തിരുവനന്തപുരം: ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിൽ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയ ജൂറിക്ക് കടുത്ത ആശങ്ക. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് കാണുന്ന മാധ്യമമെന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകൾ കൂടുതൽ ഉത്തരവാദിത്തബോധം പുലർത്തണം.
നിലവാരമില്ലാത്ത എൻട്രി നിരവധി വരുന്നതിനാൽ പ്രാഥമിക സ്ക്രീനിങ് കമ്മിറ്റി അത്യാവശ്യമാണെന്ന് സമിതി ശിപാർശ ചെയ്തു. കൂടുതൽ വൈവിധ്യവും നിലവാരവുമുള്ള കലാസൃഷ്ടികൾ ആകർഷിക്കുന്നതിന് സിനിമയൊഴികെയുള്ള മുഴുവൻ ദൃശ്യാവിഷ്കാരങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തി സിനിമേതരവിഭാഗം എന്ന രീതിയിൽ സംസ്ഥാന ടെലിവിഷൻ അവാർഡ് കാലോചിതമായി പരിഷ്കരിക്കണം.
നവമാധ്യമ സൃഷ്ടികൾ, വെബ് സിരീസുകൾ, കാമ്പസ് ചിത്രങ്ങൾ, പരസ്യ ചിത്രങ്ങൾ തുടങ്ങിയവകൂടി നിശ്ചിത മാനദണ്ഡത്തിന് വിധേയമായി ഉൾപ്പെടുത്തി അവാർഡ് പ്ലാറ്റ്ഫോം വിപുലപ്പെടുത്തണം. എല്ലാ കാറ്റഗറികളിലെയും അവാർഡ് തുക വർധിപ്പിക്കുന്നത് മികച്ച സൃഷ്ടികൾ ലഭിക്കാനിടയാക്കുമെന്നതിനാൽ പുരസ്കാരതുക കാലോചിതമായി വർധിപ്പിക്കണം.
കഥാവിഭാഗത്തിൽ ആകെ 39 എൻട്രിയാണ് ലഭിച്ചത്. ടെലിസീരിയൽ വിഭാഗത്തിൽ ആറും ടെലിഫിലിം വിഭാഗത്തിൽ 14 ഉം ടി.വി ഷോ എൻറർടെയ്ൻമെൻറ് വിഭാഗത്തിൽ 11 ഉം കോമഡി വിഭാഗത്തിൽ എട്ടും എൻട്രി ലഭിച്ചു. ആർ. ശരത് ചെയർമാനും എസ്. ഹരീഷ്, ലെനകുമാർ, സുരേഷ് പൊതുവാൾ, ജിത്തു കോളയാട്, ചലച്ചിത്ര അക്കാദമി മെംബർ സെക്രട്ടറി സി. അജോയ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
അടച്ചിടൽ കാലത്ത് ദൃശ്യമാധ്യമ പ്രവർത്തകർക്ക് വലിയതോതിൽ പുറത്തിറങ്ങാൻ കഴിയാതിരുന്നതിെൻറ സകല പരിമിതികളും എൻട്രികളിൽ ഉണ്ടായിരുന്നെന്ന് കഥേതര വിഭാഗം ജൂറി വിലയിരുത്തി. സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും മറ്റും അവതരിപ്പിക്കപ്പെടുന്നവയെക്കൂടി ഉൾപ്പെടുത്തി അവാർഡ് പരിഷ്കരിക്കപ്പെടേണ്ടതാണെന്ന് സഞ്ജു സുരേന്ദ്രൻ െചയർമാനായ സമിതി വിലയിരുത്തി. ടെലിവിഷൻ പ്രമേയമാകുന്ന രചനകളുടെ കുറവ് ഗൗരവത്തോടെ കാണണമെന്ന് ഡോ. കെ. ഗോപിനാഥൻ ചെയർമാനായ രചനാവിഭാഗം ജൂറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.