തിരുവനന്തപുരം: ആസ്ഥാനം പണിയുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസവും കുരുക്കും ഒഴിവാക്കാൻ സാങ്കേതിക സർവകലാശാല ഫണ്ടിലെ പണം തന്നെ ഉപയോഗിക്കുന്നു. സർവകലാശാലയുടെ ആസ്ഥാനവും കാമ്പസും ഒരുക്കുന്നതിന് തിരുവനന്തപുരം വിളപ്പിൽശാലയിൽ 50 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 136 ഭൂവുടമകൾക്ക് തുക നൽകുന്നതിന് സർക്കാറിനു മുന്നിൽ സാമ്പത്തിക പ്രതിസന്ധി തടസ്സമായതോടെയാണ് തൽക്കാലം സർവകലാശാല തനത് ഫണ്ടിലെ ഉൾപ്പെടെയുള്ള 184.5 കോടി രൂപ വിട്ടുനൽകുന്നത്. ഈ തുക സർക്കാർ സർവകലാശാലക്ക് തിരിച്ചുനൽകാമെന്ന വ്യവസ്ഥയിലാണ് സിൻഡിക്കേറ്റ് അംഗീകാരത്തോടെയുള്ള നടപടി. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുക ഇതിനകം രണ്ടു ഘട്ടമായി സർവകലാശാല റവന്യൂ വകുപ്പിലേക്ക് അടച്ചുകഴിഞ്ഞു. ആദ്യഘട്ടമായി 51 ഭൂവുടമകൾക്ക് 32.4 കോടി രൂപ റവന്യൂ വകുപ്പ് കൈമാറും. ഇവരുടെ ഭൂമിയുടെ പ്രമാണങ്ങൾ റവന്യൂ അധികൃതരിൽനിന്ന് വ്യാഴാഴ്ച സർവകലാശാല വൈസ്ചാൻസലർ ഡോ.എം.എസ്. രാജശ്രീ ഏറ്റുവാങ്ങും. ഒരു മാസത്തിനകം മുഴുവൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കി 136 ഭൂവുടമകളിൽ നിന്നായി 50 ഏക്കർ വസ്തുവും സർവകലാശാല ഏറ്റുവാങ്ങുമെന്ന് വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ അറിയിച്ചു.
ഭൂമി ഏറ്റെടുക്കുന്നതോടെ സർവകലാശാല ആസ്ഥാനത്തിന്‍റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി തുടങ്ങാനാണ് തീരുമാനം. 500 കോടി ചെലവഴിച്ചുള്ളതാണ് ആദ്യഘട്ടം. മൊത്തം 1200 കോടി ചെലവഴിച്ചാണ് ആസ്ഥാനവും കാമ്പസും ഒരുക്കുന്നത്. ഇതിന് സർക്കാർ വിഹിതം ഉടൻ അനുവദിക്കുമെന്ന ഉറപ്പാണ് സർവകലാശാലക്ക് ലഭിച്ചത്. സാങ്കേതിക സർവകലാശാല കാമ്പസ് പദ്ധതി ഫെബ്രുവരിയിൽ സർക്കാറിന്‍റെ നൂറുദിന പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. വിളപ്പിൽ വില്ലേജിലെ ഒന്നാം ബ്ലോക്കിൽ ഉൾപ്പെട്ട 50 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 136 ഭൂവുടമകളെ ഉൾക്കൊള്ളിച്ചുകൊണ്ട് 2021 ഡിസംബർ 15ന് യൂനിവേഴ്സിറ്റി സമർപ്പിച്ച അലൈൻമെന്‍റ് പ്ലാൻ ഗവണ്മെന്‍റ് അംഗീകരിച്ചിട്ടുണ്ട്. സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെന്‍റ് തയാറാക്കിയ സാമൂഹികാഘാത പഠന റിപ്പോർട്ട് 2020ൽ ജില്ല കലക്ടർ അംഗീകരിച്ചതിനു ശേഷമാണ് ഏറ്റെടുക്കേണ്ട സ്ഥലത്തിന്‍റെ സർവേയും ഏറ്റെടുക്കൽ നടപടികളും തുടങ്ങിയത്. 2014ൽ സ്ഥാപിതമായ സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനം എട്ടു വർഷമായി തുരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് കാമ്പസിലെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.