ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍

മലപ്പുറം: അട്ടപ്പാടി ഭൂതിവഴി ഊരിലെ ആദിവാസികളുടെ ഭവനനിര്‍മാണ ഫണ്ടില്‍ 13.62 ലക്ഷം തട്ടിയെന്ന ക്രൈം ബ്രാഞ്ച് കേസിലെ ഒന്നാം പ്രതി സി.പി.ഐ നേതാവ് പി.എം. ബഷീറിനെ വയനാട് ലോക്‌സഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി ആനിരാജയുടെ നിലമ്പൂര്‍ നിയോജ കമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാക്കി. സി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗവും നിലമ്പൂര്‍ നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി അംഗവുമായ ബഷീര്‍ സി.പി.ഐ സംസ്ഥാന നേതൃത്വത്തിലെ സ്വാധീനം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായത്.

സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീറിന്റെ വിശ്വസ്ഥനായ ബഷീറിനെ കേസിനെ തുടര്‍ന്ന് കഴിഞ്ഞ തവണ സുനീര്‍ വയനാട്ടില്‍ മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാക്കിയിരുന്നില്ല. പകരം സി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കെ. മനോജിനായിരുന്നു കണ്‍വീനര്‍ സ്ഥാനം. ഇത്തവണ നിയോജക മണ്ഡലം സെക്രട്ടറി എം. മുജീബിനെ പരിഗണിക്കാതെയാണ് സി.പി.ഐ ജില്ല, സംസ്ഥാന നേതൃത്വങ്ങളുടെ പിന്തുണയോടെ ബഷീര്‍ കണ്‍വീനര്‍ സ്ഥാനത്തെത്തിയത്.

അട്ടപ്പാടി ഭൂതിവഴി ഊരിലെ ഏഴ് കുടുംബങ്ങളുടെ വീട് നിര്‍മ്മാണത്തിനുള്ള 13.62 ലക്ഷം (13,62,500) രൂപ തട്ടിയെടുത്ത് വഞ്ചിച്ചതിന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ഒന്നാം പ്രതിയാണ് ബഷീര്‍. നിലമ്പൂര്‍ മയ്യന്താനിയിലെ അബ്ദുല്‍ഗഫൂര്‍, അട്ടപ്പാടിയിലെ പഞ്ചായത്തംഗമായിരുന്ന ജാക്കിര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. റങ്കി, രേശി, കലാമണി, പാപ്പാള്‍, കാളികാടന്‍, ശാന്തി, ചെല്ലി എന്നിവരാണ് തട്ടിപ്പിനിരയായത്.

പി.എം. ബഷീര്‍ നിലമ്പൂര്‍ നഗരസഭാംഗമായിരിക്കെ 2015-16ലാണ് അട്ടപ്പാടി ഭൂതിവഴിഊരിലെ ആദിവാസികളുടെ ഭവനനിര്‍മാണത്തിനായുള്ള എ.ടി. എസ്.പി പദ്ധതിയുടെ കരാറുകാരനായത്. അഗളിയിലെ പഞ്ചായത്തംഗമായ ജാക്കിറിന്റെ സഹായത്തോടെയാണ് ബഷീറും സുഹൃത്തായ അബ്ദുല്‍ഗഫൂറും കരാറുകാരായി എത്തിയത്. സിമന്റ് പോലും ആവശ്യത്തിന് ഉപയോഗിക്കാതെ യാതൊരു ഗുണനിലവാരവുമില്ലാതെയാണ് വീട് പണി നടത്തിയത്. പണി പൂര്‍ത്തീകരിക്കാതെ മൂന്നു ഗഡുക്കളായി 3,82,000 രൂപ ഓരോ കുടുംബത്തില്‍ നിന്നും വാങ്ങിയെടുത്തു. ശുചിമുറികളും വാതിലും നിലംപണിയുമടക്കം പൂര്‍ത്തീകരിക്കാതെ വീട് വാസയോഗ്യമല്ലാത്ത അവസ്ഥയിലായപ്പോള്‍ ഇവര്‍ പ്രതിഷേധിച്ചു. വീടുകള്‍ വിണ്ടു കീറുകയും മഴയത്ത് ചോര്‍ന്നൊലിക്കാനും തുടങ്ങി.

ഇതോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഓരോ കുടുംബത്തിനും സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 1,28,500 രൂപ അനുവദിച്ചു. ഇതറിഞ്ഞ ബഷീര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടാത്ത പണം തട്ടിയെടുക്കുന്നതിന് ഊരിലെത്തി. അടുത്ത ഗഡു പണം ലഭിക്കാന്‍ എല്ലാവരെയും അധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് പറഞ്ഞ് ഇവരെ കാറില്‍ അഗളി എസ്.ബി.ഐ ബാങ്കില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ഒരോരുത്തരുടെയും അക്കൗണ്ടിലെത്തിയ 1,28,000 രൂപ രേഖകളില്‍ ഒപ്പുവെപ്പിച്ച് ബഷീറിന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഓരോരുത്തര്‍ക്കും 500 രൂപ നല്‍കി കോളനിയില്‍ തിരികെ വിടുകയും ചെയ്തു. പിന്നീടാണ് കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ മനസിലാക്കിയത്. ഇതോടെ അഗളി പൊലീസില്‍ പരാതി നല്‍കി. അഗളി പൊലീസ് അബ്ദുല്‍ഗഫൂറിനെ ഒന്നാം പ്രതിയും ബഷീറിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു. ഇതോടെ കേസ് പിന്‍വലിക്കാന്‍ ഭീഷണിയും പ്രലോഭനവുമായി.

