നഞ്ചിയമ്മയുടെ കുടുംബഭൂമി തട്ടിയെടുത്തത് ഉൾപ്പെടെയുള്ള പരാതി: ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: ദേശീയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മയുടെ കുടുംബ ഭൂമി വ്യാജ നികുതി രസീത് ഉണ്ടാക്കി തട്ടിയെടുത്തത് ഉൾപ്പെടെ അട്ടപ്പാടിയിലെ ആദിവാസികൾ  നൽകിയ പരാതി അന്വേഷിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം അന്വേഷിക്കാൻ ഉന്നതതല സമിതി നിയോഗിക്കാൻ സർക്കാർ ഉത്തരവിടണമെന്നാണ് പരാതിയിൽ ആദിവാസികൾ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി നിയമസഭയിൽ കെ.കെ. രമക്ക് രേഖാമൂലം മറുപടി നൽകി.

ഭൂമി അന്യാധീനപ്പെട്ട ടി.എൽ.എ കേസിലെ ഭൂമി വിട്ടു നൽകണം. ടി.എൽ.എ കേസിൽ തീർപ്പ് കൽപ്പിക്കാതെ ആദിവാസികളല്ലാത്തവർക്ക് നികുതി രസീതും കൈവശരേഖയും നൽകരുത്. പൊലീസ് സാന്നിധ്യത്തിൽ ആദിവാസികളെ ഭീഷണിപ്പെടുത്തി ഭൂമി കൈയേറുന്നത് അവസാനിപ്പിക്കണമെന്നും ആദിവാസികൾ പരാതിയിൽ ആവശ്യപ്പെട്ടു.

ടി.എൽ.എ ഉത്തരവായ കേസുകളിൽ സമയക്രമം അനുസരിച്ച് നടപടി പൂർത്തിയാക്കണം. ടി.എൽ.എ കേസിൽ ആദിവാസികൾക്ക് നഷ്ടമായ ഭൂമിക്ക് പകരം കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി നൽകണം. കോട്ടത്തറ വില്ലേജിൽ വൻതോതിലുള്ള ആദിവാസി ഭൂമി കൈയേറ്റം നടക്കുന്നു. ഇത് തടയണം. വിവിധ കാലത്ത് നടന്ന പട്ടയമേളകളിൽ വിതരണം ചെയ്ത പട്ടയങ്ങൾക്ക് ആദിവാസികൾക്ക് ഭൂമി ലഭിച്ചിട്ടില്ല.

ശ്മശാനത്തിലേക്കും ക്ഷേത്രത്തിലേക്കും കുടിവെള്ള നീരുറവകളിലേക്കും ആദിവാസികൾ പോകുന്ന വഴികൾ ഉൾപ്പെടെ കെട്ടിയടച്ച് ബോർഡുകൾ വെക്കുന്നത് തടയണം. ഡിജിറ്റൽ സർവേ എന്ന പേരിൽ നടക്കുന്നത് ആദിവാസി ഭൂമി കൈയേറ്റം നടത്തുന്നതിനുള്ള നടപടികളാണ്. ആദിവാസികളുടെ കുടംബഭൂമികൾ അടിയന്തരമായി അളന്ന് തിരിച്ച് രേഖകൾ നൽകുന്നതിനുള്ള ചെലവ് സർക്കാർ ഉത്തരവ് പ്രകാരം പട്ടികവർഗവകുപ്പ് നേരിട്ട് രജിസ്ട്രേഷൻ വകുപ്പിന് നൽകണം.

കൃഷിക്കു വേണ്ടി നൽകിയ പമ്പ് സെറ്റുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. ഇക്കാര്യത്തിൽ അന്വേഷണം നടത്തണം.

അട്ടപ്പാടിയിൽ ചാലക്കുടി സനാതന ധർമ ട്രസ്റ്റ്, അഗ്രി ഫാം, പാലാരിവട്ടം നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ്, വിദ്യാധിരാജ ട്രസ്റ്റ്, കോട്ടത്തറ അഗ്രീ ഫാമിങ്ങ് സൊസൈറ്റി എന്നിവയുടെ പേരിൽ ഭൂമി കൈയേറ്റം നടക്കുന്നുവെന്നാണ് പരാതിയിൽ സൂചിപ്പിച്ചത്. അപേക്ഷകൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു. 

Tags:    
News Summary - The Chief Minister said that the complaint, including the grabbing of Nanjiamma's family land, has been handed over to the concerned officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.