ഒറ്റപ്പാലം: അമിത വേഗത്തിലോടിച്ച ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസിൽ ടിപ്പർ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആനക്കര കുമ്പിടി അടലാം കുന്നത്ത് നൗഷാദിനാണ് (42) ഒറ്റപ്പാലം അഡിഷണൽ ജില്ല സെഷൻസ് ജഡ്ജ് പി. സൈതലവി ശിക്ഷ വിധിച്ചത്.
പിഴ അടക്കാത്തപക്ഷം ഒരു മാസം അധിക തടവ് കൂടി അനുഭവിക്കണം. 2020 ജനുവരി 30ന് രാവിലെ 9.30 നാണ് കേസിനാസ്പദമായ സംഭവം. തൃത്താല ഒതളൂർ-പറക്കുളം പബ്ലിക് റോഡിലൂടെ പ്രതി അതിവേഗതയിൽ ഓടിച്ചുപോയ ടിപ്പർ ലോറി, കല്ലടത്തൂർ ഗോഖലെ സ്കൂളിന് മുൻവശം അതേദിശയിൽ ഓടിച്ചുപോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
സ്കൂട്ടർ യാത്രക്കാരി കോട്ടൂർ മോഡൽ സ്കൂൾ അധ്യാപിക രേഷ്മ മരിച്ചു. പ്രതിക്കെതിരെ മനഃപൂർവമായ നരഹത്യക്കാണ് കുറ്റപത്രം സമർപ്പിച്ചത്. തൃത്താല പൊലീസ് എസ്.ഐ എസ്. അനീഷായിരുന്നു അന്വേഷണം നടത്തിയത്. കേസിൽ 10 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ. ഹരി ഹാജരായി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.