തിരുവനന്തപുരം: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ ആഭാസകരവും മനുഷ്യത്വവിരുദ്ധവുമായ പരാമർശങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. മോഹൻദാസിന്റെ പ്രതികരണം കേവലം ഒരു വ്യക്തിയുടെ വൈകാരിക പ്രകടനമല്ലെന്നും നവോത്ഥാന മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ അവകാശങ്ങളെയും നിരാകരിക്കുന്ന പ്രതിലോമ പ്രത്യയശാസ്ത്രത്തിന്റെ യഥാർത്ഥ മുഖമാണെന്നും സംഘടന ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ സമരസ്ഥലത്ത് കർഫ്യൂ പ്രഖ്യാപിച്ച് വെടിവെപ്പിന് ഉത്തരവിടുമായിരുന്നുവെന്നും നിരവധി പേരെ വധിക്കുകയും അംഗഭംഗം വരുത്തുകയും ചെയ്യുമായിരുന്നുവെന്നുമാണ് മോഹൻദാസ് ഒരു വീഡിയോയിലൂടെ പറഞ്ഞത്. ഇത്തരത്തിലുള്ള പ്രസ്താവനകൾ സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ അക്രമത്തിലൂടെ അടിച്ചമർത്തണമെന്ന ഫാസിസ്റ്റ് മനോഭാവത്തിന്റെ തെളിവാണെന്ന് എ.ഐ.വൈ.എഫ് വ്യക്തമാക്കി.
സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ക്രിമിനലുകളായും ബലാത്സംഗം ചെയ്യുന്നവരായും ചിത്രീകരിക്കാൻ ശ്രമിച്ചതിലൂടെ പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് യുവാക്കളെ അപമാനിക്കാനും സമൂഹത്തിൽ വിദ്വേഷം പടർത്താനുമാണ് ശ്രമിച്ചത്. സമരം ചെയ്യുന്നവരെ കളങ്കപ്പെടുത്തി പ്രതിഷേധിക്കാനുള്ള അവകാശത്തെ കുറ്റവൽക്കരിക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
മനുഷ്യാവകാശങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന ഇത്തരം നിലപാടുകൾ ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ല. അഭിപ്രായവ്യത്യാസങ്ങളെ സംവാദങ്ങൾക്ക് പകരം അക്രമഭീഷണിയിലൂടെ നേരിടുന്നത് ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമാണ്. മാനവികതയ്ക്കും പ്രതിഷേധാവകാശത്തിനും എതിരെ വിദ്വേഷപ്രചാരണം നടത്തിയ ടി.ജി. മോഹൻദാസിനെതിരെ കേസ് എടുത്ത് കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് കെ. ഷാജഹാനും സെക്രട്ടറി ടി.ടി. ജിസ്‌മോനും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.