ഡോക്ടറെ വെട്ടിയ സനൂപ്, ഭാര്യ
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ല മകൾ മരിച്ചതെന്നും ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്നും താമരശ്ശേരി താലൂക്കാശുപത്രിയിൽ ഡോക്ടറെ വെട്ടിപരിക്കേൽപ്പിച്ച സനൂപിന്റെ ഭാര്യ.
'കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി പലതവണ ഞങ്ങൾ മെഡിക്കൽ കോളജിൽ പോയിരുന്നു. തലച്ചോറിന്റെ ഒരു റിസൾട്ട്കൂടി വന്നാലേ അമീബിക് ആകുമോയെന്ന് പറയാനാവൂ എന്നാണ് അവർ ആദ്യം പറഞ്ഞത്. ഒരു ദിവസം മുൻപാണ് വീണ്ടും പോയി അന്വേഷിച്ചത്. അപ്പോൾ അവിടെയുണ്ടായിരുന്ന ഡോക്ടർ പറഞ്ഞത്. അമീബിക്ക് അല്ല കുട്ടിക്ക്, പനി ബാധിച്ചാണ് കുട്ടി മരിച്ചത് എന്നാണ്. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നുവെന്നും ആ ഡോക്ടർ പറഞ്ഞു. മെഡിക്കൽ കോളജിലെ ഡോക്ടർ തന്റെ ഭർത്താവിനോടാണ് പറഞ്ഞത്. അതോടെ അദ്ദേഹം (ഭർത്താവ്) വല്ലാതെ അസ്വസ്ഥനായിരുന്നു.' സനൂപിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
അനാസ്ഥ ആരോപിച്ച് താമരശ്ശേരി താലൂക്കാശുപത്രിയിലെ ഡോക്ടർ വിപിനെയാണ് സനൂപ് വെട്ടിപരിക്കേൽപ്പിച്ചത്. സനൂപിന്റെ ഒൻപത് വയസുള്ള മകൾ അനയ കഴിഞ്ഞ ആഗസ്റ്റ് 14നാണ് മരിക്കുന്നത്. മസ്തിഷ്ക ജ്വരം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.
ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥ പരിഗണിച്ച് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, മെഡിക്കൽ കോളജിലേക്ക് മാറ്റിയതിലെ കാലതാമസവും രോഗനിർണയം നടത്താൻ വൈകിയതുമാണ് മകളുടെ മരണത്തിനിടയാക്കിയതെന്ന് സനൂപിന്റെ ആരോപണം.
അനയയുടെ രണ്ടു സഹോദരന്മാർക്കും പിന്നാലെ രോഗം സ്ഥിരീകരിക്കുകയും മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു.
കോഴിക്കോട്: താമരശ്ശേരി താലൂക്കാശുപത്രിയിൽ കയറി ഡോക്ടറുടെ തലക്ക് വടിവാൾകൊണ്ട് വെട്ടിയ സനൂപ് ആക്രമണം നടത്തിയത് ‘എന്‍റെ മോളെ കൊന്നില്ലേ...’ എന്ന് ചോദിച്ച്. വെട്ടേറ്റ ഡോക്ടർ വിപിൻ രോഗികളുടെ ബന്ധുക്കളുമായി സംസാരിച്ച് നിൽക്കവെയായിരുന്നു ആക്രമണം. പൊടുന്നനെ വടിവാളെടുത്ത് വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചോരവാർന്ന ഡോക്ടറെ രക്ഷിക്കാനായി സമീപത്തുണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും ഓടിയെത്തി. സനൂപിനെ ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിനെ ഏൽപിക്കുകയും ചെയ്തു.
രാവിലെ 11ഓടെയാണ് സനൂപ് ആശുപത്രിയിലെത്തിയത്. സംശയം തോന്നാതിരിക്കാൻ ഭാര്യയെയും രണ്ട് മക്കളെയും കൂട്ടിയാണ് സനൂപ് എത്തിയത്. വടിവാൾ ഒളിപ്പിച്ചുവെച്ച് പലതവണ ആശുപത്രിക്കകത്ത് കയറി സൂപ്രണ്ടിനെ അന്വേഷിച്ചു. സൂപ്രണ്ട് തിരക്കിലായതിനാൽ സനൂപിന് കാണാനായില്ല. പിന്നീട് ഉച്ചക്ക് 1.30ഓടെയാണ് ഫിസിഷ്യൻ ഡോ. വിപിനെ വെട്ടിയത്.
ഡോ. വിപിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയിൽ ഏഴ് സെന്‍റിമീറ്റർ നീളത്തിൽ മുറിവേറ്റതായി പരിശോധനയിൽ വ്യക്തമായി. തലച്ചോറിന് പരിക്കില്ലാത്തതിനാൽ ജീവന് ഭീഷണിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത സനൂപിനെതിരെ വധശ്രമത്തിന് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.