പ്രമേഹ രോഗികളുടെ എണ്ണം പകുതിയായി കുറക്കുകയാണ് ലക്ഷ്യം- വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമേഹ രോഗികളുടെ എണ്ണം പകുതിയായി കുറക്കുക എന്ന ലക്ഷ്യം വച്ചാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ചേര്‍ന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ഡയബറ്റീസ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പ്രമേഹ തലസ്ഥാനമാണ് കേരളം എന്നത് ഘട്ടം ഘട്ടമായി മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. രോഗാതുരത കുറഞ്ഞ, പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങള്‍ കുറഞ്ഞ സംസ്ഥാനമാക്കി മാറ്റാനാണ് പരിശ്രമിക്കുന്നത്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള കേരളത്തില്‍ ജീവിക്കുന്ന കാലം വരെ ജീവിത ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനാണ് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒരു മേഖലയാണ് ജീവിതശൈലീ രോഗ പ്രതിരോധം. അതുകൊണ്ടാണ് നവകേരളം കർമപദ്ധതി രണ്ടിന്റെ ഭാഗമായി ആര്‍ദ്രം മിഷനിലൂടെ 10 കാര്യങ്ങള്‍ ലക്ഷ്യം വച്ചത്. അതിലൊന്ന് ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധമാണ്. നമ്മുടെ ആരോഗ്യ സൂചികകള്‍ വളരെ മികച്ചതാണ്.

ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കൂടുതല്‍ ആയുര്‍ ദൈര്‍ഘ്യവും ഉള്ള സംസ്ഥാനമാണ്. പക്ഷേ ജീവിതശൈലി രോഗികളുടെ എണ്ണം കൂടുതലാണ്. ഈയൊരു വര്‍ധനവ് മുന്നില്‍ കണ്ട് രോഗാതുരത കുറക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ആര്‍ദ്രം ആരോഗ്യം ജീവിതശൈലീ രോഗനിര്‍ണയ സ്‌ക്രീനിംഗിലൂടെ 30 വയസിന് മുകളിലുള്ള മുഴുവന്‍ പേരെയും വാര്‍ഷികാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ലക്ഷ്യം വച്ചിട്ടുള്ളത്. രണ്ടാം ഘട്ട സ്‌ക്രീനിങ്ങാണ് ഇപ്പോള്‍ നടന്നു വരുന്നത്.

ഇതിലൂടെ പുതിയ ജീവിതശൈലീ രോഗികളെ കണ്ടെത്തി ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കുന്നു. നിലവില്‍ ചികിത്സ തേടുന്ന രോഗികള്‍ കൃത്യമായി ചികിത്സ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഇനി രോഗം വരാന്‍ സാധ്യതയുള്ള റിസ്‌ക് ഫാക്ടര്‍ ഉള്ളവര്‍ക്ക് ആവശ്യമായിട്ടുള്ള ജീവിതശൈലിയിലും ഭക്ഷണത്തിലുമുള്ള മാറ്റം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വ്യായാമത്തിനും പ്രാധാന്യമുണ്ട്. നിലവില്‍ പ്രമേഹമുള്ളവരുടെ ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും നടത്തിവരുന്നു. 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍ ജില്ലാതല ആശുപത്രികളില്‍ സ്ഥാപിച്ചു വരുന്നു.

പ്രമേഹവുമായി ബന്ധപ്പെട്ട് നിലവില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ഇനി ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്ത് രൂപരേഖ തയ്യാറാക്കാനാണ് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ദേശീയവും അന്തര്‍ ദേശീയവുമായിട്ടുള്ള പ്രമേഹ രോഗ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. അന്തര്‍ദേശീയ തലത്തില്‍ പ്രമേഹ രോഗ ചികിത്സയില്‍ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും, ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശം കൂടി ഈ കോണ്‍ക്ലേവിനുണ്ട്.

സി.എം.സി. വെല്ലൂരിലെ ഡോ. നിഹാല്‍ തോമസ്, മയോ ക്ലിനിക്കിലെ ഡോ. ശ്രീകുമാര്‍, ഡോ. മധു, പ്രസന്ന സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഡോ. ചെറിയാന്‍ വര്‍ഗീസ്, ഡോ. പ്രമീള കല്‍റ, കാര്‍ഡിയോളജിസ്റ്റ് ഡോ. ജോര്‍ജ് കോശി, ഡോ. രാമന്‍കുട്ടി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഡോ. സക്കീന, ഡോ. ജബ്ബാര്‍, ഡോ. ബിപിന്‍ ഗോപാല്‍ എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.

Tags:    
News Summary - The aim is to reduce the number of diabetic patients by half - Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.