പാലക്കാട്: വിഷം അകത്തുചെന്ന് ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുൻപെ വിട്ടുനൽകി. പിന്നാലെ ആശുപത്രി അധികൃതർ വീട്ടിലെത്തി മൃതദേഹം തിരികെ കൊണ്ടുപോയി. അസ്വാഭാവിക മരണത്തിൽ പോസ്റ്റുമോർട്ടം നടത്തിയില്ലെന്ന അബദ്ധം മനസ്സിലാക്കിയതോടെയാണ് വീട്ടിൽ പൊതുദർശനത്തിനു വെച്ച മൃതദേഹം തിരികെ കൊണ്ടുപോയത്. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം.
സെപ്റ്റംബർ 25നാണ് മുണ്ടൂർ സ്വദേശി സദാശിവനെ (62) വിഷം കഴിച്ച നിലയിൽ ജില്ല ആശുപത്രിയിൽ എത്തിച്ചത്. ഒരു മാസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് 5.30ഓടെ മരിച്ചു. തുടർന്ന് ബന്ധുക്കൾ ആംബുലൻസിൽ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.
എന്നാൽ, പിന്നീടാണ് ആശുപത്രി അധികൃതർക്കു പറ്റിയ അമളി മനസ്സിലായത്. ഇതോടെ ആശുപത്രി ജീവനക്കാരും പിന്നാലെ വീട്ടിലെത്തി. അപ്പോഴേക്കും മൃതദേഹം പൊതുദർശനത്തിനു വെച്ചിരുന്നു. തിങ്കളാഴ്ച സംസ്കാര സമയവും നിശ്ചയിച്ചിരുന്നു. പോസ്റ്റുമോർട്ടം നടത്തിയിട്ടില്ലെന്നും മൃതദേഹം തിരികെ കൊണ്ടുപോകണമെന്നും ആശുപത്രി ജീവനക്കാർ അറിയിച്ചു. ജീവനക്കാർക്കൊപ്പം പൊലീസും സ്ഥലത്തെത്തിയിരുന്നു.
പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണസർട്ടിഫിക്കറ്റ് ലഭിക്കൂ എന്ന് അറിയിച്ചതോടെ ബന്ധുക്കൾ സമ്മതംമൂളി. ജില്ല ആശുപത്രിയുടെ സ്വന്തം ചെലവിൽ ആംബുലൻസ് നൽകിയാണ് മൃതദേഹം തിരികെയെത്തിച്ചത്. തിങ്കളാഴ്‌ച രാവിലെ പോസ്റ്റുമോർട്ടം നടത്തി. ജില്ല ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായും കുടുംബത്തിന് മാനസികപ്രയാസം ഉണ്ടായതായും ബന്ധുക്കൾ ആരോപിച്ചു. ഇതുസംബന്ധിച്ച് കുടുംബം പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം. പോസ്റ്റുമോർട്ടത്തിനുശേഷം സദാശിവന്‍റെ മൃതദേഹം സംസ്കരിച്ചു. വീഴ്‌ച സംബന്ധിച്ച് ബന്ധപ്പെട്ട ഡോക്ടറിൽനിന്നും ജീവനക്കാരിൽനിന്നും വിശദീകരണം തേടുമെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് പി.കെ. ജയശ്രീ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.