കോട്ടയം: ഏകദേശം 68 വർഷം പഴക്കമുള്ള കോട്ടയം മെഡിക്കൽ കോളജിലെ ആദ്യകാല കെട്ടിടമാണ് ഇന്നലെ പൊളിഞ്ഞുവീണത്. ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് 2013ൽതന്നെ പൊതുമരാമത്ത് വിഭാഗം സർക്കാറിന് റിപ്പോർട്ട് നൽകിയതാണ്. എന്നാൽ, അതിനുശേഷം 12 വർഷമായി കെട്ടിടത്തിൽ സർജിക്കൽ വാർഡുകൾ പ്രവർത്തിച്ചുവരുകയായിരുന്നു.
കെട്ടിടം അടച്ചിട്ടിരുന്നെങ്കിൽതന്നെ ശൗചാലയം ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തം. മൂന്ന് നിലയുള്ള സർജിക്കൽ ബ്ലോക്കിലെ ബാത്ത്റൂം ബ്ലോക്കാണ് ഇടിഞ്ഞുവീണത്. അഞ്ച് ശൗചാലയം വീതമുള്ള മൂന്നുനിലകളാണ് ഇവിടെയുള്ളത്. പുതിയ കെട്ടിടത്തിലേക്ക് വാർഡുകളുടെ പ്രവർത്തനം മാറ്റാനുള്ള നടപടികൾക്കിടെയായിരുന്നു അപകടം.
കഴിഞ്ഞ ദിവസം ശക്തമായ മഴയും ഇവിടെ ഉണ്ടായിരുന്നു. ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കാണിച്ച് 2013ൽ പൊതുമരാമത്ത് വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സമ്മതിച്ചു. എന്നാൽ, അന്ന് സർക്കാർ പുതിയ കെട്ടിടത്തിനായി ഫണ്ട് മാറ്റിവെച്ചില്ല. 2016ൽ അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാറാണ് ഇതിനായി ഫണ്ട് അനുവദിച്ചത്. 2021-’22ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചത്. 524 കോടി രൂപ ചെലവിലാണ് സൂപ്പർ സ്പെഷാലിറ്റി, സർജിക്കൽ ബ്ലോക്കുകൾ നിർമിക്കുന്നത്.
ഈ ബ്ലോക്കിലേക്ക് രോഗികളെ മാറ്റുന്നത് സംബന്ധിച്ച് കഴിഞ്ഞ മേയ് 30ന് ആശുപത്രിയിൽ യോഗം ചേർന്നെന്നും മന്ത്രിമാരായ വീണ ജോർജും വി.എൻ. വാസവനും വിശദീകരിക്കുന്നു.
തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് (56) കെട്ടിടം തകർന്ന് മരിച്ചത്. രാവിലെ 10.30-നായിരുന്നു കെട്ടിടം തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരും പെട്ടിട്ടില്ലെന്നാണ് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കൂടുതൽ തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് 12.30ഓടെ തിരച്ചിൽ തുടങ്ങി. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് കൂടുതൽ പരിശോധന നടത്തിയപ്പോൾ ഉച്ചക്ക് ഒരു മണിയോടെ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു.
ട്രോമാ കെയറിൽ ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു ബിന്ദുവും ഭർത്താവ് വിശ്രുതനും. കെട്ടിടം തകർന്നതിന് പിന്നാലെ ബിന്ദുവിനെ കാണാതായതായി ഭർത്താവ് പറഞ്ഞിരുന്നു. പതിനാലാം വാർഡിലെ ശുചിമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവ് സംശയം പ്രകടിപ്പിച്ചിരുന്നു.
അതേസമയം, സംഭവത്തിൽ കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, കൊച്ചി, കോഴിക്കോട് അടക്കം സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.