എം.എസ്. മോഹനൻ ശ്രീനാരായണ പുരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ എം.എസ്. മോഹനൻ ഇത്തവണ മത്സര രംഗത്തില്ല
തൃശൂർ: 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത് വാർഡുകളിൽനിന്ന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ ‘വലിയ വിജയി’ ഇത്തവണ മത്സര രംഗത്തില്ല. പകരം അണിയറയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. കൊടുങ്ങല്ലൂരിന് സമീപത്തെ ശ്രീനാരായണ പുരം (എസ്.എൻ. പുരം) പഞ്ചായത്ത് പ്രസിഡന്റായ എം.എസ്. മോഹനനായിരുന്നു കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം. പഞ്ചായത്തിലെ 16ാം വാർഡായ നെൽപേനിയിൽ 684 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. സ്വന്തം വാർഡ് അല്ലാതിരുന്നിട്ട് പോലും ജനങ്ങൾ മോഹനനെ നെഞ്ചേറ്റുകയായിരുന്നു.
സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച മോഹനൻ 816 വോട്ട് നേടിയപ്പോൾ കോൺഗ്രസിലെ രഘുനാഥന് 132ഉം ബി.ജെ.പിയിലെ പി.കെ. ജോഷിക്ക് 76ഉം വോട്ട് മാത്രമാണ് നേടാനായത്. 2015ലെ തെരഞ്ഞെടുപ്പിൽ സ്വന്തം വാർഡായ പനങ്ങാട് നിന്ന് മോഹനൻ വൻ വിജയം നേടിയിരുന്നു. ഈ വാർഡ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വനിത സംവരണമായതോടെയാണ് എൽ.ഐ.സി ഏജന്റ് കൂടിയായ മോഹനൻ നെൽപേനിയിലേക്ക് ചുവട് മാറ്റിയത്.
പാർട്ടി വോട്ടുകൾക്കൊപ്പം എല്ലാവരും ഒപ്പം നിന്നതാണ് വലിയ ഭൂരിപക്ഷത്തിന് കാരണമെന്നും മോഹനൻ ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് പ്രാവശ്യം തുടർച്ചയായി ജനപ്രതിനിധികളായവർ വിട്ടുനിൽക്കാനുള്ള പാർട്ടി തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തവണ മത്സരിക്കാത്തത്. പകരം പഞ്ചായത്തിൽ ഇടതുപക്ഷത്തിന്റെ സമ്പൂർണ വിജയം ഉറപ്പാക്കാനുള്ള ശ്രമത്തിലാണെന്ന് മോഹനൻ പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതലയും വഹിക്കുന്നുണ്ട്. അധ്യാപികയായ ധിനിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.