വൈത്തിരി: വയനാട് ചുരം വ്യൂപോയന്റിൽ ബ്രേക്ക് നഷ്ടമായ ബസ് മനസ്സാന്നിധ്യം കൈവിടാതെ സുരക്ഷിതമായി നിർത്തി കെ.എസ്.ആർ.ടി.സി ഡ്രൈവർ. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിലെ യാത്രക്കാർക്കാണ് ഡ്രൈവർ കുന്ദമംഗലം പത്താംമൈൽ സ്വദേശി സി. ഫിറോസ് രക്ഷകനായത്.
ബ്രേക്ക് നഷ്ടമായതറിഞ്ഞ ഉടൻ ഫിറോസ് ബസിന്റെ വേഗംകുറച്ച് ഹാൻഡ് ബ്രേക്കിട്ട് നിർത്തിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. വ്യാഴാഴ്ച രാത്രി 9.30ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് കുട്ട-മാനന്തവാടി വഴി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ സൂപ്പർ ഡീലക്സ് ബസ് വെള്ളിയാഴ്ച പുലർച്ച 5.40 ചുരം വ്യൂപോയന്റിലെത്തിയപ്പോഴാണ് സംഭവം.
ബ്രേക്ക് കിട്ടാതായതോടെ പെട്ടെന്ന് ഗിയർ ഡൗൺ ചെയ്ത് വേഗത കുറച്ചയുടൻ ഹാൻഡ് ബ്രേക്കിട്ട് ബസ് നിർത്തുകയായിരുന്നു. ബസ് ഒതുക്കിനിർത്തിയശേഷമാണ് ഉറക്കത്തിലായിരുന്ന 38 യാത്രക്കാരും വിവരം അറിഞ്ഞത്. തങ്ങളുടെ ജീവൻ രക്ഷിച്ച ഫിറോസിനെ യാത്രക്കാർ അഭിനന്ദിച്ചു. യാത്രക്കാരെ തൊട്ടുപിന്നിൽ വന്ന സൂപ്പർ ഫാസ്റ്റ് ബസിൽ കയറ്റി വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.