രമ്യ ഹരിദാസ് തുറന്നടിച്ചു; തനിക്കെതിരെ അപവാദ പ്രചാരണം, ഗൂഢാലോചന

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകർ തമ്മിലുണ്ടായ തമ്മിലടിയിൽ വിശദീകരണവുമായി സ്ഥലം എം.എൽ.എ രമ്യ ഹരിദാസ്. കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ് തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ആക്രമിച്ചതെന്നും ഇത് ആസൂത്രിതമായി ചെയ്തതാണെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ തന്നെക്കുറിച്ച് നടത്തിയ മോശം പ്രചാരണം ചോദ്യംചെയ്‌തതിനാണ് ആക്രമണം നടത്തിയത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറി തന്റെ കൈയ്യിൽ കടന്നു പിടിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലുണ്ടായ കോൺഗ്രസിലെ വിഭാഗീയതയിൽ താൻ നിഷ്‌പക്ഷത പാലിച്ചതാണ് ജില്ല പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്നും എം.എൽ.എ പറഞ്ഞു.

എം.എൽ.എ നൽകിയ പരാതിയിൽ ഏഴ് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്.സി, എസ്.ടി വകുപ്പ് അടക്കം ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

‘തനിക്കുനേരിട്ട ആക്രമണത്തിലും അപവാദ പ്രചാരണത്തിലും പാർട്ടിയുടെ ഭാഗത്തുനിന്നും സർക്കാറിന്റെ ഭാഗത്തുനിന്നും ഇടപെടൽ വേണമെന്നാണ് ആവശ്യം. ആഭ്യന്തര മന്ത്രിയിൽ നിന്ന് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ നിഷ്പക്ഷത പാലിച്ചതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ വൻ അപവാദപ്രചാരണമാണ് നേരിടേണ്ടിവന്നത്. പലതും പുറത്തുപറയാൻ കഴിയാത്തത്ത മോശമാണ്. നേരത്തെ ആഭ്യന്തര മന്ത്രിക്കും പാർട്ടിതലത്തിൽ ഷാഫി പറമ്പിലിനോടും പരാതി പറഞ്ഞിരുന്നു. എന്നാൽ, വേണ്ടത്ര ഇടപെടൽ ഉണ്ടായില്ല.’ -രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ എം.എൽ.എയുടെ ആരോപണങ്ങൾ വസ്തുതവിരുദ്ധമാണെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ് പറഞ്ഞു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് എം.എൽ.എയും സംഘവും തന്റെ വീട്ടിലെത്തി അതിക്രമം കാണിച്ചത്. താൻ എം.എൽ.എയെ വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അവർ സ്വന്തം നിലക്ക് വരികയാണുണ്ടായതെന്നും സജാദ് കൂട്ടിച്ചേർത്തു.

വീടിനടുത്തുള്ള സ്ഥാപനത്തിൽ നിൽക്കുമ്പോൾ ഭാര്യയെയും മകളെയും കാണണമെന്ന് പറഞ്ഞ് എം.എൽ.എയും സംഘവും തന്നെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു. തുടർന്ന് പോസ്റ്റ് മകളെക്കൊണ്ട് നിർബന്ധിച്ച് ഉറക്കെ വായിപ്പിക്കാൻ ഇവർ ശ്രമിച്ചതോടെയാണ് വീട്ടിൽ വലിയ തർക്കം ആരംഭിച്ചതെന്നും സജാദ് ആരോപിച്ചു.

മകളെക്കൊണ്ട് പോസ്റ്റ് വായിപ്പിക്കുന്നതിനെ താൻ എതിർത്തതോടെയാണ് രംഗം വഷളായത്. ആ സമയത്ത് കടന്നുവന്ന ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് എം.എൽ.എയുടെ ഇത്തരം പ്രവൃത്തികൾ മോശമാണെന്ന് ചൂണ്ടിക്കാണിച്ചു. ഇതോടെ കയ്യാങ്കളിയുണ്ടാവുകയും വീട്ടിലുണ്ടായിരുന്ന കസേരകളടക്കം അടിച്ചുതകർക്കുകയുമായിരുന്നു.

ഈ തർക്കത്തിനിടയിൽ രമ്യ ഹരിദാസ് മൊബൈലിൽ വീഡിയോ എടുത്ത വ്യക്തിയെയും ജില്ല പഞ്ചായത്ത് അംഗം സജിത്തിനെയും മർദിച്ചതായും സജാദ് ആരോപിച്ചു. അതിക്രമം കാണിച്ചതിനും നാശനഷ്ടങ്ങൾ വരുത്തിയതിനും സജാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പാർട്ടി കാര്യങ്ങളിൽ സാമൂഹ്യമാധ്യമത്തിലൂടെ അഭിപ്രായം പറഞ്ഞതിന് വീട്ടിൽ കയറി ഗുണ്ടാ സ്വഭാവത്തോടെ ആക്രമിച്ചതിനെതിരെ കെ.പി.സി.സി.ക്കും ഡി.സി.സി.ക്കും പരാതി നൽകുമെന്ന് സജാദ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.