ആ അപകടം പറ്റിപ്പോയി, കൈയീന്ന് വിട്ടുപോയി -വഫ ഫിറോസ് പറയുന്നു

മാധ്യമപ്രവർത്തകൻ ബഷീറിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത് വീണ്ടും വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു കെ.എം ബഷീർ. രാത്രിയിൽ ജോലി കഴിഞ്ഞ് ബൈക്കിൽ വരവെ മൊബൈൽ റിങ് ചെയ്തതിനെ തുടർന്ന് ബഷീർ ബൈക്ക് റോഡിന് സൈഡിലേക്ക് ഒതുക്കി സംസാരിച്ചുകൊണ്ടിരിക്കെയാണ് മദ്യപിച്ച് സ്ത്രീ സുഹൃത്തിനൊപ്പം കാറിൽ അമിത വേഗത്തിലെത്തിയ ശ്രീറാം വെങ്കിട്ടരാമൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് എന്നാണ് കേസ്. സംഭവം കേരളത്തിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചു. അധികാരത്തിന്റെ ശേഷി ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന വരെ അട്ടിമറിക്കപ്പെട്ടു. ശ്രീറാം സസ്‍പെൻഷന് ശേഷം ആരോഗ്യവകുപ്പിൽ ജോലിക്ക് തിരിച്ചുകയറുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട ദിവസം ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനൊപ്പം രാത്രി കാറിലുണ്ടായിരുന്ന വഫ ഫിറോസ് എന്ന യുവതി ആരെന്ന് അന്ന് മലയാളികൾ ഏറ്റവും കൂടുതൽ തിരഞ്ഞു. അപകടം നടന്ന ദിവസം അതിരാവിലെ മുതൽതന്നെ ആരാണ് വഫ എന്നുള്ള തിച്ചിലുകൾ ആരംഭിച്ചതായി ഗൂഗിൾ ട്രെൻഡ് ഫലങ്ങൾ കാണിക്കുന്നു.

ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് അന്ന് വഫയെ ഏറ്റവും കൂടുതൽ പേർ ഗൂഗിൾ തിരഞ്ഞത്. യു.എ.ഇ ആയിരുന്നു തിരച്ചിലിൽ ഒന്നാമത്. ഖത്തർ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ. ആറാം സ്ഥാനത്ത് ഇന്ത്യയാണ്. അതിൽ കേരളത്തിൽനിന്നുമാണ് വഫ ആരെന്ന കൂടുതൽ അന്വേഷണമുണ്ടായത്.

വഫ ഫിറോസ് മോഡൽ, വഫ മോഡൽ, വഫ ഫിറോസ് ഫോട്ടോസ്, വഫ ഫിറോസ് മോഡൽ ഫോട്ടോസ് എന്നിങ്ങനെ നീളുന്നു തിരച്ചിൽ കീവേഡുകൾ. ഫെയ്സ്‌ബുക്കിലും വഫ ഫിറോസിനെ തിരഞ്ഞവർ നിരവധി. തിരച്ചിലിൽ കിട്ടിയ ചിത്രങ്ങളെടുത്ത് വഫ ഫിറോസിന്റേത് എന്ന് വ്യജമായി പ്രചരിപ്പിച്ച വിരുതൻമാരും അന്ന് കുറവല്ല.

കെ. എം ബഷീറിനെ കാറിടിച്ചപ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയായിരുന്നുവെന്നും ശ്രീറാം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്ന് ആരോപിച്ച് വഫ രംഗത്തെത്തിയിരുന്നു.

'താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. ഫോറൻസിക് റിപ്പോർട്ടുണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് പവർ ഇല്ല. അപകടം നടന്നതിന്റെ മൂന്നാം ദിവസം സംഭവിച്ച കാര്യങ്ങള്‍ അതേപോലെ പറഞ്ഞ വ്യക്തിയാണ് ഞാൻ. എനിക്കെന്താണ് നാളെ സംഭവിക്കുക എന്ന് അറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു' -പഴയ ടിക് ടോക് വീഡിയോയിൽ വഫ പറയുന്നു.

സാമൂഹിക മാധ്യമമായ ടിക് ടോക്കിൽ അമ്പതിനായിരം സ്ഥിരം കാഴ്ചക്കാരുള്ളയാളായിരുന്നു വഫ ഫിറോസ്. ശ്രീറാമുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഇവർക്ക്. പാതിരാത്രിയിൽ ശ്രീറാം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർ കാറുമായി മദ്യപിച്ച് ലക്കുകെട്ട ശ്രീറാമിനെ കൂട്ടാൻ പോയത്. അപകടം വിവദമായതിനെ തുടർന്ന് ഭർത്താവ് വഫയിൽനിന്നും വിവാഹമോചനം നേടി.

