ഉപയോഗിച്ച് 72.69 കോടി രൂപ ചിലവിൽ 1.63 ഏക്കർ സ്ഥലത്ത് 19,990 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ മൂന്ന് നിലകളിലായാണ് അത്യാധുനിക എറണാകുളം മാർക്കറ്റ് കോംപ്ലക്സ് നിർമാണം പൂർത്തിയായിരിക്കുന്നത്. മാർക്കറ്റിന്റെ തൊട്ടു അടുത്ത് തന്നെ ഒരു സ്ഥലം കണ്ടെത്തുകയും എല്ലാവിധ സൗകര്യങ്ങളോടു കൂടി അഞ്ചു കോടി രൂപ ചിലവഴിച്ചു ഒരു താത്കാലിക മാർക്കറ്റ് പണിത് കച്ചവടക്കാരെ മാറ്റിയ ശേഷമായിരുന്നു പുതിയ മാർക്കറ്റിന്റെ നിർമാണം.
ലോകോത്തര മാർക്കറ്റിനു ഉതകുന്ന രീതിയിൽ, സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനു വേണ്ടി പ്രത്യേക ഏരിയ, ശൗച്യാലയങ്ങൾ, സോളാർ ലൈറ്റുകൾ, അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ, സുരക്ഷാ ക്യാമറകൾ, മഴവെള്ള സംഭരണി, ജല വിതരണത്തിനു വേണ്ടി 30000 ലിറ്റർ ശേഷിയുള്ള ജല ടാങ്ക്,, കാർ പാർക്കിംഗ്, റാംപ് സൗകര്യം, മാലിന്യ സംസ്കരണ സംവിധാനം, കൃത്യതയോടെ രൂപം നൽകിയ ഡ്രയിനേജ് സിസ്റ്റം, ലിഫ്റ്റുകൾ തുടങ്ങിയവയെല്ലാം ഒരുക്കിക്കൊണ്ടാണ് പുതിയ എറണാകുളം മാർക്കറ്റ് പ്രവർത്തന സജ്ജമായിരിക്കുന്നത്.
1070 കോടിയുടെ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിൽ 500 കോടി രൂപ സംസ്ഥാന സർക്കാരിന്റെയും 70 കോടി രൂപ കോർപറേഷന്റെയും വിഹിതമാണ്. ശേഷിക്കുന്ന 500 കോടി രൂപയാണ് കേന്ദ്രവിഹിതം. കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന 750 കോടി രൂപയുടെ പദ്ധതികൾ സിഎസ്എംഎൽ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ അടുത്ത മാർച്ചിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്
ആകെ 275 കട മുറികൾ ആണ് മാർക്കറ്റ് കോംപ്ലക്സിൽ തയാറാക്കിയിരിക്കുന്നത്. ഇതിൽ 130 എണ്ണം പച്ചക്കറി ഷോപ്പുകളും, 52 എണ്ണം സ്റ്റേഷനറി കടകളും, 28 എണ്ണം ഇറച്ചി - മത്സ്യ ഷോപ്പുകളുമാണ്. നേന്ത്രക്കായ ഉൾപ്പടെയുള്ളവയുടെ കച്ചവടത്തിനായി 34 ഷോപ്പുകൾ, ഏഴ് പഴക്കടകൾ, മുട്ട വിൽപ്പനയ്ക്കായി മൂന്ന് ഷോപ്പുകൾ എന്നിവയും പുതിയ മാർക്കറ്റ് കോംപ്ലക്സിൽ ഉണ്ട്.
ഗ്രൗണ്ട് ഫ്ലോറിൽ മാത്രം 183 ഷോപ്പുകൾ ഉണ്ടാവും. ഭാവിയിൽ ആവശ്യമെങ്കിൽ രണ്ടും മൂന്നും നിലകളിൽ കൂടുതൽ ഷോപ്പുകൾ നിർമ്മിക്കാൻ സാധിക്കും. ഇതിനു പുറമെ ഏറ്റവും മുകളിലത്തെ നിലയിൽ ഫുഡ് കോർട്ടിനുള്ള സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. ഇറച്ചി മൽസ്യ കച്ചവടക്കാർക്ക് ഉള്ള സ്ഥലം ഒന്നാം നിലയിൽ ആണ് ഒരുക്കിയിരിക്കുന്നത് .
കച്ചവടക്കാർ ഉൾപ്പടെ മാർക്കറ്റിൽ എത്തുന്ന എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ വിവിധ നിലകളിലായി 82 ശൗച്യാലയങ്ങളും ഒരുക്കി. ഖര ദ്രവ മാലിന്യ സംസ്കരണത്തിന് ആയി ഉള്ള സൗകര്യവും പദ്ധതിയിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്. കൃത്യതയോടെ രൂപം നൽകിയ ഡ്രയിനേജ് സിസ്റ്റം, മാർക്കറ്റിൽ തന്നെ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം ഇവയെല്ലാം എടുത്തുപറയേണ്ട പ്രത്യേകതകളാണ്. ഇതിനുപുറമെ കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് കോർപറേഷന് നൽകിയ 15 കോംപാക്റ്ററുകളും പുതിയ എറണാകുളം മാർക്കറ്റിലെ മാലിന്യ നിർമ്മാർജ്ജനത്തിന് കരുത്തേകും. ഈ കോംപാക്റ്ററുകൾ വഴിയാകും ബാക്കിവരുന്ന മാലിന്യങ്ങൾ ബ്രഹ്മപുരത്തെ പ്ലാന്റിലേക്ക് കൊണ്ടുപോവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.