തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഭരണ നേട്ടങ്ങൾ പറയുന്നില്ല; ഓർമിപ്പിച്ചാൽ തിരിച്ചടി കിട്ടുമെന്നറിയാമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയില്ലെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതിയം​ഗം രമേശ് ചെന്നിത്തല. കെ.പി.സി.സി മാധ്യമ സമിതി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച മുഖാമുഖം പരമ്പരയിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. വോട്ട് ചെയ്യാനായി എന്തെങ്കിലും ഭരണനേട്ടമോ മറ്റ് കാരണങ്ങളോ ഉണ്ടെങ്കിൽ അത് മുഖ്യമന്ത്രി വ്യക്തമാക്കട്ടെ. എന്നാൽ, വോട്ട് ചെയ്യാതിരിക്കാൻ ആയിരം കാരണങ്ങളുണ്ട്. ഈ തെരഞ്ഞെടുപ്പ് എൽ.എഡി.എഫിന്റെ വാട്ടർ ലൂ ആണെന്നതിൽ സംശയമില്ല.

ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിലും പുതുപ്പള്ളിയിലും യു.ഡി.എഫിനുണ്ടായ വിജയത്തിന്റെ തുടർച്ച പാർലമെന്റ് തെരഞ്ഞെടപ്പിലു പ്രതിഫലിക്കും. കേന്ദ്ര-സംസ്ഥാന ഭരണവിരുദ്ധ വികാരവും മോദിയുടെയും മുഖ്യമന്ത്രിയുടെയും വർ​ഗീയ ധ്രുവീകരണത്തിനെതിരെയുള്ള ജനവികാരവും ആഞ്ഞടിക്കും. ബി.ജെ.പി-സി.പി.എം അന്തർധാരയും മതേതരത്വം തകർക്കാനുള്ള നീക്കവും കേരളത്തിൽ ചെലവാകില്ലെന്നും അദ്ദേഹ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണം അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോൾ കേരളത്തിൽ യു.ഡി.എഫ് തകർപ്പൻ വിജയം നേടുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 20-ൽ 20ഉം നേടി സമ്പൂർണ ആധിപത്യമുറപ്പിക്കും. ബി.ജെ.പിയും ഇടതുമുന്നണിയും ഇതുപോലെ നിരാശരായ തെരഞ്ഞെടുപ്പ് കാ​ലഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് സർക്കാരിന്റെ നേട്ടങ്ങളൊന്നും അവതരിപ്പിച്ച് വോട്ടുതേടാനാകുന്നില്ല. സർക്കാരിനെക്കുറിച്ച് ഒരക്ഷരം അദ്ദേഹം പറയുന്നില്ല.

ഓർമിപ്പിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണത്. എട്ടുവർഷമായി കേരളത്തെ തകർത്തു തരിപ്പണമാക്കിയ ഇടതുസർക്കാരെന്ന് കേട്ടാൽ ജനത്തിന് വാശി കൂടും. ജനങ്ങളുടെ ശക്തമായ പ്രതിഷേധം തെരഞ്ഞെടുപ്പിൽ അലയടിക്കും. അഴിമതിയും കൊള്ളയും നടത്തുന്ന സർക്കാരിനെതിരെ ഒരവസരത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ. അതുകൊണ്ടാണ് മുഖ്യമന്ത്രി ഭരണനേട്ടങ്ങളെക്കുറിച്ച് മിണ്ടാത്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഒരു വൻകിട വികസന പദ്ധതിയും പിണറായി സർക്കാരിന് ചൂണ്ടിക്കാട്ടാനില്ല. ജനങ്ങളെ ഭയവിഹ്വലരാക്കിയ കെ റെയിലാണ് ആകെ പറഞ്ഞിരുന്നത്. ജനം എതിർത്തതോടെ കെ റെയിൽ ദുസ്വപ്നമായി. ഏതോ മഹാകാര്യം നടത്താൻ പോകുന്നുവെന്ന പ്രതീതിയോടെയാണ് കെ ഫോൺ അവതരിപ്പിച്ചത്. ഇപ്പോൾ അതും നിലച്ചു. സി.പി.എമ്മിന് ആകെ അറിയാവുന്നത് കൊലപാതകമാണ്. അഴിമതിയും അക്രവുമാണ് അവരുടെ മുഖമുദ്ര. പാനൂരിൽ ബോംബ് ഉണ്ടാക്കിയത് ആരെ ആക്രമിക്കാനായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു അത്.

സിദ്ധാർഥ് എന്ന പാവപ്പെട്ട വിദ്യാർഥിയെ എസ്എഫ്ഐക്കാർ ആൾക്കൂട്ട വിചാരണയിലൂടെ കൊന്നുകളഞ്ഞതും ഈ അക്രമപരമ്പരയുടെ ഭാ​ഗമായിരുന്നു. എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വേദികൾ ശുഷ്കമാണ്. മുഖ്യമന്ത്രിയെ പേടിച്ച് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിൽ ആളുകളെ കൊണ്ടിരുത്തുന്നതല്ലാതെ മറ്റാരും എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - The Chief Minister does not mention the administrative achievements in the election; Chennithala said that he knows that if he reminds him, he will get backlash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.