വിവാഹമോചന നോട്ടീസിന് മറുപടിയുമായി ടിക് ടോക്കിൽ തന്നെ വഫ രംഗത്ത് എത്തിയിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടു വഫക്ക് ഭര്‍ത്താവ് ഫിറോസ് അയച്ച വക്കീല്‍ നോട്ടീസിലെ ആരോപണങ്ങള്‍ മുഴുവന്‍ തെറ്റാണെന്നും അവർ ആറു വിഡിയോകളിലൂടെ വിശദീകരിക്കുന്നു.

വിഡിയോയില്‍ പറയുന്നത് ഇങ്ങനെ:

'ഈ വിഡിയോ എന്നെയും ഫിറോസിനെയും അറിയാത്തവര്‍ക്ക് വേണ്ടിയുള്ളതാണ്. നിങ്ങള്‍ കരുതുന്നതു പോലെ ഫിറോസ് എന്ന വ്യക്തി എന്നെ കല്യാണം കഴിച്ചതിന് ശേഷം മാത്രം ഒരു ഭര്‍ത്താവെന്ന നിലയില്‍ മനസിലാക്കിയ ആളല്ല. എന്റെ കുഞ്ഞിലേ, അതായത് മൂന്നോ നാലോ വയസു മുതലേ എന്നെ കാണുന്ന വ്യക്തിയാണ്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹത്തെ അങ്കിള്‍ എന്ന് വിളിക്കുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ 13 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ട്. അദ്ദേഹം എന്റെ അയല്‍ക്കാരനാണ്. നാലു വീട് അപ്പുറം. മാത്രമല്ല, അദ്ദേഹം എന്റെ അകന്ന ബന്ധുവുമാണ്. അങ്ങനെയാണ് ഇങ്ങനെയൊരു വിവാഹാലോചന വരുന്നതും വയസ് പോലും നോക്കാതെ പപ്പയും മമ്മിയും വിവാഹം നടത്തുന്നതും.

അപകടത്തിന് ശേഷം ഫിറോസ് മൂന്ന് ദിവസത്തേക്ക് നാട്ടില്‍ വന്നു. എന്നാല്‍ പുള്ളിക്കാരന്‍ എന്നെയും മോളെയും വന്നു കാണാന്‍ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ കസിന്‍സായ സവാന്‍, നാസിര്‍ എന്നിവരോടൊപ്പമായിരുന്നു തിരുവനന്തപുരത്ത് താമസിച്ചത്. എന്നാല്‍ നേരത്തെ ഫിറോസാണ് എന്റെ കസിന്‍സിനെയെല്ലാം വിളിച്ചിട്ട് വഫയുടെ അടുത്തുപോകണം, സപ്പോര്‍ട്ട് ചെയ്യണം, വഫയെ എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നിറക്കണം, എല്ലാ നിലയിലും വഫയുടെ കൂടെ നില്‍ക്കണമെന്നൊക്കെ പറഞ്ഞത്. എന്നാല്‍ നാട്ടില്‍ വന്ന ശേഷം പുള്ളിക്കാരന് എന്തു സംഭവിച്ചു എന്നറിയില്ല. ആരെങ്കിലും അവിഹിത സ്വാധീനം ചെലുത്തിയോ എന്നുമറിയില്ല. മീഡിയക്ക് ഇതിനകത്ത് ഒത്തിരി പങ്കുണ്ട്. അവര് പറഞ്ഞതെല്ലാം ഒരു സാധാരണക്കാരന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യങ്ങളൊന്നും ആയിരുന്നില്ല. കുറേ സ്റ്റോറീസ് ഇറങ്ങിയിട്ടുണ്ടായിരുന്നു. അദ്ദേഹവും അത് വിശ്വസിച്ചു. 19 വര്‍ഷം അദ്ദേഹം കണ്ട വഫയല്ല. ഒരാഴ്ച യു ട്യൂബിലും അതിലുമിതിലും കാണിച്ച വഫയാണ് യഥാര്‍ഥമെന്ന് അദ്ദേഹവും വിശ്വസിച്ചു.

