ഒളിയമ്പുമായി ആർ. ശ്രീലേഖ; ‘ഡി.ജി.പിയോട് കോണ്‍സ്റ്റബിൾ പണി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് ഉണ്ടാകും’
തിരുവനന്തപുരം: കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജി വിശദീകരണത്തിലും ബി.ജെ.പി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ആര്‍. ശ്രീലേഖ. ഡി.ജി.പി പണി ചെയ്ത ആളോട് കോണ്‍സ്റ്റബിളിന്റെ പണി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടാകുമെന്ന് ആര്‍. ശ്രീലേഖ. എന്തുചെയ്താലും ചിലര്‍ വിമര്‍ശന പോസ്റ്റ് എഴുതുന്നു. വിഷമം തോന്നിയപ്പോഴാണ് മേയര്‍ക്ക് രാജി സന്ദേശം അയച്ചതെന്നുമാണ് വിശദീകരണം.
‘ശ്രീലേഖ ബി.ജെ.പിയില്‍നിന്ന് രാജിവെച്ചിട്ടില്ല. ബി.ജെ.പിയുടെ അഭിമാനമുള്ള അംഗമായി ആജീവനാന്തം തുടരും. ഞാനൊരു മോദി ഭക്തയാണ്. മോദിജി എന്നുപറഞ്ഞാല്‍ എനിക്കിപ്പോഴും ആരാധനാമൂര്‍ത്തിയാണ്. അതുകൊണ്ട് ഒരിക്കലും പാര്‍ട്ടി വിട്ടുപോകില്ല’-ശ്രീലേഖ പറഞ്ഞു. ശ്രീലേഖ ‘ബി.ജെ.പിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകയായി ജീവിതാന്ത്യം വരെ തുടരും; ഉറപ്പ് ’എന്ന തലക്കെട്ടോടെ പങ്കുവെച്ച വിഡിയോയിലാണ് ശ്രീലേഖയുടെ വിശദീകരണം.
‘കോർപറേഷനില്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ ഏറെ സന്തോഷിച്ച തന്നെ മേയര്‍ ആക്കാത്തതിനാലാണ് കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജിക്ക് കാരണമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ലെന്നും ശ്രീലേഖ പറഞ്ഞു. ഡി.ജി.പിയോട് പൊലീസ് കോണ്‍സ്റ്റബിളിന്റെ ജോലി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടും. ആ പ്രയാസങ്ങളെല്ലാം സഹിച്ചാണ് മത്സരിച്ചതും ജോലി ചെയ്തുകൊണ്ടിരിക്കുന്നതും. ജോലിയും അഡ്മിഷനും വേണം എന്നതടക്കം അതിര്‍ത്തിതര്‍ക്കങ്ങള്‍ ഉള്‍പ്പെടെ എനിക്ക് ചെയ്യാന്‍ പറ്റാത്ത പലകാര്യങ്ങളും രാത്രിവരെ വീട്ടിലും ഓഫിസിലും എത്തി ആളുകള്‍ സംസാരിക്കുന്നു. ഉപദേശം മതിയെന്ന് പറഞ്ഞ് അത് നിര്‍ദേശിച്ചാലും അവര്‍ തൃപ്തരായിരിക്കില്ല. ഒരു പൊലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞാല്‍ കേള്‍ക്കില്ല.
ബി.ജെ.പി കൗണ്‍സിലര്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ ആരും എന്നെ കേള്‍ക്കില്ല. ഭയങ്കര സമ്മര്‍ദ്ദത്തിലൂടെയാണ് പോകുന്നത്. എന്നെ കൊണ്ടുപറ്റുന്നില്ലെന്ന് ഒരു പരിധി കഴിഞ്ഞപ്പോള്‍ തോന്നി. ഫോണ്‍ കണക്ഷന്‍ ഇല്ലെങ്കിലോ ഇലക്ട്രിസിറ്റി ഇല്ലെങ്കിലോ ചപ്പുചവര്‍ കൂടികിടന്നാലോ ഓട വൃത്തികേടായി കിടന്നാലോ അപ്പപ്പോ ശരിയാക്കികൊടുക്കണം എന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 30നാണ് രാജി കൈമാറിയത്. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു. കഴിഞ്ഞ ഒമ്പത് മാസമായി തിരക്കിലായതിനാല്‍ തന്റെ സിസ്റ്റം മുഴുവന്‍ താറുമാറായി’ -ശ്രീലേഖ വിശദീകരിച്ചു.
പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുന്നതെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആർ. ശ്രീലേഖയുടെ വിഡിയോയിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് എസ്. സുരേഷ് രംഗത്തുവന്നു. ശ്രീലേഖക്ക് പരാതിയുണ്ടെങ്കിൽ പാർട്ടിക്ക് അകത്ത് പരിഹരിക്കുമെന്നും ഒന്നും നടക്കുന്നില്ല എന്നവർ പറഞ്ഞിട്ടില്ലെന്നും എസ്. സുരേഷ് പറഞ്ഞു.
എല്ലാം കഴിഞ്ഞ കാര്യം -മേയർ
തിരുവനന്തപുരം: രാജിവിഷയത്തിൽ ആർ. ശ്രീലേഖയുടെ വിശദീകരണം കേട്ടില്ലെന്ന് മേയർ വി.വി. രാജേഷ്. പറയാനുള്ളത് ശ്രീലേഖ പറഞ്ഞിട്ടുണ്ട്. എല്ലാം കഴിഞ്ഞുപോയ കാര്യമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.