തിരുവനന്തപുരം: മേയർമാരെ തെരഞ്ഞെടുക്കുന്നതിൽ ഞാൻ ഇടപ്പെട്ടില്ല എന്നതാണ് എനിക്കെതിരായ ഗുരുതരമായ ആരോപണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തൃശൂർ, കൊച്ചി എന്നിവിടങ്ങളിലെ മേയർ സ്ഥാനാർഥി വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മേയർ സ്ഥാനാർഥികളെ തെരഞ്ഞെടുത്തത് കൗൺസിലർമാരുടെ അഭിപ്രായം അടക്കം മാനിച്ചാണെന്നും നടപടിക്രമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരുന്നു തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇടപെടൽ ഒരു ഘട്ടത്തിൽ പോലും ഉണ്ടായിട്ടില്ല എന്നും അങ്ങനെ ഉണ്ടാകാൻ പാടില്ല എന്നും സതീശൻ കൂട്ടിച്ചേർത്തു.
'തെരഞ്ഞെടുപ്പ് ജയിപ്പിക്കുന്നത് വരെ ഞാൻ അവിടെയുണ്ടായിരുന്നു. ഞാൻ ഇടപെടാൻ പാടില്ല. ഒരു മുതിർന്ന നേതാവും ഇടപെടാൻ പാടില്ല. ഇതിന് നടപടിക്രമം ഉണ്ട്' സതീശൻ പറഞ്ഞു. ഒന്നിൽകൂടുതൽ പേർ മേയറാകാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ് എന്നും സതീശൻ ചോദിച്ചു.
തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് മേയർ സ്ഥാനാർഥികളെ മുൻകൂട്ടി പ്രഖ്യാപിച്ചത്. മുൻകൂട്ടി പ്രഖ്യാപിക്കാത്ത തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ കണ്ടെത്തുന്നതിന് കെ.പി.സി.സിക്ക് ഒരു നടപടിക്രമം ഉണ്ട്. എല്ലായിടത്തും അത് ബാധകമാണ്. തനിക്ക് പറവൂരിന്റെ ചുമതലയാണ് നൽകിയത്. ഒന്നിൽകൂടുതൽ സ്ഥാനാർഥികൾ വന്ന ഇടങ്ങളിലെല്ലാം അത്തരത്തിലുള്ള നടപടിക്രമങ്ങളിലൂടെയാണ് അധ്യക്ഷന്മാരെ കണ്ടെത്തുന്നത്.
ഒരു സഭയും തങ്ങളോട് ആരോടും ഇന്നയാളെ നിർത്തണമെന്ന് നിർദേശിച്ചിട്ടില്ലെന്നും കൊച്ചിയിലെ മേയർ സംബന്ധിച്ച തർക്കത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. സ്വാഭാവിക നടപടിക്രമങ്ങളിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കെ.പി.സി.സി അത് പരിശോധിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
തൃശ്ശൂർ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള ലാലി ജെയിംസിന്റെ ആരോപണത്തോട് ആകാത്തവർ എന്തൊക്കെ പറയും എന്നായിരുന്നു സതീശന്റെ പ്രതികരണം. ഞാൻ കാണുന്ന കാലംതൊട്ടേ പാർട്ടിയിൽ പ്രവർത്തിക്കുന്ന ആളാണ് നിജി ജസ്റ്റിൻ. മുകളിൽനിന്ന് ആരും ആരേയും കെട്ടിയിറക്കിയിട്ടില്ല. നിജി ജസ്റ്റിൻ തന്റെ ജോലി വരെ കളഞ്ഞ് നിൽക്കുന്ന ആളാണ് എന്നും ഭൂരിപക്ഷ അഭിപ്രായം അവർക്കൊപ്പമായിരുന്നു. കെ.പി.സി.സിയുടെ സർക്കുലർ ലംഘിച്ച് എന്തെങ്കിലും നടന്നാൽ അവിടെ പാർട്ടി ഇടപെടും. മാധ്യമങ്ങൾ തീരുമാനിക്കുന്ന മേയറെ കോൺഗ്രസിന് ആക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജനവിധി അട്ടിമറിക്കുന്ന ഒരു തീരുമാനവും അധ്യക്ഷ സ്ഥാനങ്ങളിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.