കൊല്ലം: സംസ്ഥാനത്ത് സമഗ്ര നഗരനയം രൂപവത്കരിക്കുന്നതിന് കമീഷനെ നിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളം കൂടുതലായി നഗരവത്കരിക്കപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും രാജ്യത്തുതന്നെ ഇത് ആദ്യമാണെന്നും തദ്ദേശ ഭരണ മന്ത്രി എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഈ മേഖലയിലെ വിദഗ്ധനായ ഡോ. എം. സതീഷ് കുമാറാണ് കമീഷന് അധ്യക്ഷന്‍. യു.കെയിലെ ബെല്‍ഫാസ്റ്റ് ക്വീന്‍സ് സർവകലാശാലയിൽ സീനിയര്‍ അസോ. പ്രഫസറാണ് അദ്ദേഹം. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാർ, നഗരാസൂത്രണ വിദഗ്ധൻ ഡോ.ഇ. നാരായണന് എന്നിവർ സഹഅധ്യക്ഷരാണ്. തദ്ദേശ ഭരണവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മെംബർ സെക്രട്ടറിയാവും. ജെ.എന്‍.യു സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ ഡോ. ജാനകി നായർ, മുനിസിപ്പല്‍ ചെയര്‍മെന്‍സ് ചേംബര്‍ അധ്യക്ഷന്‍ എം. കൃഷ്ണദാസ്, ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ ഡോ. കെ.എസ്. ജെയിംസ്, ഹഡ്കോ മുന്‍ സി.എം.ഡി വി. സുരേഷ്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ് മുന്‍ ഡയറക്ടര്‍ ഹിതേഷ് വൈദ്യ, ന്യൂഡല്‍ഹി സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറിലെ ഡോ. അശോക് കുമാർ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി മുന്‍ രജിസ്ട്രാര്‍ ഡോ. വൈ.വി.എൻ കൃഷ്ണമൂർത്തി, നഗരകാര്യ വിദഗ്ധരായ പ്രഫ. കെ.ടി രവീന്ദ്രൻ, തെക്കിന്ദർ സിങ് പൻവാർ എന്നിവർ അംഗങ്ങളാകും.
ഒരുവര്‍ഷ കാലാവധിയാണ് കമീഷനുള്ളത്. തൃശൂർ കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമീഷന് സെക്രട്ടേറിയറ്റ്. ഇതിനായി നഗര നയ സെല്‍ രൂപവത്കരിക്കും. നഗരവത്കരണത്തെകുറിച്ച ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് കമീഷന് പ്രവര്‍ത്തനം സഹായകമാവും.
കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതെളിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കമീഷന്റെ കണ്ടെത്തലുകളും ശിപാര്‍ശകളും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2035ഓടെ 92.8 ശതമാനത്തിന് മുകളില്‍ നഗരവത്കരിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറുമെന്നാണ് ദേശീയ ജനസംഖ്യാ കമീഷന് വിലയിരുത്തല്‍. അതുകൂടി പരിഗണിച്ചാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.