എനിക്കെതിരെ കുറേ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ആദ്യം പറയാനുള്ളത് ഗര്‍ഭഛിദ്രം നടത്തിയതിനെക്കുറിച്ചാണ്. എന്റെ മകള്‍ക്ക് ഇപ്പോള്‍ 16 വയസ്സായി. അവള്‍ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അവള്‍ കുഞ്ഞാണെന്ന് കരുതി അദ്ദേഹം തന്നെയാണ് എനിക്ക് നാട്ടിലേക്ക് പോകാന്‍ വിമാന ടിക്കറ്റെടുത്ത് തന്നത്. അദ്ദേഹം എനിക്കയച്ച വക്കീല്‍ നോട്ടീസില്‍ എഴുതിയിട്ടുണ്ട്, വഫ ഒന്നും സമ്പാദിക്കുന്നില്ല, ഞാനാണ് എല്ലാം വഫക്ക് കൊടുക്കുന്നതെന്ന്. പിന്നെങ്ങനെ ഞാന്‍ ടിക്കറ്റെടുക്കും? അദ്ദേഹം അന്ന് നാട്ടില്‍ പഠിക്കുകയായിരുന്ന എന്റെ ബ്രദറിനെ വിളിച്ച്‌ അവനാണ് അന്ന് എന്നെ കൊണ്ടുപോകുന്നത്. ഫിറോസ് അയച്ച വക്കീല്‍ നോട്ടീസ് കണ്ടിട്ട് എനിക്ക് ഒന്നും മനസിലായില്ല. അത് കണ്ടിരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഞാന്‍ മഹല്ലിനോട് പോലും പ്രതികരിച്ചില്ല. കാരണം അദ്ദേഹം ഇങ്ങനെ തിരിച്ചടിക്കുമെന്ന് ഞാന്‍ കരുതിയില്ല.

പിന്നെ പറയുന്ന ആരോപണം, ഞാന്‍ ബാറില്‍ പോകുമെന്നും കുടിക്കുമെന്നുമൊക്കെ. അഞ്ച് വര്‍ഷമായി അബുദാബിയില്‍. ഇന്നേവരെ ഒരു ബാറിലോ മദ്യം കൊടുക്കുന്ന സാധാരണ ഒരു സ്ഥലത്ത് പോലും ഞാന്‍ പോയിട്ടില്ല. നിങ്ങളാരെങ്കിലും എന്നെ കണ്ടിട്ടുണ്ടോ അബുദാബിയില്‍? ക്ലബിങ്ങൊക്കെ ചെയ്യുന്ന ഒരുപാടു പേരില്ലേ, കണ്ടിട്ടുണ്ടോ? ഞാന്‍ പോയിട്ടില്ല. മോളെ ട്യൂഷന് വിടാനും മറ്റുമാണ് ഞാന്‍ വെളിയിലിറങ്ങിക്കൊണ്ടിരുന്നേ. 2012 അല്ലെങ്കില്‍ 2013ലാണ് ഞാനാദ്യമായിട്ട് ഒരു ഡാന്‍സ് പാര്‍ട്ടി കാണുന്നത്. അന്ന് കൂട്ടുകാരോടൊപ്പം അവിടെ പോവുകയും അവിടുത്തെ ബഹളവും മറ്റും കണ്ടിട്ട് 10 മിനിറ്റിനുള്ള ഞങ്ങള്‍ ചാടിയിറങ്ങുകയാണ് ചെയ്തത്. അല്ലാതെ ജീവിതത്തില്‍ ഇന്നേവരെ ഞാന്‍ ക്ലബിങ്ങിനും ഡാന്‍സ് പാര്‍ട്ടിക്കോ മദ്യം കഴിക്കാനോ പോയിട്ടില്ല.

