സ്പോൺസേർഡ് യാത്ര മുതൽ മാസപ്പടി വരെ; വിവാദച്ചൂടിൽ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: നൂറ് ദിന കർമപരിപാടിയും മാസപ്പടി കേസും അടൂർ പ്രകാശിന്‍റെ വെളിപ്പെടുത്തലും വിമാനയാത്ര വിവാദവുമടക്കം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ പിടിവള്ളിയും പൊള്ളലുമേകുന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് നടുവിൽ നിയമസഭ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. നിയമനിർമണമാണ് പ്രധാന അജണ്ടയെങ്കിലും രാഷ്ട്രീയ കൊമ്പുകോർക്കൽ വേദിയാകും സഭാതലമെന്നുറപ്പാണ്. നൂറ് ദിന കർമപരിപാടികളുടെ ആത്മവിശ്വാസവുമായി നിയമസഭയയിലെത്തുന്ന ഭരണപക്ഷത്തെ നേരിടാൻ വൈദ്യുതി പ്രതിസന്ധിയടക്കം പ്രതിപക്ഷത്തിന്‍റെ ആവനാഴിയിൽ വിഷയങ്ങൾ അനവധിയാണ്.
എന്നാൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ അഴിമതിക്കേസും പ്രതിപക്ഷ നേതൃപദവിയിൽ സി.പി.ഐ ഇടഞ്ഞുനിൽക്കുന്നതും പാർട്ടിയിലെ വിശാലമായ തിരുത്തും ശാസനകളുമടക്കം സ്വന്തം പാളയത്തിലെ പുകച്ചിലുകൾ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ കടന്നാക്രമണങ്ങളുടെ മൂർച്ച കുറക്കും.
എക്സാലോജിക് കേസിൽ എഫ്.ഐ.ആറിന്‍റെ വക്കോളമെത്തി നിൽക്കുകയാണ് പ്രതിപക്ഷ നേതാവ് എന്നത് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്നു. സർക്കാർ പ്രഖ്യാപിച്ച അന്വേഷണ സംഘത്തെ റദ്ദാക്കിയതും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതും കോടതിയാണെന്നതിനാൽ വിഷയം സർക്കാറിനെതിരെ ആയുധമാക്കുന്നതിനുള്ള പരിമിതി എൽ.ഡി.എഫിനുണ്ട്. മുഖ്യമന്ത്രിക്കെതിരെ മുന്നണി കൺവീനർ പാർട്ടി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ച് തുറന്നടിച്ചത് പ്രതിപക്ഷം വിഷയമാക്കും.
വിഴിഞ്ഞം തുറമുഖവികസനം, പ്രിയദർശിനി സൗജന്യ ബസ് യാത്ര, ഓപറേഷൻ തൂഫാൻ, വയോജന വകുപ്പ്, തുടങ്ങിയവ പദ്ധതികളാണ് ഭരണപക്ഷത്തിന്‍റെ പിടിവള്ളി. സി.പി.എം വിപുലീകൃത കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനങ്ങളും പാർട്ടിക്ക് വീഴ്ചപറ്റിയെന്ന് പരസ്യ സമ്മതങ്ങളും സി.പി.എമ്മിനെതിരായ ആയുധങ്ങളാകും. ഇതിനെല്ലാമിടയിൽ പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി സി.പി.ഐ ഉയർത്തുന്ന പരസ്യപ്പോര് എൽ.ഡി.എഫിനെ ശരിക്കും വെട്ടിലാക്കിയിട്ടുണ്ട്. ഉപനേതൃപദവിയിൽ തീരുമാനമാകാതെ പാർലമെന്‍ററി പാർട്ടിയിലേക്കില്ലെന്ന് സി.പി.ഐ പ്രഖ്യാപിച്ചതിനാൽ ഈ സഭ സമ്മേളന കാലയളവിലും എൽ.ഡി.എഫിന്‍റെ സമ്പൂർണ പാർലമെന്‍ററി പാർട്ടി യോഗം ചേരാനാവില്ല.
ആദ്യമറുപടി മന്ത്രി അനൂപ് ജേക്കബിന്റേത്
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ രണ്ടാംസമ്മേളനം ചോദ്യോത്തരവേളയോടെ തിങ്കളാഴ്ച ആരംഭിക്കുമ്പോള്‍, ആദ്യം മറുപടി നല്‍കുന്നതു മന്ത്രി അനൂപ് ജേക്കബ്. നെയ്യാറ്റിന്‍കര എം.എല്‍.എ എന്‍. ശക്തനാണ് ആദ്യത്തെ ചോദ്യം ചോദിക്കാനുള്ള അവസരം. കഴിഞ്ഞ ജൂലൈയില്‍ നടന്ന ഒന്നാം സമ്മേളനത്തിലും ആദ്യത്തെ മറുപടി നല്‍കിയത് അനൂപ് ജേക്കബാണ്. ഒമ്പതിന് സഭ ആരംഭിക്കുമ്പോള്‍, നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളില്‍ ആദ്യത്തേത് സപ്ലൈകോയുടെ ഓണ ഉത്സവക്കാല വില്‍പനയുമായി ബന്ധപ്പെട്ടാണ്. എന്‍. ശക്തനു പുറമേ, സി.വി. ശാന്തകുമാര്‍, എം.ആര്‍. ബൈജു എന്നിവരും സമാനചോദ്യം ചോദിച്ചിട്ടുണ്ട്. നിയമസഭയുടെ ചരിത്രത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച അംഗം എന്ന റെക്കോഡ് അനൂപ് ജേക്കബിന്റെ പിതാവും മുന്‍ മന്ത്രിയുമായ ടി.എം. ജേക്കബിനാണ്. നിയമസഭയിലെ ചോദ്യോത്തരവേള ഫലപ്രദമായി ഉപയോഗിച്ച അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.