തട്ടേക്കാട് വനത്തിൽ യുവാവ് മരിച്ചത് ആനയുടെ ചവിട്ടേറ്റല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോതമംഗലം: തട്ടേക്കാട് വനത്തിൽ നായാട്ടിനു പോയ യുവാവു മരിച്ചത് ആനയുടെ ചവിട്ടേറ്റല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വെടിയേറ്റ് രക്തം വാർന്നാണ് തട്ടേക്കാട് ഞായപ്പിള്ളി വഴുതനപ്പിള്ളി മാത്യുവിന്റെ മകൻ ടോണി മരിച്ചത്. ശരീരത്തിൽനിന്നു വെടിയുണ്ട കണ്ടെടുത്തു. മരിച്ച ടോണി മാത്യുവിന്‍റെ ശരീരത്തിൽ മറ്റു സാരമായ പരുക്കുകളില്ല. ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം.

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റുവെന്നും ആനയുടെ ചവിട്ടേറ്റുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. എന്നാൽ, മരിച്ച ടോണിയുടെ ദേഹത്ത് കാട്ടാന ആക്രമിച്ചതിന്‍റെ യാതൊരു അടയാളങ്ങളും ഇല്ലെന്നു വിദഗ്ധ പരിശോധനയിൽ വ്യക്‌തമായി.

ടോണി മാത്യുവിന്‍റെ തുടയെല്ലിൽനിന്നാണു വെടിയുണ്ട കണ്ടെടുത്തത്. വെടിയേറ്റു തുടയെല്ല് പൂർണമായും ചിതറിയ നിലയിലായിരുന്നു. ഒന്നര മണിക്കൂറിനുശേഷമാണു വിവരമറിഞ്ഞ് എത്തിയവർ ടോണി മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചത്. നാടൻ തോക്കുകളാണു നായാട്ടിനായി ഉപയോഗിച്ചത്. അതിലെ വെടിയുണ്ടകൾ ഇരുമ്പ് വസ്തുക്കൾ ഉപയോഗിച്ചു നിർമിച്ചതാണ്. അതിനാൽ സാധാരണ വെടിയേറ്റു പരുക്കുണ്ടാകുന്നതുപോലെയല്ല, മാരകമായ പരുക്കാണ് ഉണ്ടായത്. ഇതാണ് രക്തം വളരെയധികം വാർന്നുപോകാൻ കാരണം.

നായാട്ടിനുപോയ സംഘം കാട്ടാനക്ക് മുന്നിൽപ്പെട്ടപ്പോൾ രക്ഷപ്പെടാനായി ആനക്ക് നേരെ നിറയൊഴിച്ചതു ലക്ഷ്യംതെറ്റി ടോണിയുടെ കാലിൽ കൊണ്ടതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥരുടെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച ആലപ്പുഴ മെഡിക്കൽ കോളജിൽ സയന്റഫിക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പുകൾക്കു ശേഷം രാത്രി വൈകിയാണ് പോസ്റ്റുമോർട്ടം പൂർത്തികരിച്ചത്. ഇന്നു വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.

സംഘത്തിൽ ഒപ്പമുണ്ടായിരുന്ന ഞായപ്പിള്ളി വാട്ടപ്പിളളി തങ്കച്ചന്റെ മകൻ ബേസിൽ (32) ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇയാൾ അപകടനില തരണം ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന ഞായപ്പിള്ളി സ്വദേശികളായ വടക്കേൽ ഷൈറ്റ് ജോസഫ് (40), ചെരുവിള പുത്തൻവീട്ടിൽ അജേഷ് രാജൻ (28) എന്നിവർ കാട്ടനയുടെ മുന്നിൽപ്പെട്ടപ്പോൾ ഓടി രക്ഷപെട്ടിരുന്നു. സംഭവശേഷം ഇവരെക്കുറിച്ച് വിവരങ്ങളില്ലെന്നു പൊലീസ് പറഞ്ഞു.

 

Tags:    
News Summary - thattekad forest not elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.