മന്ത്രി ഗണേഷ്കുമാറിനെ പുകഴ്ത്തിയതിന് പുറത്താക്കപ്പെട്ട തലച്ചിറ അസീസ് കേരള കോൺഗ്രസ് ബി. യിലേക്ക്; വീട്ടിലെത്തി അസീസിനെ ക്ഷണിക്കും

കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് പിന്നാലെ കോൺഗ്രസ് പുറത്താക്കിയ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തലച്ചിറ അസീസ് കേരള കോൺഗ്രസ് ബിയിലേക്ക്. ഗണേഷ് കുമാർ ഇന്ന് തലച്ചിറയിലെ വീട്ടിലെത്തി അസീസിനെ പാർട്ടിയിലേക്ക് ക്ഷണിക്കും.

ഇന്നലെയാണ് അസീസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തതിനാണ് കോൺഗ്രസ് നേതാവിനെതിരെ പാർട്ടി നടപടിയെടുത്തത്. ഗണേഷ് കുമാർ കായ്ഫലമുള്ള മരമാണെന്നും ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നും അസീസ് ആഹ്വാനം ചെയ്തിരുന്നു.

തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടന വേദിയിലായിരുന്നു അസീസിൻ്റെ പ്രസംഗം. ഇതിന് പിന്നാലെയാണ് വെട്ടിക്കവല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റുമായ തലച്ചിറ അസീസിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന്‌ പുറത്താക്കിയത്.

അസീസ് പാര്‍ട്ടിക്ക് ദോഷകരമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡി.സി.സി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് പാര്‍ട്ടിക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു എന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

തലച്ചിറയിൽ റോഡ് ഉദ്ഘാടനച്ചടങ്ങിനെ നടത്തിയ പ്രസംഗത്തിലാണ് കെ.ബി. ഗണേഷ്‌കുമാറിനെ വിജയിപ്പിക്കണമെന്ന് തലച്ചിറ അസീസ് പറഞ്ഞത്. കെ.ബി. ഗണേഷ്‌കുമാർ കായ്ഫലമുള്ള വൃക്ഷമാണ്, അദ്ദേഹത്തെ മഹാഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം. വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണം, ഗണേഷ്‌കുമാറിന്റെ വിജയത്തിന് താനും ഒപ്പമുണ്ട് -എന്നാണ് അദ്ദേഹം പറഞ്ഞത്.

പാർട്ടി നിർദേശം ലംഘിച്ച് വെട്ടിക്കവല പഞ്ചായത്തിൽ വികസനസദസ്സ് നടത്തിയത് ഇതോടെ വിവാദമായി. ഇതോടെ അസീസിനോട് പാർട്ടി വിശദീകരണം തേടി. എന്നാൽ, കൃത്യമായ വിശദീകരണം നൽകാൻ സാധിച്ചില്ലെന്ന് വിലയിരുത്തിയാണ് നടപടി. പാർട്ടിക്ക് ദോഷകരമായ പ്രവർത്തനങ്ങളിലേർപ്പെട്ടെന്നാരോപിച്ച് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദാണ് അസീസിനെതിരെ നടപടി സ്വീകരിച്ചത്.

"നാടിന് ഗുണം ചെയ്യുന്ന, ജാതി നോക്കാതെ, മതം നോക്കാതെ, വർണം നോക്കാതെ, വർഗം നോക്കാതെ നമ്മുടെ നാട്ടിൽ വികസനം ചെയ്യുന്ന കരുത്തനായ കായ്‌ഫലമുള്ള മരമാണ് കെ.ബി. ഗണേഷ് കുമാർ. കായ്ക്കാത്ത മച്ചി മരങ്ങളും ഇവിടെ കടന്നുവരും, അവരെ തിരിച്ചറിയണം, അത് പൂക്കില്ലാ, കായ്ക്കില്ലാ എന്ന് തിരിച്ചറിഞ്ഞ് കൊണ്ട് നമ്മുടെ പ്രിയപ്പെട്ട നേതാവിനെ മഹാഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് വീണ്ടും നമ്മുടെ മന്ത്രിയാക്കുവാൻ എല്ലാവരും തയ്യാറാകണം", ഇങ്ങനെയായിരുന്നു അസീസിൻ്റെ പ്രതികരണം.

Tags:    
News Summary - Thalachira Aziz, who was expelled for praising Minister Ganeshkumar, joins Kerala Congress B.; Will invite Aziz to his house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.