വഴുതക്കാട്ടെ വസതിയിലെത്തിയ എ.ഐ.സി.സി ജററൽ സെക്രട്ടറി കെ.സി വേണുഗോപാൽ രമേശ് ചെന്നിത്തലയുമായി സൗഹൃദ സംഭാഷണത്തിൽ. നിയുക്ത എം.എൽ.എമാരായ അൻവർ സാദത്ത്, ജ്യോതികുമാർ ചാമക്കാല എന്നിവർ സമീപം
തിരുവനന്തപുരം: സാമ്പത്തിക വെല്ലുവിളികൾക്കിടയിലും വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്ത് ആദ്യദിനങ്ങളിൽ തന്നെ ജനപ്രിയ തീരുമാനങ്ങളുണ്ടാകും. തെരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങൾക്ക് പ്രഥമ പരിഗണന നൽകും. അതിനൊപ്പം, കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചുള്ള തീരുമാനവുമുണ്ടാകും.
നിലവിൽ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധിയിലാണ്. ‘പൂച്ച പെറ്റുകിടക്കുന്ന ഖജനാവെ’ന്ന് പ്രതിപക്ഷത്തിരുന്നപ്പോൾ വി.ഡി. സതീശൻ ഉൾപ്പെടെ പരിഹസിച്ചതാണ്. ആ സാഹചര്യത്തിൽ അധിക സാമ്പത്തിക ബാധ്യതയില്ലാത്ത പ്രവർത്തനങ്ങളാണ് ഉണ്ടാകുക. സതീശന് കൂടുതൽ സമയം അനുവദിക്കണമെന്ന് എ.കെ. ആന്‍റണി ആവശ്യപ്പെട്ടതും ധനസ്ഥിതി പരിഗണിച്ചാണ്.
സാമ്പത്തിക ‘വിദഗ്ധൻ’ കൂടിയായ വി.ഡി. സതീശൻ ഭരണം ഏറ്റെടുക്കുന്നത് വികസനം ലക്ഷ്യമിട്ടുള്ള കൃത്യമായ ബ്ലൂപ്രിന്‍റുമായാണ്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഒരു ടീമായി ഉയർന്ന് പ്രവർത്തിക്കാമെന്നാണ് ഘടകകക്ഷി നേതാക്കളോടും സഹപ്രവർത്തകരോടും നിയുക്ത മുഖ്യമന്ത്രി വ്യക്തമാക്കിയത്. സർക്കാർ മുൻഗണന നൽകേണ്ട കാര്യങ്ങൾ ഘടകകക്ഷികളിൽനിന്നും സതീശൻ തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് പ്രഖ്യാപിച്ച അഞ്ച് ഗാരന്‍റികൾ നടപ്പാക്കുകയാണ് പ്രധാനമായും മുന്നിലുള്ളത്. കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര വാഗ്ദാനം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയും ഇടതുപക്ഷത്തിന്‍റെ വിമർശനവുമുണ്ടാക്കിയതാണ്. ഈ ഉറപ്പ് പാലിക്കാനുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനാകും പ്രഥമ പരിഗണന.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആശ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിക്കുന്ന തീരുമാനം ആദ്യ മന്ത്രിസഭ യോഗത്തിലുണ്ടാകുമെന്ന് വി.ഡി. സതീശൻ നേരത്തെ നൽകിയ ഉറപ്പാണ്. റബറിന്‍റെ താങ്ങുവില ഉയർത്തുന്ന നടപടി തുടക്കത്തിലുണ്ടാകുമെന്ന് രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചിരുന്നു. ബിരുദതലം മുതലുള്ള വിദ്യാർഥിനികൾക്ക് 1000 രൂപ സ്കോളർഷിപ്, ക്ഷേമപെൻഷൻ 3000 രൂപയാക്കും, 25 ലക്ഷത്തിന്റെ കുടുംബ ഇൻഷുറൻസ്, സംരംഭം തുടങ്ങാൻ അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, വയോജന വകുപ്പ് എന്നീ പ്രഖ്യാപനങ്ങളാണ് യു.ഡി.എഫ് നടത്തിയത്. ഇവ പെട്ടെന്ന് നടപ്പാക്കുകയെന്നത് വെല്ലുവിളിയാണ്.
തിങ്കളാഴ്ച സർക്കാർ അധികാരത്തിലേറിയാൽ 21ന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നടക്കും. 29ന് നയപ്രഖ്യാപനം നടത്താനാണ് ഉദ്ദേശിക്കുന്നത്. നയപ്രഖ്യാപനത്തിൽ സർക്കാറിന്‍റെ ഭരണരീതി ഉൾപ്പെടെ വ്യക്തമാക്കും. ജൂൺ അഞ്ചിന് തിരുത്തൽ ബജറ്റും അവതരിപ്പിക്കും. ഇതിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. അതിന് പുറമെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രവും ഇറക്കിയേക്കും. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് നടന്ന ചില ഇടപാടുകൾ, ധൂർത്ത്, ശബരിമല സ്വർണക്കൊള്ള തുടങ്ങിയവയിലെല്ലാം അന്വേഷണം വേണമെന്ന ആവശ്യമുണ്ട്. എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് പി.ആർ.ഡിയെയും കിഫ്ബിയെയുമെല്ലാം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആക്ഷേപങ്ങളുണ്ട്. അക്കാര്യങ്ങളിലെല്ലാം സർക്കാർ അധികാരമേറ്റാലുടൻ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.