തിരുവനന്തപുരം: മാസപ്പടി കേസിൽ റെയ്ഡ് നടത്തിയ ഇ.ഡി. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രകടമായത് കേരള പൊലീസിന്റെ നിർജീവാവസ്ഥയും സുരക്ഷാവീഴ്ചയും. സംഭവം ഇ.ഡിയും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഗൗരവമായാണ് കാണുന്നത്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കാറിൽ നിന്ന് റിപ്പോർട്ട് തേടും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഡി.ജി.പി രവാഡ ചന്ദ്രശേഖറിൽ നിന്ന് വിശദാംശം തേടി.
പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. സി.പി.എം പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ഇ.ഡി. ഡയറക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ, കേരള പൊലീസിന്റെ സഹായം തേടാതെയാണ് ഇ.ഡി. പരിശോധന നടത്തിയതെന്നും പൊലീസ് അറിഞ്ഞെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചതെന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണം.
മൂന്ന് ദിവസമായി തലസ്ഥാനത്ത് ക്രമസമാധാന നില തകിടം മറിക്കുകയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ആഭ്യന്തരവകുപ്പിനെ ‘പ്രതിക്കൂട്ടിലാക്കുന്ന’ നിലക്കാണ് കാര്യങ്ങൾ. ഭരണം മാറിയെങ്കിലും പൊലീസ് തലപ്പത്തും സ്റ്റേഷനുകളിലും തുടരുന്നത് എൽ.ഡി.എഫ് സർക്കാറിന്റെ കാലത്തെ ഉദ്യോഗസ്ഥർ തന്നെയാണ്. ഇന്നലെ അനിഷ്ടസംഭവങ്ങളുണ്ടായ സ്ഥലത്തെ എസ്.എച്ച്.ഒയാകട്ടെ എൽ.ഡി.എഫ് അനുകൂല പൊലീസ് ഓഫീസ് അസോസിയേഷൻ സംസ്ഥാന നേതാവും. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇ.ഡി. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടപ്പോൾ പത്ത് മിനിട്ടോളം പൊലീസിന് കാഴ്ചക്കാരായി നിൽക്കാനേ സാധിച്ചുള്ളൂ.
സ്ഥലത്ത് സംഘർഷമുണ്ടാകാനുള്ള സാധ്യത പൊലീസ് മുൻകൂട്ടി കണ്ടില്ലെന്ന വിമർശനം ഉയരുന്നുണ്ട്. മതിയായ പൊലീസിനെ വിന്യസിക്കുന്നതിൽ സിറ്റി പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായും വിമർശനമുണ്ട്. ആൾക്കൂട്ടത്തിനിടയിലേക്ക് ഇ.ഡിയുടെ വാഹനം കടത്തിവിട്ടതും സുരക്ഷാവീഴ്ചയായി വിലയിരുത്തപ്പെടുന്നു. അക്രമികളെ സംഭവസ്ഥലത്ത് നിന്ന് പിടികൂടാൻ സാധിക്കുമായിരുന്നിട്ടും അതിനും പൊലീസ് മുതിർന്നില്ലെന്ന ആക്ഷേപമുണ്ട്. സിറ്റി പൊലീസ് കമീഷനർ കെ. കാർത്തിക് അവധിയിലായതിനാൽ പകരം ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്ഥലത്തെത്താൻ താമസിച്ചതും വീഴ്ചയായി. താരതമ്യേന പരിചയ സമ്പന്നത കുറഞ്ഞ രണ്ട് ഡി.സി.പിമാരാണ് കാര്യങ്ങൾ നിയന്ത്രിക്കാൻ സ്ഥലത്തുണ്ടായിരുന്നത്.
പ്രതികളെ പിടികൂടാൻ സി.പി.എം പാളയം ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തിയ പൊലീസിനും ഒടുവിൽ നാണിച്ച് പിൻമാറേണ്ടിവന്ന നിലക്കാണ് കാര്യങ്ങൾ. പാർട്ടി ഓഫീസിനുള്ളിൽ പൊലീസിനെ കയറാൻ അനുവദിക്കില്ലെന്ന് മുൻമന്ത്രി വി. ശിവൻകുട്ടിയും വി. ജോയ് എം.എൽ.എയും നിലപാടെടുത്തപ്പോൾ കാഴ്ചക്കാരായി ഓഫീസിന് മുന്നിൽ നിൽക്കാനേ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ സാധിച്ചുള്ളൂ. ഒടുവിൽ സി.പി.എം നേതാക്കളുടെ കൃപയിൽ എന്നപോലെ അവർ വിട്ടുകൊടുത്ത പ്രവർത്തകരിൽ ചിലരെ അറസ്റ്റ് ചെയ്യേണ്ട ഗതികേടിൽ പൊലീസ് എത്തുന്നതാണ് കാണാൻ സാധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി പൊലീസിന് നേരെ എസ്.എഫ്.ഐയുടെ ഉൾപ്പെടെ നേതൃത്വത്തിൽ നടക്കുന്ന അതിക്രമങ്ങൾ സേനാംഗങ്ങൾക്കിടയിലും അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ശക്തമായ നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് അവരുടെ ആവശ്യം.
അതിനിടെ, ആക്രണത്തിൽ പരാതി നൽകി നിയമനടപടികൾ കടുപ്പിക്കാനാണ് ഇ.ഡിയുടെ തീരുമാനം. അതിന്റെ അടിസ്ഥാനത്തിലാണ് വധിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി റെയ്ഡിന് നേതൃത്വം നൽകിയ ഇ.ഡി. അസി. ഡയറക്ടറായ ആന്ധ്രാ സ്വദേശി സനത് റെഡ്ഡി പൊലീസിൽ പരാതി നൽകിയത്. കൃത്യനിർവ്വഹണം തടസപ്പെടുത്തി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്തതിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഇ.ഡി. തീരുമാനം.
ഇ.ഡി ക്കെതിരായ സി.പി.എം ആക്രമണം ലജ്ജാകരമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നിൽ വെച്ച് ഇ.ഡി ഉദ്യോഗസ്ഥർക്കും അവരുടെ വാഹനത്തിനും നേരെ നടന്ന ആക്രമണം ലജ്ജാകരമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ. ഉത്തരവാദിത്തങ്ങൾ നേരിടാനുള്ള സി.പി.എമ്മിന്റെ കടുത്ത വിമുഖതയെയാണ് തുറന്നുകാട്ടുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും അന്വേഷണം തടസ്സപ്പെടുത്തുന്നതും രാഷ്ട്രീയ പ്രതിഷേധമല്ല. അത് നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പതിവുപോലെ, തങ്ങളുടെ രാഷ്ട്രീയ ഇരട്ടയായ സി.പി.എമ്മിനെ സംരക്ഷിക്കാൻ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. രണ്ടല്ല ഒന്നാണ്. സത്യമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. ഒരു നേതാവോ പാർട്ടിയോ മുൻ മുഖ്യമന്ത്രിയോ നിയമത്തിന് അതീതരല്ല. ഭീഷണികളിലൂടെയോ അക്രമങ്ങളിലൂടെയോ രാഷ്ട്രീയ സമ്മർദ്ദത്തിലൂടെയോ നീതി അട്ടിമറിക്കപ്പെടില്ലെന്ന് എൻ.ഡി.എ ഉറപ്പാക്കുമെന്നും രാജീവ് ചന്ദ്രശേഖർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.