അടുത്ത ആരോപണം, ബിസിനസ്. ഫിറോസിന്റെ ബിസിനസെല്ലാം ഞാന്‍ കാരണമാണ് തകര്‍ന്നത് എന്നു പറഞ്ഞു. ജോര്‍ജ് എന്നൊരു വ്യക്തിയുമായിട്ടാണ് ഫിറോസ് ബിസിനസ് തുടങ്ങിയത്. ജോര്‍ജ് വളരെ സ്മാര്‍ട്ടായ ഒരാളാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഭയങ്കര സ്മാര്‍ട്ടായ ഒരാള്‍. ഫിറോസ് ബഹ്റൈനില്‍ ബിസിനസ് തുടങ്ങിയപ്പോള്‍ ഷിയാ-സുന്നി പ്രശ്നം നടക്കുകയായിരുന്നു. ഫിറോസിന് ഒരു ബിസിനസും കിട്ടാതെയായി. അവസാനം ജോര്‍ജ് കൈവിട്ടു. രണ്ടു വര്‍ഷം മാത്രമേ ഞങ്ങള്‍ക്ക് ബഹ്റൈനില്‍ നില്‍ക്കാന്‍ പറ്റിയുള്ളൂ. ആ ഒരു ബിസിനസിന്റെ ഉത്തരവാദിത്തം എന്റെ തലയില്‍ എന്തുകൊണ്ട് ഫിറോസ് കൊണ്ടിട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. സാധാരണ ആണുങ്ങളുടെ കൈയിലാണ് ബിസിനസെല്ലാം ഇരിക്കുക. ഇങ്ങനെയൊരു പെണ്ണായ ഞാന്‍ അതിന്റെ തകര്‍ച്ചക്ക് എങ്ങനെ കാരണമായി എന്ന് ഫിറോസ് തന്നെയാണ് പറയേണ്ടത്, എനിക്കറിയില്ല.

അടുത്ത ആരോപണം എന്താണെന്ന് പറയാന്‍ എനിക്ക് നാണക്കേടുണ്ട്. അന്യപുരുഷന്മാരുമായി സമ്പർക്കം എന്നാണ് പറഞ്ഞിരിക്കുന്നത്. ശ്രീറാം എന്റെ വെറുമൊരു ഫ്രണ്ടാണെന്ന് ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു. അതില്‍ ഒരു രീതിയിലുള്ള വൃത്തികേടുമില്ല. അത് ഞാന്‍ അദ്ദേഹത്തിന്റെയടുത്ത് മാത്രമല്ല, സാധാരണ ജനങ്ങളോടും പറയുകയാണ്. രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ് ഞാന്‍. പക്ഷേ, ഞാനത് വൃത്തികേട് ആലോചിച്ചോണ്ടല്ല പോയത്. എനിക്ക് ഡ്രൈവിങ് വളരെയിഷ്ടമാണ്. ഭയങ്കര ആത്മവിശ്വാസവുമാണ്. ഞാനങ്ങനെ ഇറങ്ങിപ്പോയതാണ്. അതില്‍ എന്റെ മനസില്‍ എന്തെങ്കിലും വൃത്തികേടുണ്ടെങ്കില്‍ ഞാനെന്റെ മകളുടെയടുത്ത് യാത്ര പറഞ്ഞിട്ട് പോകില്ല. കുറച്ചു ആള്‍ക്കാര്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ വിശ്വസിക്കൂ. പ്ലീസ്. ആ അപകടം പറ്റിപ്പോയി. കൈയിന്ന് വിട്ടുപോയി.

ഫിറോസിനെ താന്‍ നിര്‍ബന്ധിച്ച്‌ കാര്‍ വാങ്ങിപ്പിച്ചു എന്ന ആരോപണവും വഫ നിഷേധിക്കുന്നു. ഫിറോസ് ബഹ്റൈനിലായിരുന്നപ്പോള്‍ തന്റെ പേരില്‍ ബാങ്ക് വായ്പയെടുത്ത് വാങ്ങിച്ചതാണെന്ന് വഫാ രേഖകള്‍സഹിതം ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ വ്യക്തമാക്കുന്നു. എന്തിനാണ് എന്റെ പേരില്‍ വായ്പയെടുത്ത് കാര്‍ വാങ്ങിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, എങ്ങാനും എനിക്ക് വായ്പ തിരിച്ചടക്കാന്‍ സാധിച്ചില്ലെങ്കില്‍ വഫയുടെ പപ്പ അടക്കുമല്ലോ എന്നായിരുന്നു മറുപടി. 8,25,000 രൂപ വിലയുള്ള കാറാണ് വാങ്ങിച്ചത്. അങ്ങനെ ഒരു അപകടം ഉണ്ടായപ്പോള്‍ പുള്ളിക്കാരന്‍ ഈ കാര്യത്തിലും എന്നെ കൈവിട്ടുവെന്നും വഫ വീഡിയോയില്‍ പറയുന്നു. കേസിന്റെ നാൾവഴികൾ പിന്നിട്ടു. വഫ ജയിലിലും കിടന്നു. ശ്രീറാമും അവരെ കൈവിട്ടു. 

Tags:    
News Summary - "That accident was over and it was gone," says Wafa Feroze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.