കേസ് അട്ടിമറിക്കാന്‍ പൊലീസിന്റെ ഇടപെടലുമുണ്ടായി. കിട്ടുന്ന കാശുവാങ്ങി കേസ് തീര്‍ക്കാന്‍ പൊലീസ് ഉപദേശവും കൂടിയായതോടെ ആദിവാസികള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും മന്ത്രി എ.കെ. ബാലനെയും കണ്ട് പരാതി പറഞ്ഞു. മന്ത്രി എ.കെ. ബാലന്റെ ഇടപെടലിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് പി.എം. ബഷീറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. അറസ്റ്റിലായ ബഷീര്‍ അഞ്ച് ദിവസം റിമാന്റില്‍ ജയിലിലായിരുന്നു.

ആദിവാസികളുടെ ഭവനഫണ്ട് തട്ടിപ്പില്‍ ബഷീറിനെതിരെ നടപടിയെടുക്കുന്നതിന് പകരം സി.പി.ഐ മലപ്പുറം ജില്ല നേതൃത്വം നിലമ്പൂരില്‍ ബഷീറിന് സ്വീകരണം നല്‍കുകയാണ് ചെയ്തത്. ജില്ലാ സെക്രട്ടറി കൃഷ്ണദാസും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന പി.പി. സുനീറും വരെ യോഗത്തില്‍ പങ്കെടുത്ത് ബഷീറിനെ ന്യായീകരിച്ചു. ഈ യോഗത്തിലേക്ക് പ്രതിഷേധവുമായി അട്ടപ്പാടിയില്‍ തട്ടിപ്പിനിരയായ ആദിവാസികളെത്തിയതും വിവാദമായിരുന്നു.

കേസിന്റെ വിചാരണ നടപടി നീട്ടികൊണ്ടുപോകാനും നീക്കമുണ്ടായി. ഇതോടെ തട്ടിപ്പിനിരയായ കലാമണി അടക്കമുള്ളവര്‍ ഹൈകോടതിയെ സമീപിച്ചു. മൂന്നു മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. ഇതിനിടെ പി.എം ബഷീര്‍ ഹൈകോടതിയെ സമീപിച്ച് വിചാരണക്ക് സ്റ്റേ നേടുകയായിരുന്നു. സ്റ്റേ നീക്കാന്‍ ഇതുവരെയും ഹൈകോടതിയെ സമീപിക്കാതെ സര്‍ക്കാര്‍ ബഷീര്‍ അടക്കമുള്ള പ്രതികളെ സഹായിക്കുകയാണ്. സ്‌റ്റേ നീക്കി വിചാരണ ആരംഭിക്കാന്‍ കലാമണി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഭഊതിവഴി ഊരിലെ ഏഴു കുടുംബങ്ങളുടെ ഭവന തട്ടിപ്പുകേസുകളില്‍ മൂന്നു കേസുകളാണ് പി.എം. ബഷീറിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ രണ്ട് കേസുകളുടെ വിചാരണ മണ്ണാര്‍ക്കാട് എസ്.സി എസ്.ടി കോടതിയില്‍ പുരോഗമിക്കുകയാണ്.

വിചാരണ നടപടികള്‍ക്കിടെ തട്ടിപ്പിനിരയായ പാപ്പാള്‍, കാളികാടന്‍ എന്നിവര്‍ മരണപ്പെട്ടു. അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഇരുവരും യാത്രയായത്. ആദിവാസി വയോധികക്കൊപ്പം ആനിരാജ ഇരിക്കുന്ന പടം സഹിതം നാടുനീളെ പോസ്റ്റര്‍ പതിച്ച് ഇടതുമുന്നണി പ്രചരണം നടത്തുമ്പോഴാണ് ആദിവാസി ഭവനതട്ടിപ്പു കേസിലെ പ്രതിയെ തന്നെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാക്കിയിരിക്കുന്നത്.

അതേസമയം, തട്ടിപ്പ് കേസ് പ്രതി കൺവീനറായ സംഭവത്തിൽ പ്രതികരണവുമായി സി.പി.ഐ നേതാവും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ആനി രാജ രംഗത്തെത്തി. ചൂഷണം ചെയ്യുന്നവരെ പിന്തുണക്കില്ലെന്നും സംഭവം പരിശോധിക്കുമെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

വിഷയം വയനാട്ടിലെ എൽ.ഡി.എഫ് നേതൃത്വവുമായി സംസാരിക്കും. ചാനൽ പുറത്തുവിട്ട വാർത്തയെ കുറിച്ച് അന്വേഷിക്കും. എൽ.ഡി.എഫ് ജനങ്ങൾക്കൊപ്പമാണ്. ജനങ്ങളുടെ അവകാശങ്ങൾക്കെതിരെ നിൽക്കുന്ന ശക്തികൾക്കൊപ്പമല്ല. അനീതി നടന്നിട്ടുണ്ടെങ്കിൽ നീതി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ആനി രാജ കൂട്ടിച്ചേർത്തു.

Tags:    
News Summary - The accused in the tribal housing fraud case is the convener of the election committee of the Wayanad LDF candidate Annie Raja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.