തിരുവനന്തപുരം: ബുധനാഴ്ച മുതൽ റെഗുലർ സർവിസ് ആരംഭിക്കുന്ന രണ്ടാം വന്ദേഭാരതിലേക്കുള്ള സീറ്റ് റിസർവേഷൻ ആരംഭിച്ചു. ഏഴ് ചെയർകാറുകളും ഒരു എക്സിക്യൂട്ടിവ് കോച്ചുകളുമുള്ള വന്ദേഭാരതിൽ വേഗത്തിലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആദ്യദിവസം. ഞായറാഴ്ച ഉച്ചക്ക് 12ന് കാസർകോടാണ് ട്രെയിനിന്‍റെ ഫ്ലാഗ്ഓഫ് ചടങ്ങ്. അറ്റകുറ്റപ്പണികൾ ഉള്ളതിനാൽ തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20632) തിങ്കളാഴ്ചകളിൽ സർവിസ് നടത്തില്ല. കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് (20631) ചൊവ്വാഴ്ചകളിലും. ഫലത്തിൽ ബുധനാഴ്ച മുതലാണ് ഇരുദിശകളിലേക്കും ഓടിത്തുടങ്ങുക.
വേഗമേറിയ ട്രെയിനായതിനാൽ യാത്രാവശ്യകത ഏറെയാണെങ്കിലും എട്ട് ബോഗികളേ ഉള്ളൂവെന്നതാണ് പരിമിതി. ഒന്നാം വന്ദേഭാരതിന് 16 കോച്ചുകളുണ്ടായിട്ടും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. അതേസമയം ആലപ്പുഴ വഴിയാണെന്നതും തിരൂരിൽ സ്റ്റോപ് അനുവദിച്ചതുമാണ് രണ്ടാം വന്ദേഭാരതിന്‍റെ പ്രത്യേകത. സർവിസ് ആലപ്പുഴ വഴിയായതിനാൽ കോട്ടയം വഴിയുള്ളതിനേക്കാൾ 15 കിലോമീറ്റർ ദൂരം കുറയും. ഇത് നിരക്കിലും പ്രതിഫലിക്കുന്നുണ്ട്. തിരുവനന്തപുരം-കാസർകോട് യാത്രക്ക് ചെയർകാറിൽ 1515 രൂപയാണ് നിരക്ക്. എക്സിക്യൂട്ടീവ് കോച്ചിൽ 2800ഉം. ഭക്ഷണം ഒഴിവാക്കിയാൽ നിരക്ക് വീണ്ടും കുറയും.
കാസർകോട് നിന്നാരംഭിക്കുന്ന സർവിസിന് എട്ടുമണിക്കൂറും അഞ്ച് മിനിറ്റുമാണ് റണ്ണിങ് സമയം. തിരുവനന്തപുരത്ത് നിന്നുള്ള സർവിസിന് ഏഴ് മണിക്കൂറും 53 മിനിറ്റും. ആദ്യ യാത്രയിൽ സ്കൂൾ വിദ്യാർഥികൾക്കും അവസരം ഒരുക്കിയിട്ടുണ്ട്. ട്രെയിനിന്‍റെ ദൈനംദിന അറ്റകുറ്റപ്പണികൾ കൊച്ചുവേളിയിലാണ് നടക്കുക. പാലക്കാട് ഡിവിഷനാണ് ട്രെയിൻ അനുവദിച്ചതെന്നതിനാൽ മംഗളൂരുവിലായിരുന്നു ആദ്യം അറ്റകുറ്റപ്പണികൾ നിശ്ചയിച്ചിരുന്നത്. മംഗളൂരുവിലേക്ക് ട്രെയിൻ സർവിസ് നടത്താത്തതും കാസർകോട് നിന്ന് മംഗളൂരുവിലേക്ക് ഓടി അറ്റകുറ്റപ്പണി പൂർത്തയാക്കി തിരിച്ചെത്താൻ സമയമെടുക്കുമെന്നതിനാണ് കൊച്ചുവേളിയെ ഇതിനായി തെരഞ്ഞെടുത്തത്.
തിരുവനന്തപുരം, പാലക്കാട്, മധുര, സേലം, ചെന്നൈ, തൃച്ചി എന്നിങ്ങനെ അഞ്ച് ഡിവിഷനുകളാണ് ദക്ഷിണ റെയിൽവേക്ക് കീഴിലുള്ളത്. ഇതിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള തിരുവനന്തപുരം-കാസർകോട് -തിരുവനന്തപുരം വന്ദേഭാരത്, ചെന്നൈ, സേലം ഡിവിഷനുകളെ ബന്ധിപ്പിച്ചുള്ള ചെന്നൈ-കോയമ്പത്തൂർ -ചെന്നൈ വന്ദേഭാരത് എന്നിങ്ങനെ രണ്ട് എണ്ണമാണ് ദക്ഷിണ റെയിൽവേക്ക് കീഴിൽ നിലവിൽ ഓടുന്നത്. ഇതിന് പുറമേയാണ് കേരളത്തിലേതടക്കം മൂന്ന് സർവിസുകൾ കൂടി ലഭിക്കുന്നത്. സൗത്ത് വെസ്റ്റേൺ സോണിന് കീഴിലെ മൈസൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും വന്ദേഭാരത് സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.