പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിന് ഉപഹാരം നൽകുന്നു

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമുമായി സാദിഖലി തങ്ങള്‍ കൂടിക്കാഴ്ച നടത്തി

ക്വാലാലംപൂര്‍: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ 'സെരി പരദാന'യില്‍ മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സാദിഖലി തങ്ങള്‍ കൂടിക്കാഴ്ച നടത്തി.

ഇന്ത്യ സന്ദര്‍ശന വേളയില്‍ കോഴിക്കോട് മര്‍കസിലെത്തിയപ്പോള്‍ അന്‍വര്‍ ഇബ്രാഹീം, സാദിഖലി തങ്ങളെ മലേഷ്യയിലേക്ക് ക്ഷണിച്ചിരുന്നു. മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ചടങ്ങില്‍ പങ്കെടുക്കാനും, ദാത്തോ എം.ടി.പി ശാഹുല്‍ ഹമീദ് മെമ്മോറിയല്‍ പുരസ്‌കാരം സ്വീകരിക്കുന്നതിനുമായെത്തിയതായിരുന്നു സാദിഖലി തങ്ങള്‍.

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പതിറ്റാണ്ടികളുടെ ഊഷ്മള ബന്ധവും സഹകരണവും എടുത്ത് പറഞ്ഞ മലേഷ്യന്‍ പ്രധാനമന്ത്രി, മലയാളികളോടുള്ള പ്രത്യേക സ്‌നേഹവും സദിഖലി തങ്ങളുമായി പങ്കുവെച്ചു. വിദ്യാഭ്യാസ-വ്യാപാര രംഗങ്ങളില്‍ കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു. കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തെ കുറിച്ച് മതിപ്പു രേഖപ്പെടുത്തിയ അന്‍വര്‍ ഇബ്രാഹീം, മലേഷ്യ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്ല പരിഗണനയും സുരക്ഷയുമാണ് നല്‍കുന്നതെന്നും വ്യക്തമാക്കി. സിഖ്, ബുദ്ധ വിഭാഗത്തിലുള്ളവരെ തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

ഒട്ടേറെ മലയാളികളാണ് ജോലിയും പഠനവും വ്യാപാരവുമായി മലേഷ്യയില്‍ കഴിയുന്നത്. മലേഷ്യന്‍ ഭരണകൂടം ഇന്ത്യക്കാരോടും വിശിഷ്യാ മലയാളികളോടും കാണിക്കുന്ന കരുതലിനും സ്‌നേഹത്തിനും സാദിഖലി തങ്ങള്‍ നന്ദി അറിയിച്ചു. കടല്‍ ഭേദിക്കുന്ന ഈ ഊഷ്മള സൗഹൃദത്തിന്റെ പ്രതീകമായി ഒരു കപ്പല്‍ മാതൃകയും കേരളത്തിന്റെ പെരുമയായ ആറന്മുള കണ്ണാടിയും സാദിഖലി തങ്ങള്‍ അദ്ദേഹത്തിന് ഉപഹാരമായി സമ്മാനിച്ചു.

കേരള മുഖ്യമന്ത്രി വി.ഡി സതീശന്റെ സ്‌നേഹ സന്ദേശം കൈമാറിയ സാദിഖലി തങ്ങള്‍ പാണക്കാട്ടേക്ക് വീണ്ടും അതിഥിയായെത്തണമെന്നും അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായുണ്ടായിരുന്ന ഹൃദയ ബന്ധം അനുസ്മരിച്ച അന്‍വര്‍ ഇബ്രാഹീം, കേരളത്തിലെ മൈത്രിയില്‍ അദ്ദേഹത്തെ പോലുള്ള നേതാക്കളുടെ പങ്കും എടുത്ത് പറഞ്ഞു. പാണക്കാട് അസീല്‍ അലി ശിഹാബ് തങ്ങള്‍, എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷന്‍ ഖാസിം ഈനോളി എന്നിവരും സാദിഖലി തങ്ങളെ അനുഗമിച്ചു.

Tags:    
News Summary - Sadikali Thangal meets Malaysian PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.