ആര്യ, ഗ്രീഷ്മ
കൊട്ടിയം (കൊല്ലം): നവജാതശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാണാതായ രണ്ട് യുവതികളുടെയും മൃതദേഹങ്ങൾ ഇത്തിക്കരയാറ്റിൽനിന്ന് കണ്ടെത്തി. കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ ചോദ്യംചെയ്യലിനായി ഹാജരാകാൻ പാരിപ്പള്ളി പൊലീസ് നോട്ടീസ് നൽകിയ ആര്യ, ഗ്രീഷ്മ എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച കണ്ടെത്തിയത്.
കുഞ്ഞ് മരിച്ച സംഭവത്തിൽ കഴിഞ്ഞദിവസം അറസ്റ്റിലായ മാതാവ് രേഷ്മ റിമാൻഡിലാണ്. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിെൻറ സഹോദര ഭാര്യയാണ് ആര്യ (25). വിഷ്ണുവിെൻറ സഹോദരിയാണ് ഗ്രീഷ്മ (21). വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്.
ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീെൻറ നേതൃത്വത്തിൽ സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇത്തിക്കര ഭാഗത്ത് വെച്ച് ഫോൺ ഓഫായതായി കണ്ടെത്തി. നിരീക്ഷണ കാമറകളിൽനിന്ന് ഇവർ ഇത്തിക്കരയെത്തിയതായും കണ്ടെത്തിയിരുന്നു.
ഇതോടെ ഇവർ ഇത്തിക്കരയാറ്റിൽ ചാടിയിട്ടുണ്ടാവാമെന്ന ധാരണയിൽ വെള്ളിയാഴ്ച രാവിലെ ഫയർഫോഴ്സിെൻറ സ്കൂബാ ടീം ആറ്റിൽ തിരച്ചിൽ ആരംഭിച്ചു. മീനാട് ഇഷ്ടിക കമ്പനിക്ക് സമീപത്തുനിന്ന് ആദ്യം ആര്യയുടെയും വൈകീട്ട് ഗ്രീഷ്മയുടെയും മൃതദേഹം ലഭിച്ചു. ഇതോടെ ശിശു മരിച്ച സംഭവത്തിൽ ദുരൂഹതയേറി.
ചോദ്യംചെയ്യുന്നതിന് പൊലീസ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് വ്യാഴാഴ്ച ഉച്ചക്ക് വീട്ടിൽ ആത്മഹത്യകുറിപ്പ് എഴുതിെവച്ച് ഇരുവരും വീടുവിട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മേവനകോണം തച്ചകോട്ട് വീട്ടിൽ രഞ്ജിത്താണ് ആര്യയുടെ ഭർത്താവ്. മേവനകോണം രേഷ്മ ഭവനിൽ രജിതയുടെയും രാധാകൃഷ്ണൻ നായരുടെയും മകളാണ് ഗ്രീഷ്മ. ആര്യക്ക് ഒരു ആൺകുഞ്ഞുണ്ട്.
അറിഞ്ഞു കൊണ്ട് ആരെയും ചതിച്ചിട്ടില്ലെന്നും പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടികൂടുന്നത് സഹിക്കാനാകുന്നില്ലെന്നും ആര്യയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അവൾ വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഭർത്താവിനൊടൊപ്പം ജീവിച്ച് കൊതി തീർന്നില്ലെന്നും, രേഷ്മയുടെ നല്ലതിന് വേണ്ടി മാത്രമേ ചിന്തിച്ചിട്ടുള്ളുവെന്നും മകനെ നോക്കി കൊള്ളണമെന്നും, ഞങ്ങൾ പോകുകയാണെന്നും തുടർന്നു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.