ഇടുക്കി: 2016-21 കാലയളവിൽ ഇടുക്കി ജില്ലയിൽ 37,815 പേർക്ക് പട്ടയം അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ ഇടുക്കിയിൽ 6459 പട്ടയങ്ങൾ വിതരണം ചെയ്‌തു. വനാവകാശ നിയമപ്രകാരം 368.94 ഏക്കർ ഭൂമിക്ക് കൈവശാവകാശ രേഖ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ആനവിലാസം വില്ലേജ് -മൂന്നാർ മേഖലയിൽ നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്നതും കാർഷികവൃത്തി മുഖ്യസ്രോതസായി നിൽക്കുന്ന മേഖലയായ ആനവിലാസം വില്ലേജിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത് അവിടുത്തെ ജനങ്ങൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഈ വില്ലേജിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് റവന്യൂ വകുപ്പിൻ്റെ എൻ.ഒ.സി വേണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കി.
മൂന്നാറിന്റെ വർഷങ്ങളായി നിലനിൽക്കുന്ന പരിസ്ഥിതി സന്തുലിത വികസന പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഇക്കാര്യത്തിലുള്ള നിർണായക ചുവടുവയ്‌പാണ് മൂന്നാർ ഹിൽ ഏര്യ അതോറിറ്റിയുടെ രൂപീകരണം. മൂന്നാർ മേഖലയിലെ പഞ്ചായത്തുകളുടെ ഒറ്റക്കൊറ്റക്കുള്ള പ്രവർത്തനത്തിലുപരി ദീർഘവീക്ഷണ കാഴ്‌ചപ്പാടോടെ മൂന്നാറിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനം പ്രാദേശിക സർക്കാരുകളുടെ കൂട്ടായ ചർച്ചകളിലൂടെ ആസൂത്രണം ചെയ്യുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യം.
മൂന്നാറിൻ്റെ വികസനം മുന്നിൽകണ്ട് നടപ്പാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അനധികൃത നിർമ്മാണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും വേണം. ഈ മേഖലയുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി ജോയിൻ്റ് ആസൂത്രണ സമിതി രൂപീകരിച്ചിട്ടുണ്ട്. മൂന്നാറിന്റെ ജൈവ പാരിസ്ഥിതിക വ്യവസ്ഥയും ടൂറിസം സാധ്യതയും നിലനിർത്തുന്നതിന് ഉപയുക്തമായ തരത്തിലായിരിക്കും അതോറിറ്റിയുടെ പ്രവർത്തനം. പരിസ്ഥിതിലോല പ്രദേശങ്ങളുടെ ജൈവവൈവിധ്യം സംരക്ഷിക്കാനും ഉപജീവനമാർഗം നിലനിർത്താനുമുള്ള ആവശ്യകത നിറവേറ്റാനും അതോറിറ്റിയുടെ പ്രവർത്തനത്തിലൂടെ സാധ്യമാകും.
പരിസ്ഥിതി സംതുലിത വികസനമാതൃകകൾക്കനുസൃതമായുള്ള നിർമ്മാണങ്ങളിലൂടെ ടൂറിസം സാധ്യത വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ദേശീയതലത്തിൽ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡ് അവാർഡ് നേടിയത് കാന്തല്ലൂർ വില്ലേജാണ്. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ ഗ്രീൻ സ്ട്രീറ്റ് പദ്ധതിക്കാണ് അവാർഡ്.
ഈ പദ്ധതി ടൂറിസം, പഞ്ചായത്ത് വകുപ്പുകൾ സംയുക്തമായി നടപ്പാക്കിയതാണ്. വിനോദ സഞ്ചാരവകുപ്പിൻ്റെ സഹകരണത്തോടെ വാഗമണ്ണിൽ കേരളത്തിലെ ആദ്യത്തെതും ഇന്ത്യയിലെ എറ്റവും നീളം കൂടിയതുമായ കാന്റിലിവർ ഗ്ലാസ് ബ്രിഡ്‌ജ് വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.