കൊച്ചി: 50 കോടിയിലധികം കോടിക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശക്ക് ടി.ഡി.എസ് (ഉറവിടത്തിൽ നിന്ന് പിരിക്കുന്ന നികുതി) ബാധകമാക്കുന്നത് സംസ്ഥാനത്തെ സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കും. പ്രാഥമിക സംഘങ്ങൾക്കടക്കം ആദായ നികുതി ബാധകമാക്കി 2020ൽ കൊണ്ടുവന്ന നിയമ ഭേദഗതി ഹൈകോടതി ശരിവെച്ചതോടെയാണ് സഹകരണ സംഘങ്ങളുടെ ഭാവി ചോദ്യചിഹ്നമാകുന്നത്.
50 കോടിക്കപ്പുറമുള്ള ബിസിനസിന്റെ കാര്യത്തിൽ പ്രധാനമായും കേരള ബാങ്കാണ് നേരിട്ട് നികുതി ഘടനയിൽ ഉൾപ്പെടുകയെങ്കിലും സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലാകും. പ്രാഥമിക സഹകരണ സംഘങ്ങൾ അപെക്സ് സൊസൈറ്റിയായ കേരള ബാങ്കിന്റെ അക്കൗണ്ടിലാണ് വ്യക്തിപരമായ നിക്ഷേപകരിൽ നിന്നുള്ള പണം ഒന്നിച്ച് നിക്ഷേപിക്കുന്നത്. പ്രാഥമിക സംഘങ്ങൾക്ക് കേരള ബാങ്ക് വായ്പയും നൽകുന്നു. പ്രാഥമിക സംഘങ്ങളും അപെക്സ് സൊസൈറ്റിയും തമ്മിൽ നടത്തുന്ന ഇടപാടുകളിൽ പലിശയിലെ ചെറിയ വ്യത്യാസമാണ് ഇവയുടെ ലാഭകരമായ നിലനിൽപ്പിന് അടിസ്ഥാനം. നബാർഡ്, എൻ.സി.ഡി.സി പോലുള്ളവയിൽ നിന്ന് കേരള ബാങ്കിന് ലഭിക്കുന്ന വായ്പകളും ഈ ശൃംഖല ലാഭകരമായി നിലനിർത്തുന്നു.
50 കോടി ടേൺ ഓവർ പരിധിയുടെ പേരിൽ ലാഭത്തിന് നികുതി നൽകേണ്ട അവസ്ഥ വരുമ്പോൾ അടിസ്ഥാനപരമായി പ്രാഥമിക ബാങ്കിൽ പണം നിക്ഷേപിക്കുന്ന നിക്ഷേപകനും പരോക്ഷമായി നികുതി ബാധ്യതയുണ്ടാവും. അതേസമയം, നിക്ഷേപകന് വാഗ്ദാനം നൽകിയ പലിശ നൽകുന്ന ബാധ്യതയിൽ നിന്ന് ബാങ്കുകൾക്ക് ഒഴിവാകാനുമാകില്ല. ഇത് നൂറു കണക്കിന് പ്രാഥമിക സഹകരണ സംഘങ്ങളുടെ നിലനിൽപ് അപകടത്തിലാക്കും.
ടി.ഡി.എസ് ബാധകമാക്കിയ നടപടി ഹൈകോടതി ശരിവെച്ചത് കഴിഞ്ഞ മാസം 25നാണ്. അതിന് മുമ്പേ തന്നെ കേസിലെ നടപടികൾ ആരംഭിച്ചെങ്കിലും വിധി വന്ന ശേഷമുള്ള പ്രാബല്യം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ കഴിഞ്ഞ മാസങ്ങളിലെ ടി.ഡി.എസ് ബാധ്യതയിൽ നിന്ന് ഒഴിവായെങ്കിലും ഈ മാസം മുതൽ ടേൺ ഓവർ കണക്കാക്കി ടി.ഡി.എസ് പിടിക്കാൻ 50 കോടിക്ക് മുകളിൽ ബിസിനസ് നടത്തുന്ന പ്രാഥമിക സഹകരണ സംഘങ്ങളടക്കം ബാധ്യസ്ഥരാണ്. നിക്ഷേപത്തിന് പലിശ കുറച്ചും വായ്പക്ക് പലിശ കൂട്ടിയും മാത്രമേ ഈ അവസ്ഥയെ മറികടക്കാനാവൂവെന്നാണ് വിലയിരുത്തൽ.
എന്നാൽ, നിലവിൽ സഹകരണ സ്ഥാപനങ്ങളിൽ മറ്റ് ധനകാര്യ സ്ഥാപനങ്ങളേക്കാൾ പലിശ കൂടുതലാണ്. വായ്പ നടപടിക്രമങ്ങൾ ലളിതമായതാണ് ആളുകളെ സഹകരണ സ്ഥാപനങ്ങളിലേക്ക് ആകർഷിച്ചിരുന്നത്. എന്നാൽ, 10 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് റവന്യൂ ഉദ്യോഗസ്ഥർ വാല്യുവേഷൻ നടത്തണമെന്നതടക്കം ചില നിയമങ്ങൾ എളുപ്പത്തിൽ വായ്പ ലഭിക്കുമെന്ന അനുകൂല ഘടകത്തിനും തിരിച്ചടിയായിരിക്കുകയാണ്.
കിടപ്പാടം ജപ്തി ചെയ്യാനാവില്ലെന്ന നിയമം വന്നതോടെ കിടപ്പാടമല്ലാത്ത മറ്റ് ആസ്ഥികൾ കൂടി ഉള്ളവർക്ക് മാത്രമേ വായ്പ അനുവദിക്കുന്നുള്ളൂ. മുമ്പ് ചില സംഘങ്ങൾക്ക് നികുതി ബാധകമാക്കിയത് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ വരെ നിയമ പോരാട്ടം നടത്തിയാണ് നികുതി ഇളവ് നേടിയത്. നികുതി ചുമത്താൻ മതിയായ നിയമങ്ങൾ നിലവിലില്ലാതിരുന്നതാണ് അന്ന് ഗുണകരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.