ജനകീയ ഓഡിറ്റിങ് ഫലപ്രദമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിൽ ജനകീയ ഓഡിറ്റിങ് ഫലപ്രദമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. റസിഡന്റ്‌സ് അസോസിയേഷനുകളുമായുള്ള മുഖാമുഖത്തില്‍ മറുപടി പറയുകയായരുന്നു മുഖ്യമന്ത്രി. തദ്ദേശ സ്ഥാപന തലത്തില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള ജനകീയ ഓഡിറ്റിങ് സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന നിര്‍ദേശം മുഖാമുഖത്തിലുയര്‍ന്നു. ജനകീയ ഓഡിറ്റില്‍ കണ്ടെത്തുന്ന അപാകതകള്‍ പരിഹരിക്കുന്നതിനും തുടര്‍ വീഴ്ചകള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുന്നതിനും തടസമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ഓണ്‍ലൈനായി സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. അഴിമതി രഹിത സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണിത് നടപ്പാക്കുന്നത്. ഇത്തരത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ വിഭാഗം ജീവനക്കാര്‍ ഇപ്പോഴും അഴിമതിയില്‍ നിന്ന് മുക്താരിയിട്ടില്ല. അത്തരക്കാരാണ് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷകള്‍ മടക്കുന്നതും തീരുമാനമെടുക്കുന്നതിന് കാരണമില്ലാതെ വൈകിപ്പിക്കുന്നതും. അകാരണമായുള്ള വൈകിപ്പിക്കല്‍ അഴിമതിയായി തന്നെ കണക്കാക്കും. എല്ലാത്തരം അഴിമതിയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കാന്‍ ആരും മടിക്കേണ്ട. പരിശോധന നടത്തി നടപടി ഉറപ്പാക്കും.

കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികളുടെ ഭാഗമായി വെള്ളക്കെട്ട് ഒരു പരിധി വരെ ലഘൂകരിക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി മറുപടി നല്‍കി. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി വിജയകരമായി നടപ്പാക്കി. സാധ്യമായ എല്ലാ നടപടികളും ഇക്കാര്യത്തില്‍ സ്വീകരിക്കും.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് വിന്‍ഡ്രോ കംപോസ്റ്റ് പ്ലാന്റ് പ്രവര്‍ത്തിച്ചുവരുന്നു. സിബിജി പ്ലാന്റ് നിര്‍മ്മാണം പുരോഗമിക്കുന്നു. കൊച്ചി കോര്‍പ്പറേഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവ ചേര്‍ന്ന് അജൈവ മാലിന്യ സംസ്‌കരണത്തിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണം സംബന്ധിച്ച് വയനാട് നിന്നുള്ള പ്രതിനിധി ചോദ്യമുന്നയിച്ചു. വന്യജീവി സംഘര്‍ഷ പ്രതിരോധത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് മന്ത്രിതല സമിതി സന്ദര്‍ശനം നടത്തി പരിശോധിച്ചിരുന്നു. വനത്തോട് ചേര്‍ന്നു കിടക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ഏകോപനത്തിന് തമിഴ്‌നാട്, കര്‍ണാടക, കേരള സംസ്ഥാനങ്ങളിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അന്തര്‍ സംസ്ഥാന ഏകോപന സമിതി രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി മറുപടി നൽകി.

മന്ത്രി എം.ബി രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം. അനില്‍ കുമാര്‍, തദ്ദേശ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യം, തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, സ്‌പെഷ്യല്‍ സെക്രട്ടറി മുഹമ്മദ് വൈ.സഫിറുള്ള, കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - The Chief Minister said that public auditing will be implemented effectively

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.