ആശുപത്രികളിൽ കെട്ടിക്കിടക്കുന്നു; 450 കോടിയുടെ ഉപകരണങ്ങൾ

തിരുവനന്തപുരം: മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ 450 കോടിയോളം രൂപയുടെ ഉപകരണങ്ങൾ പെട്ടിപോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന് കണ്ടെത്തൽ. മന്ത്രി കെ. മുരളീധരന്റെ നിർദേശപ്രകാരം ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ കണക്കെടുപ്പിലാണ് കണ്ടെത്തൽ.

വെന്റിലേറ്ററുകൾ, ഡിജിറ്റൽ എക്സ്-റേ, മാമോഗ്രാം മെഷീനുകൾ, ഡയാലിസിസ് മെഷീനുകൾ എന്നിവ ഉൾപ്പെടെ ഉപയോഗിക്കാത്ത നിലയിൽ കണ്ടെത്തി. മുമ്പ് മെഡിക്കൻ സർവിസസ് കോർപറേഷൻ വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ ഉപയോഗശൂന്യമായ വിവരം പുറത്തുവന്നിരുന്നു. അതിൽ അന്വേഷണം നടക്കുമ്പോഴാണ് മെഡിക്കൽ ഉപകരണങ്ങളുടെ കണക്കെടുത്തത്.

അതേസമയം, നിർമാണത്തിലിരിക്കുന്ന ഒട്ടേറെ ആശുപത്രി കെട്ടടങ്ങൾക്കായി മുൻകൂട്ടി പലരും വാങ്ങി നൽകിയതും എം.പി, എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക നഷ്ടപ്പെടാതിരിക്കാൻ മുൻകൂട്ടി വാങ്ങിയ ഉപകരണങ്ങളും ഇക്കുട്ടത്തിൽ പെടുമെന്നും പറയപ്പെടുന്നു. വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

ആരോഗ്യവകുപ്പിനെ വെള്ളാനയാക്കി മാറ്റുന്ന കുറേ ആളുകൾ വകുപ്പിലുണ്ട്. ഓരോന്നായി കണ്ടുപിടിച്ച് നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. എൻ.എച്ച്.എം, ഡി.എം.ഇ വാങ്ങിയ ഉപകരണങ്ങളുടെ കണക്കുകൾ കൂടി എടുക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിന് മേൽ വില വരുന്ന ഉപകരണങ്ങളാണ് അനാഥമായി കിടക്കുന്നത്. മൂന്നുലക്ഷത്തിൽ താഴെയുള്ള ഉപകരണങ്ങളുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - Hospitals are stockpiling equipment worth Rs 450 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.