തൃശൂർ പൂരം വെടിക്കെട്ടിന്റെ പ്രകമ്പനം ഭീഷണി പരാതിയിൽ ഹൈകോടതി വിശദ വാദം കേൾക്കും
കൊച്ചി: തൃശൂർ പൂരം വെടിക്കെട്ടിന്റെ പ്രകമ്പനങ്ങൾ ഭീഷണിയാണെന്ന പരാതിയിൽ ഹൈകോടതി വിശദ വാദം കേൾക്കും. പൈതൃക മന്ദിരമായ വടക്കുന്നാഥ ക്ഷേത്ര സമുച്ചയത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന ഹരജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നടപടി.
ക്ഷേത്രത്തിന്റെ സംരക്ഷണത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് വ്യക്തമാക്കിയ കോടതി ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ, തൃശൂർ പൂരം എക്സിബിഷൻ കമ്മിറ്റി എന്നിവരെ സ്വമേധയാ കക്ഷി ചേർത്തു. ഹരജി വീണ്ടും 23ന് പരിഗണിക്കും.
കഴിഞ്ഞ വർഷത്തെ വെടിക്കെട്ട് പുരാവസ്തു വകുപ്പിന്റെ അനുമതിയില്ലാതെ ക്ഷേത്രത്തോടു ചേർന്നാണ് നടത്തിയതെന്നും ഇത് ഗോപുരങ്ങൾക്കും കൂത്തമ്പലത്തിനും ബലക്ഷയമുണ്ടാക്കിയെന്നും ആരോപിച്ച് ഭക്തനായ എൻ.കെ. മോഹൻദാസ് ഓംബുഡ്സ്മാന് പരാതി നൽകിയിരുന്നു. വിഷയം ഓംബുഡ്സ്മാൻ ഹൈകോടതിയുടെ പരിഗണനക്ക് വിടുകയായിരുന്നു. വെടിക്കെട്ടിൽ സംഘാടകരുടെ ഭാഗത്ത് നിയമലംഘനമുണ്ടെങ്കിൽ നടപടിയെടുക്കാനും അമ്പലത്തിന് കേടുപാടുണ്ടാക്കിയാൽ നഷ്ടം തിരിച്ചുപിടിക്കാനും വ്യക്തമായ മാർഗരേഖ ആവശ്യമാണെന്ന് കോടതി വിലയിരുത്തി.
വെടിക്കെട്ട് മൂലം ഗോപുരങ്ങളുടെ ഓടുകൾ തകരുകയും കെട്ടിടങ്ങൾക്ക് വിള്ളലുണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് ദേവസ്വം അസി. എൻജിനീയറുടെ റിപ്പോർട്ടിലുണ്ട്. എന്നാൽ, സ്ഫോടനത്തിന്റെ പ്രകമ്പനം മൂലം ക്ഷേത്രത്തിന്റെ ഘടനക്ക് എത്രത്തോളം ആഘാതമുണ്ടായെന്ന് ശാസ്ത്രീയമായി പരിശോധിക്കാൻ ബോർഡിന് വൈദഗ്ധ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്ര പുരാവസ്തു വകുപ്പിനെ കക്ഷിചേർത്തത്.
വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങളുടെ അളവ്, അവ പൊട്ടിക്കേണ്ട ദൂരം, സുരക്ഷ മുൻകരുതലുകൾ എന്നിവയിൽ മാർഗനിർദേശമുണ്ടാകണം. ക്ഷേത്ര അറ്റകുറ്റപ്പണികൾക്കായി കൊച്ചിൻ ദേവസ്വം ബോർഡ് വലിയ തുക ചെലവാക്കുന്നുണ്ട്. എന്നാൽ, പൂരത്തിന്റെ സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഇതിൽ പങ്കുചേരുന്നില്ലെന്ന് ഓംബുഡ്സ്മാന്റെ റിപ്പോർട്ടിൽ നിരീക്ഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.