ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും പാർട്ടി കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും അതിന്റെ കൂടെയാണ് താനെന്നും സന്ദീപ് വാര്യർ ഡല്‍ഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണങ്ങൾ ഉയർന്ന സമയത്ത് തന്നെ പാർട്ടി ആദ്യ നടപടി സ്വീകരിച്ചതാണ്. വരും ദിവസങ്ങൾ പാർട്ടി നേതൃത്വം ആലോചിച്ച് ഉചിതമായി നടപടി സ്വീകരിക്കുമെന്നും സന്ദീപ് പറഞ്ഞു.
ഈ വിഷയത്തിന്റെ പേരിൽ കോൺഗ്രസിനെ ആക്രമിക്കാനും ആക്ഷേപിക്കാനും ബി.ജെ.പിക്കും കേരളത്തിലെ സി.പി.എമ്മിനും എന്താണ് അർഹതയെന്ന് സന്ദീപ് ചോദിച്ചു. ബി.ജെ.പിയുടെ പാർലമെന്ററി ബോർഡിൽ ഇരിക്കുന്നത് പോക്സോ കേസ് പ്രതിയാണ്. അദ്ദേഹത്തെ പോലുള്ള എത്രയോ പേരെയാണ് ബി.ജെ.പി കൈവെള്ളയിലിട്ട് സംരക്ഷിക്കുന്നത്. മറുവശത്ത് മന്ത്രിമാരും എം.എൽ.എമാരുൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നപ്പോൾ സംരക്ഷിക്കുകയാണ് സി.പി.എം ചെയ്തതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
"രാഹുലിനെതിരെ ഇന്ന് പുറത്തുവന്നിട്ടുള്ള ശബ്ദരേഖ ബി.ജെ.പിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണെന്ന് ന്യായമായും സംശയിക്കുന്നു. ബി.ജെ.പിയുടെ സംഘടനയിൽപെട്ടയാളാണ് ആക്ഷേപം ഉന്നയിച്ചത്. ആ വ്യക്തിക്ക് ബി.ജെ.പിയുടെ ജില്ല പ്രസിഡന്റിനുള്ള ബന്ധമുണ്ട്. ഇവരുമായി ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നു എന്ന് ആരോപണം ഉന്നയിച്ചയാൾ തന്നെ പറഞ്ഞിട്ടുണ്ട്. എനിക്ക് ഈ ജില്ല പ്രസിഡന്റിന്റെ സ്വഭാവത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. അദ്ദേഹം യുവമോർച്ചയിലുണ്ടായിരുന്ന സമയത്ത് ഒരു ചെറുപ്പക്കാരനുമായി ബന്ധപ്പെട്ട് എന്ത് സവിശേഷമായ ബന്ധമാണ്, എന്തിന്റെ പേരിലാണ് കുറച്ചുകാലം അദ്ദേഹത്തെ സംഘടന മാറ്റി നിർത്തിയതെന്ന് അന്വേഷിച്ച് കഴിഞ്ഞാൽ സ്വഭാവികമായും ഈ സംശയും കൂടും.
പാലക്കാട് എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പിക്കാരെ കണ്ടാൽ വാസവദത്തപോലും ചമ്മിപോകും. ബി.ജെ.പിയുടെ പാലക്കാട്ടെ പാൽ സൊസൈറ്റി നേതാവ്, ആ നേതാവിന്റെ കുടുംബത്തിലെ ഒരു പെൺകുട്ടി ലൈംഗിക അതിക്രമ പരാതി ആർ.എസ്.എസിന്റെ സംസ്ഥാന ഓഫീസിൽ പോയി പറഞ്ഞിട്ടുണ്ട്. പിന്നീട് ഭയന്നിട്ടാണ് കുട്ടി പുറത്തുപറയാതിരുന്നത്."- സന്ദീപ് വര്യർ മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാധ്യമങ്ങളെ കണ്ടു. താൻ കാരണം പാർട്ടിയും പാർട്ടി പ്രവർത്തകരും പ്രതിസന്ധിയിലാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് വാർത്താ സമ്മേളനത്തിൽ രാഹുൽ പറഞ്ഞത്. താൻ കാരണം ആരും തലകുനിക്കേണ്ടി വരരുത്. പാർട്ടിയും പ്രതിസന്ധിയിലാകരുതെന്നും രാഹുൽ പറഞ്ഞു. യുവതികളുടെ ആരോപണങ്ങൾക്കിടെ രാഹുലിന്റെ രാജിക്കായി മുറവിളി ഉയരുന്നതിനിടെയായിരുന്നു അടൂരിലെ വീട്ടിൽ മാധ്യമങ്ങളെ കണ്ടത്.
തനിക്കെതിരെ ആരോപണമുന്നയിച്ച ട്രാൻസ് വുമൺ അവന്തികയെ കുറിച്ച് പറഞ്ഞാണ് രാഹുൽ തുടങ്ങിയത്. രാഹുൽ മോശമായി മെസേജ് അയച്ചുവെന്നായിരുന്നു ട്രാൻസ് വ്യക്തിയായ അവന്തികയുടെ ആരോപണം. ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് അവന്തിക വിളിച്ചിരുന്നും തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും രാഹുൽ സൂചിപ്പിച്ചു. ആഗസ്റ്റ് ഒന്നിന് അവന്തികയുമായി നടന്ന സംഭാഷവും രാഹുൽ മാധ്യമപ്രവർത്തകർക്കു മുന്നിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.