ജോലി തേടി ഒമാനിലെത്തി, കിട്ടിയത് ദുരിതം; ഒമ്പത് മാസത്തിന് ശേഷം മലയാളി യുവതികൾ നാട്ടിൽ തിരിച്ചെത്തി

മസ്കത്ത്: വ്യാജ റിക്രൂട്ട്മെന്റിന്റെ പേരിൽ മാസങ്ങളോളം ദുരിതത്തിലായ രണ്ട് മലയാളി യുവതികളെ രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിലെത്തിച്ചു. പത്തനംതിട്ട റാന്നി സ്വദേശികളായ യുവതികളാണ് ജോലിത്തട്ടിപ്പിനിരയായത്. സാമൂഹിക പ്രവർത്തകൻ ഡോ. സജി ഉതുപ്പാന്റെ സമയോചിതമായ ഇടപെടലിൽ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

ജോലി തേടി കഴിഞ്ഞ നവംബറിലാണ് യുവതികൾ ഒമാനിലെത്തിയത്. റാന്നിയിലെ ഒരു ഏജൻസി മുഖേന ജോലി വാഗ്ദാനം ലഭിച്ചതിനെ തുടർന്ന് വലിയ തുക നൽകിയായിരുന്നു ഇവരുടെ യാത്ര. എന്നാൽ മസ്കത്തിലെത്തിയപ്പോഴാണ് തങ്ങൾ തൊഴിൽ വിസയിലല്ല, സന്ദർശക വിസയിലാണ് എത്തിയതെന്ന് ഇവർ തിരിച്ചറിഞ്ഞത്.

മസ്കത്തിലെ മറ്റൊരു ഏജന്റിന്റെ താമസസ്ഥലത്താണ് പിന്നീട് ഇവരെ പാർപ്പിച്ചത്. ഉടൻ ജോലി ശരിയാക്കാമെന്ന് പലതവണ ഉറപ്പുനൽകിയെങ്കിലും ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും നീണ്ടു. ജോലി മാത്രം ലഭിച്ചില്ല. ഇതിനിടെ സന്ദർശക വിസയുടെ കാലാവധിയും അവസാനിച്ചു. ഏകദേശം ഒമ്പത് മാസത്തോളം നിയമപരമായും സാമ്പത്തികമായും വലിയ പ്രതിസന്ധിയിലായിരുന്നു തങ്ങളെന്ന് യുവതികൾ പറയുന്നു.

മതിയായ ഭക്ഷണവും താമസസൗകര്യവും പോലും ലഭിക്കാതെ വന്നതോടെ ദുരിതം രൂക്ഷമായി. ഇതിനിടെ സർക്കാർ സ്ഥാപനത്തിൽ മെഡിക്കൽ ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് മറ്റെരു ഏജന്റ് വീണ്ടും പണം വാങ്ങിയതായും യുവതികൾ ആരോപിക്കുന്നു. ഇരുവരിൽ നിന്നുമായി ഏകദേശം ഏഴു ലക്ഷം രൂപ വീതം വാങ്ങിയതായും ഒരാളുടെ കൈവശമുണ്ടായിരുന്ന സ്വർണമാലയും വാങ്ങിയതായും പരാതിയിലുണ്ട്. വിസയും ജോലിയും ശരിയാക്കാമെന്ന ഉറപ്പിലായിരുന്നു പണം കൈപ്പറ്റിയതെന്നും യുവതികൾ ചൂണ്ടിക്കാട്ടി.

റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന്റെ ഓഫിസുമായി യുവതികളുടെ കുടുംബം ബന്ധപ്പെട്ടതോടെ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് ഡോ. സജി ഉതുപ്പാൻ ഒമാനിലെ ബന്ധപ്പെട്ട അധികൃതരുമായി അടിയന്തരമായി ഏകോപനം നടത്തി. യുവതികളെ താമസസ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റി റോയൽ ഒമാൻ പൊലീസ് ഷെൽട്ടർ ഹോമിലെത്തിച്ചു. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കി ഇരുവരെയും നാട്ടിലേക്ക് മടക്കി അയക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കി.

ഇതിനിടെ സമാനമായ മറ്റൊരു സംഭവത്തിലും അടിയന്തര ഇടപെടലുണ്ടായി. ബംഗളൂരുവിൽ നിന്നുള്ള 23 വയസ്സുകാരി സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലിലൂടെ ലഭിച്ച ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് ഒമാനിലെത്തി ദുരിതത്തിലായതായിരുന്നു സംഭവം.

സാമൂഹിക പ്രവർത്തകൻ നിയാസ് ചെണ്ടയാടിനൊപ്പം ഡോ. സജി ഉതുപ്പാൻ നടത്തിയ ഇടപെടലിലൂടെ യുവതിയെ സുരക്ഷിതമായ സാഹചര്യത്തിലേക്ക് മാറ്റുകയും ബന്ധപ്പെട്ട നിയമസംവിധാനങ്ങളുടെ സംരക്ഷണത്തിലാക്കുകയും ചെയ്തു. ഏതാനും ദിവസത്തിനുള്ളിൽ ആവശ്യമായ നടപടികൾ പൂർത്തിയാക്കി വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കി യുവതിയെയും സുരക്ഷിതമായി ബംഗളൂരുവിലേക്ക് മടക്കി അയച്ചു. വിദേശ ജോലി എന്ന സ്വപ്നവുമായി എത്തുന്നവരെ വ്യാജ വാഗ്ദാനങ്ങളിലൂടെ ചൂഷണം ചെയ്യുന്ന സംഭവങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളെന്ന് ഡോ. സജി ഉതുപ്പാൻ പറഞ്ഞു.

വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് റിക്രൂട്ട്മെന്റ് ഏജൻസിയുടെ നിയമപരമായ അംഗീകാരം, തൊഴിൽ വിസ, തൊഴിലുടമ, ജോലി സംബന്ധമായ രേഖകൾ എന്നിവ കൃത്യമായി പരിശോധിക്കണം. വിദേശ ജോലി എന്ന സ്വപ്നം ദുരിതത്തിന്റെ വാതിലായി മാറാതിരിക്കാൻ ഓരോരുത്തരും അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ റിക്രൂട്ട്മെന്റ് ശൃംഖലകൾക്കെതിരെ ഇന്ത്യയിലെയും കേരളത്തിലെയും ബന്ധപ്പെട്ട അധികാരികൾ ശക്തമായ പരിശോധനയും നിയമനടപടികളും സ്വീകരിക്കണമെന്നും വിദേശ ജോലി തേടുന്നവർ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾ വഴിയും ഔദ്യോഗിക സംവിധാനങ്ങൾ മുഖേനയും മാത്രം നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Tags:    
News Summary - Fake Recruitment Traps Indian Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.