വിദ്യാർഥിനിയെ ചൂരൽ കൊണ്ടടിച്ച അധ്യാപകന് സസ്പെൻഷൻ; ശാരീരികമായി ഉപദ്രവിക്കാനുള്ള അവകാശം അധ്യാപകർക്കില്ല -മന്ത്രി

തിരുവനന്തപുരം: ഇടയാറൻമുളയിൽ വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു.

എ.ഇ.ഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

അധ്യാപകർക്ക് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇടയാറന്മുള എരുമക്കാട് എൽ.പി സ്കൂൾ അധ്യാപകൻ മെഴുവേലി സ്വദേശി ബിനോജ് കുമാറാണ് കുട്ടിയെ ഉപദ്രവിച്ചത്. അധ്യാപകനെ നേരത്തെ അറസ്റ്റിലായിരുന്നു. ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും ജുവൈനൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്താണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഉച്ചയോടെയാണ്​ സംഭവം. ക്ലാസിൽവെച്ച് എഴുതാൻ നൽകിയ പാഠഭാഗങ്ങൾ എഴുതിയില്ലെന്ന് പറഞ്ഞ് ചൂരൽ കൊണ്ട്​ കൈയിൽ അടിക്കുകയായിരുന്നു. കുട്ടി വൈകീട്ട് വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. തുടർനന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

മുമ്പും ഈ അധ്യാപകൻ കുട്ടി​യോട്​ അതിക്രമം കാട്ടിയിട്ടുണ്ടെന്ന്​ രക്ഷിതാക്കൾ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. അഞ്ചു വർഷമായി ബിനോജ് ഇവിടെ അധ്യാപകനാണ്.

Tags:    
News Summary - Teacher suspended for caning student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.