തിരുവനന്തപുരം: കോൺഗ്രസിലെ അനവസരത്തിലുള്ള മുഖ്യമന്ത്രി ചർച്ചകളിൽ ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തി. വോട്ടെണ്ണലിനുശേഷം എം.എൽ.എമാരുടെ അഭിപ്രായം പരിഗണിച്ച് ഹൈകമാൻഡാണ് തീരുമാനിക്കുകയെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും സാമൂഹികമാധ്യമങ്ങളിലടക്കം ചേരിതിരിഞ്ഞുള്ള പോരിന് ഒരുകുറവുമില്ല. ഓരോരുത്തരുടെയും ഫോട്ടോ ചേർത്താണ് പ്രചാരണം.
തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മുഖ്യമന്ത്രി ചർച്ചകൾ അവസാനിപ്പിക്കണമെന്നും അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നുമുള്ള ദീപാദാസ് മുൻഷിയുടെ നിർദേശം കാറ്റിൽപറത്തിയാണ് ചർച്ചകൾ.
ഭരണത്തുടർച്ച അവസാനിപ്പിക്കാൻ വോട്ടുചെയ്ത ജനങ്ങൾ മുന്നണിയിൽനിന്ന് പ്രതീക്ഷിക്കുന്നത് ശക്തവും ഐക്യവുമുള്ള നേതൃത്വത്തെയാണ്. എന്നാൽ, വോട്ടെണ്ണുന്നതിന് മുമ്പേ കസേരക്ക് പിടിവലി കൂട്ടുന്ന നേതാക്കളുടെ ചിത്രം ജനങ്ങൾക്കിടയിൽ മുന്നണിയുടെ മതിപ്പ് കുറക്കുമെന്നാണ് ഘടകകക്ഷികളുടെ നിലപാട്. ആഭ്യന്തര ജനാധിപത്യം എന്ന പേരിലാണ് പുതിയ ചർച്ചകൾക്ക് ഒരുവിഭാഗം ന്യായീകരണം കണ്ടെത്തുന്നതെങ്കിലും ചേരിപ്പോര് മുന്നണിയിലുള്ള ആത്മവിശ്വാസം ദുർബലപ്പെടുത്തുമെന്ന് നേതാക്കൾ വിലയിരുത്തുന്നു. പരസ്യചർച്ചകൾ തടയുന്നതിൽ കോൺഗ്രസ് നേതൃത്വം കാര്യക്ഷമമല്ലെന്ന വിമർശനവും മുന്നണിയിലുണ്ട്.
എ.പി. അനിൽകുമാർ കഴിഞ്ഞ ദിവസം പാണക്കാട്ടെത്തിയത് മുഖ്യമന്ത്രി ചർച്ചയുടെ ഭാഗമാണെന്ന വിമർശനം കോൺഗ്രസിലുയർന്നിന്നു. പരമ്പരാഗത ഗ്രൂപ്പുകൾ ദുർബലമാവുകയും പുതിയ ഗ്രൂപ്പുകൾ ശക്തിയാർജിക്കുകയും ചെയ്ത പുതിയ സാഹചര്യത്തിൽ സംഘടനയിൽ അടിയൊഴുക്കും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.