നിലക്കരുതേ, ഈ കിളിക്കൊഞ്ചൽ...കോക്ലിയന്‍ ഇംപ്ലാന്റേഷന്‍ നടത്തിയ 70 പേര്‍ ശബ്ദലോകത്ത് തുടരാന്‍ അധികൃതര്‍ കനിയണം

ഗുരുവായൂര്‍: ജന്മനായുള്ള ബധിരതയെയും മൂകതയെയും അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ മറികടന്ന കുരുന്നുകള്‍ ശബ്ദത്തിന്റെ ലോകത്ത് തുടരാന്‍ കണ്ണീരുമായി അധികാരികള്‍ക്ക് മുന്നില്‍. കേള്‍വിശക്തിയും സംസാരശേഷിയും കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ എന്ന ചെലവേറിയതും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ തിരിച്ചുപിടിച്ച 70 കുരുന്നുകളാണ്, ശസ്ത്രക്രിയയിലൂടെ ഘടിപ്പിച്ച കോക്ലിയറുകള്‍ അപ്‌ഗ്രേഡ് ചെയ്യാൻ അധികൃതരുടെ കാരുണ്യം തേടുന്നത്. ഒരു ചെവിയുടെ കേള്‍വിശക്തിക്ക് മാത്രമായി എട്ട് ലക്ഷത്തോളം ചെലവുവരുന്ന ശസ്ത്രക്രിയ സര്‍ക്കാറിന്റെ സഹകരണത്തോടെ സൗജന്യ നിരക്കില്‍ ചെയ്തവരാണിവര്‍. ശ്രവണസഹായ ഉപകരണങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാനും അറ്റകുറ്റപ്പണി നടത്താനുമാണ് സര്‍ക്കാറിന്റെ സഹായം തേടുന്നത്.

പല കമ്പനികളുടെ മോഡലുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ പുതിയ സംവിധാനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം. ഇതിന് മൂന്ന് ലക്ഷത്തോളം രൂപ ചെലവുവരും. കേടുവന്നവയുടെ അറ്റകുറ്റപ്പണിക്ക് എൺപതിനായിരത്തോളമാണ് ചെലവ്. സാമൂഹികനീതി വകുപ്പിന്റെ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള 'അനുയാത്ര' പദ്ധതിയുടെ ഉപപദ്ധതിയായ കേള്‍വി വൈകല്യങ്ങള്‍ പരിഹരിക്കുന്ന 'കാതോരം' ആണ് ഇവര്‍ക്ക് ആശ്രയമായത്. തദ്ദേശ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന ഫണ്ട് വഴിയാണ് കാതോരം പദ്ധതി നടന്നിരുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് കൈമാറാന്‍ വൈകുന്നതാണ് ഇപ്പോള്‍ പ്രശ്‌നം രൂക്ഷമാക്കിയത്. സഹായം വൈകുംതോറും കുട്ടികള്‍ ശബ്ദത്തിന്റെ ലോകത്തിന് പുറത്താകും. പഠനം അടക്കമുള്ളവ മുടങ്ങുകയും ചെയ്യും. പിന്നീട് ഉപകരണം മാറ്റിസ്ഥാപിച്ചാലും നേരത്തേ നടത്തിയ സ്പീച്ച് തെറപ്പിയടക്കമുള്ളവ ആവര്‍ത്തിക്കേണ്ടിവരും. ഇതും വലിയ ചെലവുണ്ടാക്കുന്നതാണ്.

അപ്‌ഗ്രേഡിങ്ങിനും അറ്റകുറ്റപ്പണിക്കുമായി ആകെ മുന്നൂറോളം അപേക്ഷകളാണ് സാമൂഹികനീതി വകുപ്പിന് മുന്നിലുള്ളത്. കോംക്ലിയര്‍ ഇംപ്ലാന്റേഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സഹായത്തിന് പ്രായപരിധി 25ആക്കി നിശ്ചയിച്ചതും വരുമാനപരിധി രണ്ട് ലക്ഷമാക്കി നിജപ്പെടുത്തിയതും പ്രതിസന്ധിയാണെന്ന് കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സിമി ജെറി പറഞ്ഞു. 2002മുതലാണ് സര്‍ക്കാര്‍ പദ്ധതി വഴി ഇംപ്ലാന്റേഷന്‍ ആരംഭിച്ചത്. ആ കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രായം 25നോട് അടുക്കുകയാണ്. 25 കഴിഞ്ഞാല്‍ സ്വന്തം ചെലവില്‍ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയും അപ്‌ഗ്രേഡിങ്ങും നടത്തേണ്ടിവരും.

രണ്ട് ലക്ഷമെന്ന വരുമാനപരിധിമൂലം പല സാധാരണക്കാരും പദ്ധതിക്ക് പുറത്താണ്. ഇന്ത്യയില്‍ ബംഗളൂരുവിലും മുംബൈയിലും മാത്രമാണ് സര്‍വിസ് സെന്ററുകളുള്ളത്. ഉപകരണം അവിടെ അയച്ച് തിരിച്ച് ലഭിക്കുംവരെ കുട്ടികള്‍ ശബ്ദലോകത്തിന് പുറത്താണ്. കേരളത്തില്‍ 2500 പേരാണ് കോക്ലിയര്‍ ഘടിപ്പിക്കുന്ന ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളത്. ഇംപ്ലാന്റേഷനായി ഇപ്പോഴും മുന്നൂറോളം അപേക്ഷകരുണ്ട്. ഫണ്ടിന്റെ അപര്യാപ്തത മൂലം ഏറെക്കാലം കാത്തിരിക്കേണ്ട അവസ്ഥയിലാണിവര്‍. രണ്ട് വയസ്സിനുമുമ്പ് ശസ്ത്രക്രിയ നടത്തുന്നതാണ് ഫലപ്രദമെങ്കിലും ഇപ്പോള്‍ പലര്‍ക്കും അതിന് കഴിയുന്നില്ല.

Tags:    
News Summary - The authorities should be kind enough to keep the 70 people who underwent cochlear implantation in the world of sound

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.